ഷൊര്‍ണൂര്‍: പൊലീസിനെ പൊതുവെ മലയാളികള്‍ക്ക് പേടിയാണ്. കാക്കി കാണുമ്പോഴേ സ്‌കൂട്ടാകും. ചില വില്ലന്മാരൊഴികെ. പക്ഷേ പൊലീസുകാര്‍ക്കും പേടിയുണ്ടെന്ന കാര്യം പലരും ഓര്‍ക്കാറില്ല. അതുവിശേഷിച്ചും 'എടുത്തുചാട്ടക്കാരായ' പ്രതികളെയാണ് പൊലീസിന് പേടി. കയ്യാമം വച്ചും വയ്ക്കാതെയും കോടതികളിലേക്കും ജയിലിലുകളിലേക്കും കൊണ്ടുപോകേണ്ടത് 'പാവം' പൊലീസുകാരാണല്ലോ. പലപ്പോഴും ഒന്നോ രണ്ടോ പൊലീസുകാരെ പ്രതികളെ കൂട്ടാന്‍ കാണുകയുളളു. കോടതിയായാലും, ജയിലായാലും ലക്ഷ്യസ്ഥാനത്ത് എത്തിക്കും വരെ ഉളളില്‍ ടെന്‍ഷനാണ്. ലെവനെങ്ങാനും ചാടി പോയാല്‍ പിന്നത്തെ പുകിലൊന്നും പറയാനില്ലല്ലോ. സദാ ജാഗരൂകരാണെങ്കിലും ചിലപ്പോഴൊക്കെ പറ്റിപോകും, പിഴവ്. അങ്ങനെയൊരു സംഭവമാണ് ഷൊര്‍ണൂരില്‍ നാലുദിവസം ദിവസം മുമ്പ് ഉണ്ടായത്.

കാസര്‍കോട് നിന്ന് ആലുവ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുകയായിരുന്നു പ്രതിയെ. പേര് സനീഷ്. സനീഷ് മനസ്സില്‍ കണ്ടത് പൊലീസുകാര്‍ക്ക് മാനത്ത് കാണാനായില്ല. ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിലെത്തിയപ്പോള്‍ സനീഷ് ഐഡിയ വര്‍ക്കൗട്ട് ചെയ്തു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കടന്നുപോയ മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്സ്പ്രസിലാണ് സംഭവം.

പ്രതിക്ക് രണ്ട് പോലീസുകാരാണ് അകമ്പടിയായി ഉണ്ടായിരുന്നത്. പാലം അടുക്കാറായപ്പോള്‍ സനീഷിന് ഒന്നിന് പോകണം. ശൗചാലയത്തില്‍ പോകാനായി പ്രതിയുടെ ഒരു കൈയിലെ വിലങ്ങ് പോലീസുകാര്‍ അഴിച്ചുകൊടുത്തു. വാതിലിന് സമീപമായിരുന്നു അവരപ്പോള്‍. പാലത്തിന് മുകളിലെത്തിയതോടെ സനീഷ് പുഴയിലേക്ക് എടുത്തുചാടി. ട്രെയിനിന്റെ വേഗത കുറയുന്നത് കണ്ട പ്രതി പുഴയിലേക്ക് ചാടുകയായിരുന്നു. പൊലീസുകാരുണ്ടോ വിടുന്നു. അവരും പുറകെ ചാടി.

പുഴയില്‍ വെള്ളം കുറവായത് രക്ഷയായി. സനീഷിനെ വളരെ വേഗം പൊലീസുകാര്‍ക്ക് പിടികൂടാനായി. വെള്ളത്തില്‍ വെച്ച് പ്രതിക്ക് അപസ്മാരബാധയുമുണ്ടായത് മറ്റൊരു ട്വിസ്റ്റ്. ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികില്‍സക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

ഏന്തായാലും പൊലീസുകാരുടെ 'എടുത്തുചാട്ടം' ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. സസ്‌പെന്‍ഷന്‍ പേടിച്ച് ഇങ്ങനെ മരണസാഹസം ഒന്നും കാണിക്കരുതെന്നാണ് ചിലരുടെ ഉപദേശം .തന്‍സീം ഇസ്‌മെയില്‍ എന്നയാളുടെ പോസ്റ്റ് വായിക്കാം.

കഴിഞ്ഞ ദിവസം ഷൊര്‍ണ്ണൂരില്‍ അവിശ്വസനീയമായ ഒരു സംഭവം നടന്നു. ഷൊര്‍ണ്ണൂര്‍ പാലത്തിലൂടെ കടന്ന് പോയിരുന്ന ട്രെയിനില്‍ നിന്നും ഒരാള്‍ താഴെ ഭാരതപ്പുഴയിലേക്ക് ചാടി. ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ ഒരു റിമാന്‍ഡ് പ്രതിയായിരുന്നു കക്ഷി. മൂത്രമൊഴിക്കാന്‍ വിലങ്ങ് അഴിച്ചു കൊടുത്തപ്പോഴായിരുന്നു ഒരു കയ്യില്‍ വിലങ്ങുമായി ടിയാന്റെ ഈ അഭ്യാസം.

എന്നാല്‍ പിന്നീട് സംഭവിച്ചതോ.. കൂടെയുണ്ടായിരുന്ന രണ്ട് പോലീസ്‌കാരും പുറകേ പുഴയിലേക്ക് എടുത്ത് ചാടി! എന്റെ അറിവില്‍ അടുത്ത കാലത്തൊന്നും ട്രെയിനില്‍ നിന്നും പുഴയില്‍ വീണവരോ മനപ്പൂര്‍വം ചാടിയവരോ ആരുംതന്നെ രക്ഷപെട്ടിട്ടില്ല. എന്തായാലും ഇവിടെ മൂവരും രക്ഷപ്പെട്ടു. ഒടുവില്‍ ഒരു ആന്റിക്ലൈമാക്‌സും. ആദ്യം ചാടിയ പ്രതിക്ക് വെള്ളത്തില്‍ വെച്ച് അപസ്മാര ബാധയുണ്ടായി. അതോടെ നീന്തി രക്ഷപെടാന്‍ സാധിക്കാതിരുന്ന അയാളെ പുറകേ ചാടിയ പോലീസുകാര്‍ രക്ഷിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജിലാക്കി.

കൂടി വന്നാല്‍ മൂന്ന് മാസത്തെ സസ്പെന്‍ഷന്‍. അത് പേടിച്ച് ഇങ്ങനെ മരണ സാഹസമൊന്നും കാണിക്കരുതെന്നേ പൊലീസ്‌കാരോട് പറയാനുള്ളൂ. ഇതൊരുമാതിരി 'ജീവിക്കാനായി മരിക്കാന്‍ പോലും തയ്യാറാണ്' എന്ന് പറഞ്ഞ പോലെയായി...