മ്യൂൺസ്റ്റർ: ജർമ്മനിയിലെ ഓട്ടോബാനിൽ അതിവേഗത്തിൽ വാഹനം ഓടിക്കുന്നതിനിടെ കാറിനുള്ളിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട ദമ്പതികൾ അറസ്റ്റിൽ. 90 മൈൽ (145 കിലോമീറ്റർ) വേഗതയിൽ ഓടിക്കൊണ്ടിരുന്ന ഫോർഡ് കാറിനുള്ളിൽ വെച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ട ഇവരുടെ അശ്രദ്ധമായ ഡ്രൈവിംഗ് കാരണം വലിയ അപകടം ഉണ്ടാകേണ്ടതായിരുന്നു. തിങ്കളാഴ്ച ഡോർട്ട്‌മുണ്ടിന് സമീപം എ1 ഓട്ടോബാനിലാണ് സംഭവം.

യാത്രക്കാരായിരുന്ന 37-കാരനായ ഡ്രൈവറും 33-കാരിയായ യുവതിയും വാഹനത്തിനുള്ളിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരിക്കുന്നതായി കാറിനടുത്തുകൂടി വാഹനത്തിൽ പോയ ഒരാൾ കണ്ടിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കാർ നിരന്തരം റോഡിൽ നിന്ന് തെന്നിമാറുന്നതായും, ഒരു ഘട്ടത്തിൽ വലതുവശത്തേക്ക് അമിതമായി വെട്ടിത്തിരിച്ചപ്പോൾ ഒരു ട്രക്ക് പോലും റോഡരികിൽ നിർത്തേണ്ടി വന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. മ്യൂൺസ്റ്ററിന് പുറത്തുള്ള ഒരു പെട്രോൾ സ്റ്റേഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഡ്രൈവർക്കെതിരെ റോഡ് ഗതാഗതത്തിന് അപകടകരമായ രീതിയിൽ തടസ്സമുണ്ടാക്കി എന്ന കുറ്റം ചുമത്തിയിട്ടുണ്ട്. ജർമ്മൻ ക്രിമിനൽ നിയമത്തിലെ സെക്ഷൻ 315b പ്രകാരം, കുറ്റം തെളിയിക്കപ്പെട്ടാൽ അദ്ദേഹത്തിന് അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്നതാണ്.

വേഗത പരിധിയില്ലാത്ത റോഡുകളുള്ളതിന്റെ പേരിൽ പ്രശസ്തമാണ് ജർമ്മൻ ഓട്ടോബാൻ. ജർമ്മനിയിലെ ഓട്ടോബാൻ സംവിധാനം വേഗത പരിധിയില്ലാത്ത റോഡുകൾക്ക് പേരുകേട്ടതാണെങ്കിലും, ഏകദേശം 30 ശതമാനം റോഡുകളിലും വേഗത പരിധിയുണ്ട്. ട്രാഫിക് സുഗമമാക്കുന്നതിനായി 9 ശതമാനം റോഡുകളിൽ പ്രത്യേക സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങളിലും അപകടസാധ്യത കൂടുതലുള്ള ഭാഗങ്ങളിലും കർശനമായ വേഗത പരിധികൾ നിലവിലുണ്ട്.

കഴിഞ്ഞ ജൂലൈയിൽ, ഓട്ടോബാനിൽ 200 മൈൽ (ഏകദേശം 322 കിലോമീറ്റർ) വേഗതയിൽ വാഹനം ഓടിച്ച ഒരാളെ പോലീസ് പിടികൂടിയിരുന്നു. ഇത് അനുവദനീയമായതിലും 124 മൈൽ (ഏകദേശം 200 കിലോമീറ്റർ) അധികമായിരുന്നു. ബെർലിന് പടിഞ്ഞാറ് ഭാഗത്തുള്ള എ2 ഹൈവേയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. പൊലീസിന്റെ റഡാർ സംവിധാനമാണ് ഇവരെ കണ്ടെത്താൻ സഹായിച്ചത്. ഈ സംഭവത്തിൽ 900 യൂറോ പിഴയും മൂന്നുമാസത്തെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കലും ലഭിച്ചിരുന്നു.