- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ്സിൽ യാത്രക്കാരന്റെ കൈയിൽ ഏൽപ്പിച്ച കുഞ്ഞിനെ മറന്ന് ദമ്പതികൾ; രണ്ടുസ്റ്റോപ്പുകളിലായി ഇറങ്ങി ആകെ ആശയക്കുഴപ്പവും; ആളെ കാണാതെ വിഷമിച്ച് യുവാവായ യാത്രക്കാരനും; ഒടുവിൽ തർക്കവും; കാസർകോട്ടെ സംഭവം ഇങ്ങനെ
കാസർകോട്: ബസ്സിൽ യാത്രക്കാരന്റെ കൈയിൽ ഏൽപ്പിച്ച കുഞ്ഞിനെ ദമ്പതികൾ മറന്നുപോയതോടെ പരിഭ്രാന്തിയുടെ നിമിഷങ്ങൾ. മറ്റുരണ്ടു മക്കളുമായി ദമ്പതികൾ രണ്ടുസ്റ്റോപ്പുകളിലായി ബസിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇറങ്ങേണ്ട സ്ഥലമായിട്ടും കുഞ്ഞിനെ ഏറ്റുവാങ്ങാൻ അമ്മ എത്താത്തതിനെ തുടർന്ന് വലഞ്ഞ യാത്രക്കാരൻ കുട്ടിയെ പൊലീസിനെ ഏൽപ്പിച്ചു. പിന്നീട് മാതാപിതാക്കളെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി.
കഴിഞ്ഞ ദിവസം, സന്ധ്യയോടെ കാസർകോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത് ഒരു വയസു പ്രായമുള്ള പെൺകുഞ്ഞും മറ്റു രണ്ടുകുട്ടികളുമായാണ് ദമ്പതികൾ ഉപ്പളയിൽ നിന്നു ബസ് കയറിയത്. ഇരിക്കാൻ സീറ്റു കിട്ടാത്തതിനാൽ ഒരുവയസുപ്രായമുള്ള പെൺകുഞ്ഞിനെ ഇരുന്നു യാത്ര ചെയ്തിരുന്ന യാത്രക്കാരനെ ഏൽപ്പിച്ചു.
മുട്ടത്തേക്കാണ് ദമ്പതികൾ ടിക്കറ്റെടുത്തിരുന്നത്. ബസ് ബന്തിയോട് എത്തിയപ്പോൾ ഒരു കുഞ്ഞുമായി ഭർത്താവ് ഇറങ്ങി. ഇറങ്ങിയതിനു ശേഷമാണ് ഭാര്യയും മറ്റു രണ്ടു മക്കളും ഇല്ലെന്ന് അറിഞ്ഞത്. ഭർത്താവ് ഇറങ്ങിയ കാര്യം ഭാര്യയും അറിഞ്ഞിരുന്നില്ല. ബസ് മുട്ടത്തെത്തിയപ്പോൾ യാത്രക്കാരനെ ഏൽപ്പിച്ചിരുന്ന കുഞ്ഞിനെയെടുക്കാതെ രണ്ടാമത്തെ കുട്ടിയെയും കൊണ്ട് മാതാവും ഇറങ്ങി. കുഞ്ഞ് ഭർത്താവിന്റെ കൂടെ ഉണ്ടാകുമെന്നാണ് ഭാര്യ കരുതിയിരുന്നത്.
എന്നാൽ ഭർത്താവിനെ കാണാത്തതിനെ തുടർന്ന് യുവതി ബഹളം വെച്ചു ആൾക്കാർ ഓടിക്കൂടിയെങ്കിലും അപ്പോഴേക്കും ബസ് കുമ്പളയിൽ എത്തിയിരുന്നു. കുഞ്ഞിനെ ഏൽപ്പിച്ച ആളിനെ കാണാതെ യുവാവും കുഴങ്ങി. കുഞ്ഞുമായി ബസ് സ്റ്റാൻഡിൽ ഇറങ്ങി സ്ഥലത്ത്
ഉണ്ടായിരുന്നവരോട് വിവരം പറഞ്ഞു. ഇതിനിടയിൽ കുഞ്ഞിനെ തേടി രണ്ടു പേർ ബൈക്കുമായെത്തി. എന്നാൽ കുഞ്ഞിനെ തരാൻ കഴിയില്ലെന്നും പൊലീസിനെ ഏൽപ്പിക്കുകയാണെന്നും യുവാവ് വ്യക്തമാക്കി. ഇതേ ചൊല്ലി തർക്കം ഉണ്ടായതോടെ പൊലീസെത്തി കുഞ്ഞിനെ കസ്റ്റഡിയിലെടുത്തു. ഒടുവിൽ മാതാപിതാക്കൾ എത്തി കുഞ്ഞിനെ ഏറ്റെടുത്തതോടെയാണ് മണിക്കൂറുകൾ നീണ്ട സംഭവ വികാസങ്ങൾക്ക് തിരശ്ശീല വീണത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്