- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയുള്ള പാര്‍ട്ടി അന്വേഷണം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും; അന്‍വറിന്റെ ആരോപണം പരിശോധിക്കാന്‍ സിപിഎം; സെക്രട്ടറിയേറ്റ് നിര്‍ണ്ണായകം
സിപിഎമ്മില്‍ പിണറായി വിരുദ്ധത ശക്തമാകുമോ?
തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എ. ഉയര്‍ത്തിയ ആരോപണങ്ങള്‍ സിപിഎമ്മിന് തലവേദന. പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യുന്ന തരത്തിലേക്ക് വിവാദം മാറും. വെള്ളിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. അന്‍വര്‍ പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിയ പരാതി യോഗം പരിഗണിക്കും. സര്‍ക്കാരിന്റെ കാര്യം മുഖ്യമന്ത്രിയും വിശദീകരിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് എസ് പി സുജിത് ദാസിനെ സസ്‌പെന്റ് ചെയ്തത്. സെക്രട്ടറിയേറ്റില്‍ വലിയ പ്രതിരോധത്തിലേക്ക് പോകാതിരിക്കാനാണ് മുഖ്യമന്ത്രി ഈ നടപടി എടുത്തത്.
സുജിത് ദാസിനെതിരെ ഫോണ്‍ സംഭാഷണം തെളിവാണ്. അതുകൊണ്ടാണ് നടപടി. എന്നാല്‍ അന്‍വറിന്റെ അജിത് കുമാറിനെതിരായ ആരോപണത്തില്‍ സര്‍ക്കാരിന് വ്യക്തമായ തെളിവ് കിട്ടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇടതുസ്വതന്ത്രനായ പി.വി. അന്‍വറിന് പാര്‍ട്ടിക്കുള്ളില്‍ പിന്തുണകൂടുകയും ആരോപണം നേരിടുന്ന പി. ശശി ഒറ്റപ്പെട്ടുനില്‍ക്കുകയും ചെയ്യുന്നുവെന്ന വിലയിരുത്തല്‍ സജീവമാണ്. എങ്കിലും ശശിയെയും എ.ഡി.ജി.പി. അജിത്കുമാറിനെയും മുഖ്യമന്ത്രി സംരക്ഷിക്കും. എന്നാല്‍ ശശിയെ മാറ്റാനുള്ള തീരുമാനം എടുക്കാന്‍ സിപിഎമ്മിന് കഴിയുകയും ചെയ്യും.
മുഖ്യമന്ത്രിയുടെ സ്വാധീനം പാര്‍ട്ടിക്കുള്ളില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയുമോയെന്നത് നിര്‍ണായകമാണ്. അതില്ലാതാക്കാനുള്ള നിശ്ശബ്ദവിപ്ലവം പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. പാര്‍ട്ടി സമ്മേളനത്തെ സ്വാധീനിക്കാന്‍ കഴിയണം എന്ന ലക്ഷ്യത്തോടെയാണ് അന്‍വറിന്റെ ആരോപണം. സമ്മേളനം തുടങ്ങിക്കഴിഞ്ഞാല്‍ സംഘടനാനടപടി സാധ്യമല്ല. ഇ.പി. ജയരാജനെ കണ്‍വീനര്‍സ്ഥാനത്തുനിന്ന് നീക്കിയത്, ബ്രാഞ്ച് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്താണ്. ഇതിന് മുമ്പ് പിണറായിയുടെ വിശ്വസ്തനായ പികെ ശശിയ്‌ക്കെതിരേയും നടപടി വന്നു.
പി. ശശിക്കെതിരേയുള്ള പരാതി പാര്‍ട്ടി അന്വേഷിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ഉടന്‍ നടപടിയുണ്ടാകില്ല. പാര്‍ട്ടി സമ്മേളനത്തില്‍ ആരാണ് സിപിഎമ്മില്‍ പിടി മുറുക്കുന്നതെന്നതാകും നിര്‍ണ്ണായകം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും ഇത് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുമുള്ള വിലയിരുത്തലിലാണ് പാര്‍ട്ടി പരിശോധിക്കുന്നത്. പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി ബ്രാഞ്ച്തല സമ്മേളനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ വൈകിക്കാതെ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്നെ വിഷയം ചര്‍ച്ച ചെയ്യാനാണ് ആലോചന. തുടര്‍ന്നായിരിക്കും അന്വേഷണ നടപടികളിലേക്ക് പാര്‍ട്ടി കടക്കുക.
അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടി അന്വേഷണം നടത്തുന്ന സാഹചര്യം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. അദ്ദേഹത്തിനെതിരെ നടപടികളിലേക്ക് പാര്‍ട്ടി നീങ്ങുന്നതും കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കും. പി ശശിക്കെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണം തെറ്റോ ശരിയോ എന്നു കണ്ടെത്തണം. ശരിയാണെങ്കില്‍ ഗൗരവമുള്ളതാണ്. അന്‍വറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായും എല്‍ ഡി എഫ് കണ്‍വീനര്‍ പ്രതികരിച്ചിരുന്നു.
അതേസമയം, വിഷയത്തില്‍ കൃത്യമായ അന്വേഷണം ആവശ്യമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അന്‍വര്‍. എ ഡി ജി പിക്കെതിരെയുള്ള പരാതി അന്വേഷിക്കാന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചതിലുള്ള അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഹെഡ്മാസ്റ്ററെക്കുറിച്ച് അന്വേഷിക്കുന്നത് പ്യൂണാകരുതെന്നും അങ്ങനെ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കും സര്‍ക്കാറിനുമുണ്ടാകുമെന്നുമാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നത്.
അന്‍വറിന്റെ ആരോപണങ്ങളോട് പാര്‍ട്ടിയിലെ ഒരു നേതാവും എതിരായി പ്രതികരിച്ചിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, സി പി എം സംസ്ഥാന സെക്രട്ടറിയും എല്‍ ഡി എഫ് കണ്‍വീനറും പി വി അന്‍വറിനോട് അനുകൂല സമീപനമാണ് സ്വീകരിച്ചിരുന്നത്. അന്‍വറിന് പിന്തുണയുമായി സി പി എം. എം എല്‍ എയായ യു പ്രതിഭയും സി പി എം സഹയാത്രികരായ ഡോ. കെ ടി ജലീലും കാരാട്ട് റസാഖും രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ താന്‍ ഉന്നയിച്ച പരാതിയിലെ നടപടികളില്‍ തൃപ്തനല്ലെന്നാണ് അന്‍വറിന്റെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇതിന് പിന്നാലെയാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. പ്രധാനമായും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ ആരോപണങ്ങല്‍ തന്നെയായിരിക്കും പാര്‍ട്ടി പരിശോധിക്കുക