കോട്ടയം: ശബരിമല തീർത്ഥാടനത്തിന്റെ സുപ്രധാന ഇടത്താവളമായ എരുമേലിയിൽ കെഎസ്ആർടിസി ബസ് ഓപ്പറേറ്റിങ് സെന്ററും സ്റ്റാൻഡും പ്രവർത്തിക്കുന്ന ഭൂമി മൂന്നു മാസത്തിനകം ഒഴിഞ്ഞുകൊടുക്കാൻ പാലാ സബ് കോടതിയുടെ നിർണ്ണായക വിധി. സ്ഥലത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ടു പൊൻകുന്നം ചിറക്കടവ് വൃന്ദാവൻ വീട്ടിൽ ഗോപി രാജഗോപാലും മക്കളും നൽകിയ ഹർജിയിലാണു സബ് ജ‍ഡ്ജ് രാജശ്രീ രാജഗോപാലിന്റെ ഉത്തരവ്.

1977-ൽ, ശബരിമല തീർത്ഥാടന കാലത്തെ ഗതാഗത സ്തംഭനം ലഘൂകരിക്കുന്നതിനുള്ള ഒരു താൽക്കാലിക പരിഹാരം എന്ന നിലയിൽ, ഗോപി രാജഗോപാലിന്റെ പരേതനായ ഭർത്താവ് പി.ആർ. രാജഗോപാൽ ഈ ഭൂമി കെഎസ്ആർടിസിക്ക് വാക്കാൽ അനുവദിച്ചതായിരുന്നു. എന്നാൽ, പിന്നീടത് സ്ഥിരം സംവിധാനമായി മാറുകയായിരുന്നു. സ്ഥലം തിരിച്ചുകിട്ടണമെന്നു പലതവണ ആവശ്യപ്പെട്ടെങ്കിലും ഒഴിയാൻ കെഎസ്ആർടിസി തയാറായില്ല.

ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർ‌ഡിന്റെ ഭൂമിയിൽ പാട്ടത്തിനാണെന്നും ബോർഡിന് 1,000 രൂപ വാർഷിക നിരക്കായി നൽകുന്നുണ്ടെന്നും കെഎസ്ആർടിസി വാദിച്ചു. എന്നാൽ, 1996-ൽ പി.ആർ. രാജഗോപാലിന്റെ പേരിൽ ഭൂമിക്ക് പട്ടയം അനുവദിച്ചപ്പോൾ, ദേവസ്വം ബോർഡ് നൽകിയ അപ്പീലിൽ ഇത്തരമൊരു പാട്ടക്കരാർ ഹാജരാക്കിയിരുന്നില്ല എന്നായിരുന്നു ഹർജിക്കാരുടെ വാദം.

സംസ്ഥാനത്ത് ജനങ്ങൾ നിർമിച്ച ആദ്യ കെഎസ്ആർടിസി ഓപ്പറേറ്റിങ്ങ് സെന്റർ ആണ് എരുമേലിയിലേത്. ഇടയ്ക്ക് നഷ്ടം മൂലം അധികൃതർ ഇത് പൂട്ടിയപ്പോൾ ജനങ്ങൾ ഒറ്റക്കെട്ടായി ദിവസങ്ങളോളം സത്യാഗ്രഹ സമരം നടത്തി സെന്റർ തുറന്നു പ്രവർത്തിപ്പിക്കുകയായിരുന്നു. ഏതാനും വർഷം മുമ്പും സെന്റർ നിർത്താൻ അധികൃതർ ശ്രമിച്ചിരുന്നു. പഞ്ചായത്ത്‌ അംഗങ്ങൾ ചേർന്നാണ് ഈ ശ്രമം തടഞ്ഞത്. സാധനങ്ങൾ സെന്ററിൽ നിന്ന് കൊണ്ടു പോകാൻ എത്തിയ ഉദ്യോഗസ്ഥരെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടഞ്ഞ് തിരിച്ചയച്ചാണ് ഈ നീക്കം പൊളിച്ചത്.

1998 നവംബർ 28 നാണ് സെന്റർ ആരംഭിച്ചത്. ഇതിനായി നേതൃത്വം നൽകിയ പൊതു പ്രവർത്തകരിൽ ടിപി തൊമ്മി, ജോബ്‌കുട്ടി ഡൊമിനിക് എൻ ബി ഉണ്ണികൃഷ്ണൻ, അഡ്വ അനന്തൻ, ബഷീർ കറുകഞ്ചേരി എന്നിവർ ഇന്ന് ജീവനോടെയില്ല. ഇവർക്കൊപ്പം പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്ന വി പി സുഗതൻ, സഖറിയ ഡൊമിനിക് ചെമ്പകത്തുങ്കൽ, പി എ സലിം, ജോസ് മടുക്കകുഴി, പി എ ഇർഷാദ്, വി എസ് ഷുക്കൂർ, ജോസ് പഴയതോട്ടം ,ജയേഷ് തമ്പാൻ തുടങ്ങിയവർ ചേർന്നാണ് സെന്ററിന്റെ തുടക്കം യാഥാർഥ്യമാക്കിയത്.

ഗതാഗത വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും മന്ത്രിയായിരുന്ന പി ആർ കുറുപ്പ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. നാട്ടുകാരുടെ സംഭാവനയും ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ഇതര ഡിപ്പോകളിലെ അംഗങ്ങളിൽ നിന്നും കൂപ്പൺ പിരിച്ചു തുക സമാഹരിച്ചും കൂടിയാണ് നിർമാണത്തിന് ഫണ്ട് കണ്ടെത്തിയത്. ചാണ്ടപിള്ള ആയിരുന്നു ആദ്യ ഇൻസ്‌പെക്ടർ ഇൻ ചാർജ്. ഗുരുവായൂരിലേക്കും വൈക്കത്തിനും ഓപ്പറേറ്റ് ചെയ്ത സർവീസുകളായിരുന്നു ആദ്യ സർവീസുകൾ. പിന്നീട് എരുമേലി ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെ മൂന്ന് സർവീസുകൾ ഫ്ലാഗ് ഓഫ്‌ ചെയ്തു.

കോവിഡ് കാലത്തിന് മുൻപ് 29 സർവീസുകൾ വരെ എത്തിയ സ്ഥാനത്ത് ഇപ്പോൾ 24 ഷെഡ്യുളുകൾ ആണ് ഓപ്പറേറ്റ് ചെയ്യുന്നത്. ശബരിമല സീസണിൽ പമ്പ സ്പെഷ്യൽ സർവീസിൽ മാത്രം ഒന്നരക്കോടി രൂപയോളം ആണ് വരുമാനം നേടിക്കൊണ്ടിരിക്കുന്നത്. എരുമേലിയിൽ കെഎസ്ആർടിസി ബസ് ഓപ്പറേറ്റിങ് സെന്ററിൽ 25 സർവീസുകളും 130-ഓളം ജീവനക്കാരുമുണ്ട്. ടിക്കറ്റ് കൗണ്ടർ, വിശ്രമകേന്ദ്രം, ശൗചാലയങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നഷ്ടപ്പെടുന്നത് ലക്ഷക്കണക്കിന് തീർത്ഥാടകരെയും പ്രതികൂലമായി ബാധിക്കും. കെഎസ്ആർടിസിയുടെ തുടർനടപടികളും സർക്കാർ ഇടപെടലുകളുമാണ് സെന്ററിന്റെ ഭാവി നിർണ്ണയിക്കുക.