കോഴിക്കോട്: സമസ്ത ഇ കെ വിഭാഗം നേതാവ് ബഹാഉദ്ദീന്‍ നദ്വി ഉയര്‍ത്തിയ പരാമര്‍ശം നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒരു പണ്ഡിതന്‍ പറയാന്‍ പാടില്ലാത്ത വിധത്തിലുള്ള പ്രതികരണമായിരുന്നു നദ്വിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നപ്പോല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചത് ഒരു സിപിഎം നേതാവായിരുന്നു. ഈ നേതാവിനെ മഹല്ല് കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയിരിക്കയാണ് സമസ്ത ഇപ്പോള്‍.

നദ്വിയെ തെറിവിളിച്ച കോഴിക്കോട് മടവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. ഹക്കീല്‍ അഹമ്മദിനെയാണ് പുറത്താക്കിയത്. മന്ത്രിമാര്‍ക്ക് 'വൈഫ് ഇന്‍ ചാര്‍ജു'മാരുണ്ടെന്ന നദ്വിയുടെ പരാമര്‍ശത്തിനെതിരെ സിപിഐഎം നടത്തിയ പ്രതിഷേധത്തില്‍ നദ്വിയെ 'പണ്ഡിതവേഷം ധരിച്ച നാറി' എന്ന് വിശേഷിപ്പിച്ചതിനാണ് നടപടി. 13 അംഗ കമ്മിറ്റിയില്‍ നിന്നാണ് ഹക്കീലിനെ പുറത്താക്കിയത്.

മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു നദ്വി വിവാദ പരാമര്‍ശം നടത്തിയത്. ഇവര്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍ വൈഫ് ഇന്‍ചാര്‍ജ്ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാവില്ല എന്നാണ് നദ്വി പറഞ്ഞത്. ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മ 11 വയസ്സിലാണ് വിവാഹം ചെയ്തതെന്നും നദ്വി പറഞ്ഞിരുന്നു.

'കഴിഞ്ഞ നൂറ്റാണ്ടില്‍ സജീവമായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ച നേതാവായിരുന്നു ഇഎംഎസ്. അദ്ദേഹത്തിന്റെ അമ്മയെ കെട്ടിച്ചത് 11-ാം വയസിലാണ്. പതിനഞ്ചാം നൂറ്റാണ്ടിലേക്കൊന്നും പോകണ്ട. ഇത് ഇരുപതാം നൂറ്റാണ്ടിലെ സംഭവമാണ്. ഇനി ബഹുഭാര്യാത്വത്തെക്കുറിച്ച് പറഞ്ഞാല്‍, നമ്മുടെ നാട്ടിലെ പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒക്കെ ഒരു ഭാര്യയെ ഉണ്ടാകൂ.

പക്ഷെ ഇന്‍ ചാര്‍ജ് ഭാര്യമാര്‍ വേറെയുണ്ടാകും. വൈഫ് ഇന്‍ ചാര്‍ജ് എന്ന പേര് പറയില്ലെന്ന് മാത്രം. അങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ എത്രയാളുകള്‍ ഉണ്ടാകും', എന്നാണ് നദ്വി പറഞ്ഞത്. താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും നവ്ദി പറഞ്ഞിരുന്നു. വിമര്‍ശനം ഉന്നയിച്ച ഉമര്‍ഫൈസിയെയും നദ്വി വിമര്‍ശിച്ചിരുന്നു.

ശിവപാര്‍വതിയെ അധിക്ഷേപിച്ച ഉമര്‍ ഫൈസിയാണ് തനിക്കെതിരെ പറയുന്നതെന്ന് ബഹാഉദ്ദീന്‍ നദ്വി പറഞ്ഞു. ഉമര്‍ ഫൈസി മുശാവറയില്‍ തന്നെ കുറിച്ച് മോശമായി പറഞ്ഞു. അത് മുശാവറ അംഗീകരിച്ചു എന്ന തരത്തില്‍ പ്രചരിപ്പിച്ചു. തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നു. അതില്‍ തനിക്ക് ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തന്റെ വാക്കുകള്‍ ചില മാധ്യമങ്ങള്‍ വിവാദമാക്കി. താന്‍ ആരെയും മോശക്കാരനായി ചിത്രീകരിച്ചിട്ടില്ല. മന്ത്രിമാരെ മാത്രം ഉദ്ദേശിച്ചു പറഞ്ഞു എന്ന രീതിയില്‍ പ്രച്ചരിപ്പിച്ചു. സമൂഹത്തെ ഉണര്‍ത്തുക എന്നതാണ് പ്രയോഗത്തിലൂടെ ഉദ്ദേശിച്ചത്. 20-ാം നൂറ്റാണ്ടിലും ശൈശവ വിവാഹം ഉണ്ടെന്നാണ് പറഞ്ഞത്. ഉദാഹരണം പറഞ്ഞപ്പോള്‍ ചിലര്‍ക്ക് പൊള്ളി. അതുപോലെ നബിയെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും പൊള്ളുമെന്ന് ഓര്‍ക്കേണ്ടതായിരുന്നു'- അദ്ദേഹം പറഞ്ഞു.