ലണ്ടന്‍: ബ്രിട്ടനിലെ ഹാംഷെയറിലെ ദമ്പതികള്‍ തങ്ങളുടെ വീടിന് പിന്നിലുള്ള പൂന്തോട്ടത്തിലെ കളപറിച്ച് വൃത്തിയാക്കാന്‍ തീരുമാനിക്കുമ്പോള്‍ ഒരിക്കലും ഓര്‍ത്തു കാണില്ല വിലമതിക്കാനാകാത്ത നിധിശേഖരമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന്. മൂന്ന് കോടിയോളം രൂപ വില മതിക്കുന്ന സ്വര്‍ണ നാണയങ്ങളാണ് അവര്‍ക്ക് ഇവിടെ നിന്ന് കിട്ടിയത്. വീടിന്റെ പൂന്തോട്ടത്തിന്റെ അടിഭാഗത്ത് കളിമണ്ണിന്റെ കൂട്ടങ്ങളില്‍ നിന്ന് 70 ട്യൂഡര്‍ നാണയങ്ങളുടെ ശേഖരമാണ് ഭര്‍ത്താവും ഭാര്യയും കണ്ടെത്തിയത്.

ചെളി തുടച്ചുമാറ്റി നാണയങ്ങള്‍ പരിശോധിക്കുമ്പോഴാണ് അവ എത്ര ശ്രദ്ധയോടെയാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന ലേലത്തിലാണ് ഇവ വില്‍ക്കുന്നത്. ആദ്യകാല നാണയങ്ങള്‍ 1420-കളിലെ ഹെന്റി ആറാമന്‍ രാജാവിന്റെ കാലത്തേതാണ്. എന്നാല്‍ അവയില്‍ വലിയൊരു ഭാഗം 1530-കളിലും ഹെന്റി എട്ടാമന്റെ കാലത്തും ഉള്ളവയാണ്. ചില നാണയങ്ങളില്‍ ഹെന്റിയുടെ രണ്ട് ഭാര്യമാരായ കാതറിന്‍ ഓഫ് അരഗോണിന്റെയും ജെയ്ന്‍ സെയ്‌മോറിന്റെയും ആദ്യാക്ഷരങ്ങള്‍ അടങ്ങിയിരിക്കുന്നു.

ചരിത്രപ്രസിദ്ധമായ ക്രൈസ്റ്റ്ചര്‍ച്ച് പ്രിയോറിക്ക് സമീപമുള്ള ഹാന്റ്സിലെ മില്‍ഫോര്‍ഡ്-ഓണ്‍-സീയിലാണ് ഇവ കണ്ടെത്തിയത്. ഹെന്റി എട്ടാമന്‍ മഠങ്ങളും കത്തോലിക്കാ പ്രിയോറികളും പിരിച്ചുവിട്ട സമയത്ത് ഏതോ പള്ളി പുരോഹിതന്‍ ഈ നിധിശേഖരം സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി കുഴിച്ചിടുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

നിധി ലഭിച്ച ദമ്പതിമാര്‍ തങ്ങളുടെ പേര് വിവരങ്ങള്‍ പുറത്തു വിടരുത് എന്നാവശ്യപ്പെട്ട് 2020 ല്‍ നാണയങ്ങള്‍ ലഭിച്ച വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി കാരണം ഒരു മ്യൂസിയത്തിനോ സ്ഥാപനങ്ങള്‍ക്കോ അത് വാങ്ങാന്‍ കഴിയാത്തതിനാല്‍ ദമ്പതികള്‍ക്ക് നിധി തിരികെ നല്‍കുകയായിരുന്നു. നാണയങ്ങള്‍ ഇപ്പോള്‍ സൂറിച്ചില്‍ നടക്കുന്ന ഡേവിഡ് ഗസ്റ്റ് ന്യൂമിസ്മാറ്റിക്സിന്റെ ലേലത്തില്‍ വെക്കാന്‍ ഒരുങ്ങുകയാണ്. നവംബര്‍ 5 നാണ് വില്‍പ്പന നടക്കുന്നത്.