റായ്പൂര്‍: രാജ്യത്തെ തന്നെ നടുക്കിയ സംഭവം ആയിരുന്നു കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പിന്നാലെ രക്ഷിക്കാൻ ശ്രമിച്ച പിതാവിനെയും നാലു വയസുകാരി സഹോദരിയെയും പ്രതികൾ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഛത്തീസ്ഗലാണ് നാടിനെ തന്നെ നടുക്കിയ അരുംകൊല അരങേറിയത്. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് ശിക്ഷാവിധി കോടതി പുറപ്പെടുവിപ്പിച്ചിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷയും ഒരാൾക്ക് ജീവപര്യന്തം തടവിന് വിധിച്ചു. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലെ അതിവേഗ വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

2021 ജനുവരി 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 16 കാരിയായ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കല്ലു കൊണ്ട് അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛനെയും ഒപ്പം ഉണ്ടായിരുന്ന നാലു വയസുള്ള സഹോദരിയെയും പ്രതികൾ അതിക്രൂരമായി കൊലപ്പെടുത്തിയിരുന്നു.

പ്രതികളായ സാന്ത്രം മജ്വാര്‍ (49), അബ്ദുള്‍ ജബ്ബാര്‍ (34), അനില്‍ കുമാര്‍ സാര്‍ത്തി (24), പര്‍ദേശി റാം (39), ആനന്ദ് റാം പണിക (29) എന്നിവര്‍ക്കാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി മമത ഭോജ്വാനി വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 302 (കൊലപാതകം), 376 (2) ജി (കൂട്ടബലാത്സംഗം), പോക്‌സോ, എസ് സി-എസ് ടി അതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ.

അതേസമയം കേസിലെ മറ്റൊരു പ്രതിയായ ഉമാശങ്കര്‍ യാദവിനെ (23) ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളതിനാലാണ് ഇയാളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്. അതിക്രൂരവും മനുഷ്യത്വരഹിതവും നീചവുമായ പ്രവൃത്തിയാണ് പ്രതികളുടേതെന്നും കോടതി അഭിപ്രായപ്പെടുകയായിരുന്നു.

പിതാവിനെയും സഹോദരിയേയും കാണാനില്ലെന്ന് കൊല്ലപ്പെട്ടയാളുടെ മകന്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറം ലോകം അറിയുന്നത്. തുടർന്ന് പ്രതികൾ പിടിയിലാവുകയായിരുന്നു. മുഖ്യപ്രതിയായ സാന്ത്രം മജ്വാര്‍ മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ കന്നുകാലി മേയ്ക്കല്‍ ജോലി ചെയ്തിരുന്നു. പെണ്‍കുട്ടിയെ രണ്ടാം ഭാര്യയാക്കാന്‍ മജ്വാര്‍ ശ്രമിച്ചിരുന്നു.

ഇതിനായി ഇയാള്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. പക്ഷെ പെണ്‍കുട്ടിയും വീട്ടുകാരും അതിന് വഴങ്ങിയില്ല. ഈ വൈരാഗ്യത്തിലാണ് പ്രതിയും കൂട്ടാളികളും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെയും നാലു വയസ്സുള്ള കുട്ടിയേയും അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. 2021 ജനുവരി 29നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.ഇത് തികച്ചും മനുഷ്യത്വരഹിതവും ദയയില്ലാത്തതുമായ നടപടിയാണെന്ന് വിധി പ്രസ്‌താവത്തിനിടെ ജസ്റ്റിസ് മമത ചൂണ്ടിക്കാട്ടി. ഭീരുത്വവും പൈശാചികവുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാമപൂര്‍ത്തിക്ക് വേണ്ടി നിരപരാധികളായവരെ കൊന്ന് തള്ളിയിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.

ഇത് സമൂഹത്തിന്‍റെ പൊതുബോധത്തെ തന്നെ മുറിപ്പെടുത്തി. പ്രതികള്‍ ഒരുപട്ടികവര്‍ഗ കുടുംബത്തിലെ മൂന്ന് പേരെ കൊന്നു. ഒരു പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തുമാണ് കൊലപ്പെടുത്തിയതെന്നും കോടതി നിരീക്ഷിച്ചു. അത് കൊണ്ട് തന്നെ പ്രതികള്‍ക്ക് ജീവപര്യന്തത്തില്‍ കുറഞ്ഞൊരു ശിക്ഷയും വിധിക്കാന്‍ ഈ കോടതിക്കാകില്ലെന്നും അവര്‍ പറഞ്ഞു.

അന്ന് പരാതി കിട്ടി നാല് മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയും മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അവരില്‍ നിന്ന് ശേഖരിക്കുകയും ചെയ്‌തു. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പെൺകുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു.

അതേസമയം, കൊൽക്കത്തയിൽ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലും ശിക്ഷ വിധി പുറപ്പെടുവിപ്പിച്ചു. ആർ.ജികർ മെഡിക്കൽ കോളജിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. അര ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. അഡീഷണൽ സെഷൻസ് ജഡ്ജി അനിരംഭൻ ദാസാണ് കേസിൽ ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റ് ഒമ്പതിനാണ് ആർ.ജികർ മെഡിക്കൽ കോളജിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.

പെൺകുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ സുരക്ഷ സംസ്ഥാന സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന നിർണായക നിരീക്ഷണവും കോടതി നടത്തി. ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിക്ക് പറയാനുള്ള കാര്യങ്ങൾ കോടതി കേട്ടിരുന്നു.

താൻ നിരപരാധിയാണെന്നും കേസിൽ പെടുത്തിയതാണെന്നും പൊലീസ് ക്രൂരമായി മർദിച്ചുവെന്നും സഞ്ജയ് റോയ് കോടതിയിൽ പറഞ്ഞു. കഴുത്തിൽ രുദ്രാക്ഷം ധരിക്കുന്നയാളാണ് തനിക്ക് ഇത്തരത്തിൽ ഒരു കുറ്റകൃത്യം ചെയ്യാൻ സാധിക്കില്ലെന്നും പ്രതി സഞ്ജയ് റോയി കോടതിയിൽ പറഞ്ഞു.

നിർഭയ കേസിന് സമാനമായി പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് വിലയിരുത്തിയാണ് കോടതി പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.