ന്യൂഡല്‍ഹി: പലരാജ്യങ്ങളിലും കോവിഡ് കേസുകള്‍ ഉയരുകയും പുതിയ വകഭേദങ്ങള്‍ വ്യാപിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ ഫലപ്രദമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ കോവിഡ് നിരക്കുകള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ രണ്ട് വകഭേദങ്ങളാണെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. KP.1, KP.2 എന്നീ വകഭേദങ്ങളാണ് കോവിഡ് കേസുകളുടെ ഉയര്‍ച്ചയ്ക്ക് പിന്നിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ വ്യക്തമാക്കി. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം ലോകാരോഗ്യസംഘടന ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ കോവിഡ് കേസുകള്‍ക്ക് പിന്നില്‍ രണ്ട് വകഭേദങ്ങളാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് അഞ്ചുവരെ 824 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 417 എണ്ണം മഹാരാഷ്ട്രയില്‍ നിന്നും 157 എണ്ണം വെസ്റ്റ്‌ബെംഗാളില്‍ നിന്നും 64 എണ്ണം ഉത്തരാഖണ്ഡില്‍ നിന്നുമാണ്. JN.1 ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നും ഉരുത്തിരിഞ്ഞവയാണ് KP.1, KP.2 എന്നീ വകഭേദങ്ങളെന്നും മന്ത്രി പറഞ്ഞു.

പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയോ, ഗുരുതരമാകുന്നവരുടെ എണ്ണം കൂടുകയോ ചെയ്തിട്ടില്ല. പുതിയ വകഭേദത്തെ നിരീക്ഷിച്ച് സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നുണ്ട്.- ജെ.പി.നഡ്ഡ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നുവെന്ന് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അമേരിക്ക, യൂറോപ്പ്, വെസ്റ്റേണ്‍ പസഫിക് എന്നിവിടങ്ങളിലാണ് രോഗവ്യാപനം നിലവില്‍ കൂടുതലുള്ളത്. വൈകാതെ കോവിഡിന്റെ കൂടുതല്‍ തീവ്രമായ വകഭേദങ്ങള്‍ വന്നേക്കാമെന്നും ലോകാരോഗ്യസംഘടന പറയുകയുണ്ടായി.

കോവിഡ് ഇപ്പോഴും നമുക്കൊപ്പമുണ്ടെന്നും എല്ലാരാജ്യങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുണ്ടെന്നും ലോകാരോഗ്യസംഘടനയുടെ വക്താവായ ഡോ. മരിയ വാന്‍ വെര്‍ഖോവും പറഞ്ഞു. എണ്‍പത്തിനാല് രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നാണ് കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൂടുന്നുവെന്ന് മനസ്സിലായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിന് മുകളിലാണെന്നും പലസ്ഥലങ്ങളിലും പ്രാദേശികതലത്തിലാണ് വ്യാപനമുള്ളതെന്നും മരിയ വ്യക്തമാക്കി. യൂറോപ്പില്‍ മാത്രം പോസിറ്റിവിറ്റി നിരക്ക് ഇരുപതുശതമാനത്തിന് മുകളിലാണെന്നും മരിയ കൂട്ടിച്ചേര്‍ത്തു.