- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്വേഷണം ആദ്യമേ സിബിഐ ഏല്‍പ്പിച്ചിരുന്നാല്‍ മതിയായിരുന്നുവെന്ന ചിന്തയില്‍ സിപിഎം; കൊല്ലത്തെ ബഹിഷ്കരണത്തിന് ശേഷം പുറത്താക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ കോളടിച്ചേനേ! തല്കാലം 'പപ്പനെ' കൈവിടേണ്ടെന്ന് പിണറായി; കടകംപള്ളിയെ രക്ഷിച്ചെടുക്കാന്‍ അണിയറ നീക്കം; 'അയ്യപ്പ കോപത്തില്‍' സിപിഎം ആടി ഉലയുമ്പോള്‍
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ പാര്‍ട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ.പത്കുമാറിനെതിരെ സിപിഎം നടപടി എടുക്കില്ല. പത്മകുമാര്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുമോ എന്ന ഭയത്തിലാണ് ഇത്. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടുകളാണ് പത്മകുമാര്‍ എടുത്തത്. അതുകൊണ്ട് തത്കാലം പാര്‍ട്ടി നടപടി വേണ്ടെന്നു സിപിഎം. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദ്ദേശം നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഇത്. അയ്യപ്പ കോപമാണ് ഈ പ്രതിസന്ധിയിലേക്ക് മോഷ്ടാക്കളേയും സിപിഎമ്മിനേയും എത്തിച്ചതെന്ന പ്രചരണം വിശ്വാസികളും തുടരുന്നു. ഈ പ്രചരണവും സിപിഎമ്മിനെ വലയ്ക്കുന്നുണ്ട്.
പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കൊടുക്കുന്ന റിപ്പോര്‍ട്ടു കൂടി വന്നശേഷം നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണു സെക്രട്ടേറിയറ്റില്‍ ഉണ്ടായ ധാരണ. അറസ്റ്റിലായതിനു ശേഷം പത്മകുമാറിനെതിരേ ഉടന്‍ നടപടി സ്വീകരിച്ചാല്‍ പിന്നീട് അദ്ദേഹം അന്വേഷണ സംഘത്തിനു മുന്നില്‍ നല്‍കുന്ന മൊഴി പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ പ്രതിസന്ധിയുണ്ടാക്കും. അതുകൊണ്ട് പത്മകുമാറിനെ അടുപ്പിച്ചു നിര്‍ത്തും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്തുതന്നെ എ.പത്മകുമാറിനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തതു രാഷ്ട്രീയമായി വലിയ തിരിച്ചടിയായി സിപിഎമ്മിന്. വാസുവും സിപിഎമ്മുകാരനാണ്. മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. പക്ഷേ ജനമനസ്സുകളില്‍ സിപിഎം നേതാവ് എന്ന പ്രതിച്ഛായ ഇപ്പോഴില്ല. എന്നാല്‍ പത്മകുമാര്‍ ഇപ്പോഴും ജന മനസ്സില്‍ സിപിഎമ്മുകാരനാണ്. ഇതാണ് സിപിഎമ്മിനെ ആകെ ഉലയ്ക്കുന്നത്.
അതിനിടെ കേസ് അന്വേഷണം തുടക്കത്തില്‍ തന്നെ സിബിഐയ്ക്ക് കൈമാറിയാല്‍ മതിയെന്ന് കരുതുന്ന സിപിഎമ്മുകാരുമുണ്ട്. ഹൈക്കോടതിയുടെ നേതൃത്വത്തില്‍ കേരളാ പോലീസിന്റെ പ്രത്യേക അന്വേഷണമാണ് നടക്കുന്നത്. ജീവനക്കാരില്‍ മാത്രം അന്വേഷണം ഒതുങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ കളി കൈവിട്ടു. ഹൈക്കോടതി നിരീക്ഷണവും കേരളാ പോലീസ് അന്വേഷണവുമായതിനാല്‍ അതിനെ രാഷ്ട്രീയപരമായി എതിര്‍ക്കാന്‍ കേരളം ഭരിക്കുന്ന സിപിഎമ്മിന് കഴിയുന്നില്ല. സിബിഐ ആയിരുന്നു അറസ്റ്റുകള്‍ നടത്തിയതെങ്കില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയില്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിയുമായിരുന്നു. ഇതും സിപിഎമ്മിനെ ഇപ്പോള്‍ ചിന്തിപ്പിക്കുന്നുണ്ട്. കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ പത്മകുമാര്‍ ബഹിഷ്‌കരണം നടത്തിയിരുന്നു. വലിയ അച്ചടക്ക ലംഘനം നടത്തിയിട്ടും പത്മകുമാറിനെ അന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയില്ല. അന്ന് പുറത്താക്കിയിരുന്നുവെങ്കിലും ഇന്ന് സിപിഎം ഇത്ര വലിയ പ്രതിസന്ധിയില്‍ ആകുമായിരുന്നില്ല.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നടത്തുന്ന അന്വേഷണത്തെ പാര്‍ട്ടി തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. തെറ്റുകാര്‍ ആരായാലും സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് തെരഞ്ഞെടുപ്പു യോഗങ്ങളില്‍ ഉയര്‍ത്തികാട്ടും. മറ്റു കാര്യങ്ങള്‍ അപ്പോള്‍ ഉണ്ടാകുന്ന സാഹചര്യമനുസരിച്ചു തീരുമാനിക്കാമെന്നതാണ് സിപിഎം നിലപാട്. മുഖ്യമന്ത്രിയുടെ ഈ അഭിപ്രായം സിപിഎം സെക്രട്ടറി എവി ഗോവിന്ദനാണ് പത്തനംതിട്ട കമ്മറ്റിയ്ക്ക് നല്‍കിയത്. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്ത ശേഷമാകും തുടര്‍ ചോദ്യംചെയ്യലുകള്‍. ഈ ചോദ്യം ചെയ്യലില്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ നിലപാട് എടുക്കരുതെന്ന സന്ദേശം പത്മകുമാറിന് നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊടുത്തുവിട്ടതെന്ന് പത്മകുമാര്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഇപ്പോള്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ തിരുവനന്തപുരം സ്‌പെഷല്‍ സബ്ജയിലില്‍ കഴിയുന്ന പത്മകുമാറിനെ തിങ്കളാഴ്ച പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. അതിന് ശേഷമാകും വിശദ ചോദ്യം ചെയ്യല്‍. 2018ലെ ദേവസ്വം ഭരണസമിതി അംഗങ്ങളേയും അറസ്റ്റു ചെയ്‌തേയ്ക്കും. ആരേയും സംരക്ഷിക്കാനും സിപിഎമ്മിന് പ്രത്യക്ഷത്തില്‍ കഴിയുന്നില്ല. ഹൈക്കോടതി ഇടപെടല്‍ കാരണമാണ് ഇത്.




