ആലപ്പുഴ: സിപിഐയില്‍ മന്ത്രി കെ രാജന്‍ ഒറ്റപ്പെടുന്നു. പിഎം ശ്രീയില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കാമെന്നാണ് കെ രാജന്റെ നിലപാട്. എന്നാല്‍ മറ്റു മന്ത്രിമാരായ ജി ആര്‍ അനിലും പി പ്രസാദും ചിഞ്ചു റാണിയും രാജനെതിരെ നിലപാട് എടുത്തു. പികെ ഇസ്മായിലിന് വേണ്ടി പാര്‍ട്ടിയെ കുഴപ്പത്തില്‍ ചാടിക്കാനാണ് രാജന്റെ ശ്രമമെന്നാണ് ഇവരുടെ നിലപാട്. ഇതോടെ പിഎം ശ്രീയില്‍ സിപിഐയില്‍ വീണ്ടും രണ്ടു പക്ഷം ഉണ്ടാവുകയാണ്. സിപിഐയുടെ കമ്മറ്റികളെല്ലാം അടുത്ത കാലത്തെ പുനസംഘടിപ്പിച്ചിരുന്നു. ഇതോടെ പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന് നിര്‍ണ്ണായക മേല്‍കൈ കിട്ടി. ഈ സാഹചര്യത്തില്‍ പിഎം ശ്രീയില്‍ ബിനോയ് വിശ്വത്തിന്റെ നിലപാട് സിപിഐ അംഗീകരിക്കും. കെ രാജന്റെ എതിര്‍പ്പിനെ അനാവശ്യവാശിയെന്നാണ് ബിനോയ് വിശ്വം വിഭാഗം കാണുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) ഭാഗമായുള്ള പിഎംശ്രീ ഒപ്പിട്ടതില്‍ എല്‍ഡിഎഫിലെ ഏറ്റുമുട്ടല്‍ ഉടന്‍ അവസാനിക്കും.

പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചത് കേന്ദ്രത്തില്‍നിന്നും സമഗ്രശിക്ഷാ ഫണ്ട് ലഭിക്കാനെന്നായിരുന്നു മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചത്. നമുക്ക് ശരിയല്ലെന്ന് തോന്നുന്ന കേന്ദ്രസര്‍ക്കാരിന്റെ ഏത് പദ്ധതികളെയും നാം എതിര്‍ക്കും. കേരളത്തിലെ കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ലെന്നതുകൊണ്ടാണ് കരാറില്‍ ഒപ്പിട്ടതെന്നും മന്ത്രി പറഞ്ഞിരുന്നു. കേരളത്തിലെ കുട്ടികള്‍ക്ക് വേണ്ടി പിഎം ശ്രീയില്‍ വിട്ടു വീഴ്ച ചെയ്യുന്നുവെന്ന നിലപാട് സിപിഐ എടുക്കും. പിഎം ശ്രീയില്‍ സി.പി.ഐയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിട്ടുണ്ട്. സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണില്‍ വിളിക്കുകയും തൊട്ടടുത്ത ദിവസം നേരിട്ട് ചര്‍ച്ച നടത്താമെന്നറിക്കുകയും ചെയ്തതായാണ് വിവരം. കടുത്ത തീരുമാനങ്ങള്‍ സി.പി.ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചന. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനാല്‍ കരാറില്‍ നിന്ന് പിന്നോട്ട് പോകുന്നത് പ്രയാസമാണെന്നും ഫണ്ട് പ്രധാനമാണെന്നും ഫോണ്‍ സംഭാഷണത്തില്‍ മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം. കാബിനറ്റില്‍ ചര്‍ച്ച ചെയ്യാതെ എം.ഒ.യു ഒപ്പിട്ടത് ശരിയായില്ലെന്നും പി.എം ശ്രീ പദ്ധതിയെ എല്‍.ഡി.എഫ് ഒരുപോലെ എതിര്‍ത്തതാണെന്നും ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം സിപിഐ യോഗത്തെ ബിനോയ് വിശ്വം അറിയിക്കും. മേലില്‍ ഇത്തരം പിഴവുകള്‍ ഉണ്ടാകില്ലെന്ന് സിപിഎമ്മില്‍ നിന്നും ഉറപ്പും വാങ്ങും. അങ്ങനെ പ്രശ്‌നം അവസാനിപ്പിക്കും.

ആശയപരവും രാഷ്ട്രീയവുമാണ് സിപിഐ നിലപാടിന്റെ അടിസ്ഥാനം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മികവ് കാണിക്കാനുള്ളതാണ് പിഎംശ്രീ. ആര്‍എസ്എസ് അജന്‍ഡ ഒളിച്ചുകടത്താനുള്ള സംവിധാനമാണ് എന്‍ഇപി. അങ്ങനെയൊന്നിന്റെ വ്യവസ്ഥ അംഗീകരിച്ച് ഇടതുസര്‍ക്കാര്‍ അതില്‍ കക്ഷിയായാല്‍, രാജ്യമെമ്പാടും ഇടതുപക്ഷത്തിന്റെ വിദ്യാഭ്യാസരംഗത്തെ പോരാട്ടങ്ങള്‍ ദുര്‍ബലപ്പെടും. അതിനാലാണ് എതിര്‍പ്പെന്ന് ബിനോയ് വിശ്വം പറയുന്നുണ്ട്. എന്തിനാണ് രഹസ്യമായി ഒപ്പിട്ടതെന്നു ഞങ്ങള്‍ക്കറിയില്ല. നയപരമായ വ്യക്തതയ്ക്കു മാറ്റിവെച്ച വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍, ആദ്യം മന്ത്രിസഭ അറിയണം. എല്‍ഡിഎഫിനെ ഇരുട്ടില്‍നിര്‍ത്തി, മന്ത്രിസഭയെ അവഗണിച്ചാണ് ഒപ്പിട്ടത്. അത് ഉള്‍ക്കൊള്ളാനാവുന്ന പ്രവര്‍ത്തനശൈലിയല്ല. മുന്നണിമര്യാദ ഒരു ഭംഗിവാക്കല്ല. ഞങ്ങള്‍ക്കു മാത്രമല്ല, എല്ലാ പാര്‍ട്ടികള്‍ക്കും മുന്നണിയില്‍ നടക്കുന്ന കാര്യങ്ങളറിയാന്‍ അവകാശമുണ്ട്. ഭാവിതലമുറയെയും ഇന്ത്യന്‍ രാഷ്ട്രീയത്തെയും ബാധിക്കുന്ന വിഷയത്തില്‍ സാമാന്യ മുന്നണിമര്യാദപോലും സിപിഎം മറന്നത് നിസ്സാരമായി കാണാനാവില്ലെന്നാണ് ബിനോയിയും പറയുന്നത്. എന്നാല്‍ ഈ തര്‍ക്കം മുന്നണിയ്ക്ക് പുറത്തു പോകല്‍ ആകുന്നതിനെ ബിനോയ് അനുകൂലിക്കില്ല.

നയപ്രശ്‌നം ചര്‍ച്ചചെയ്യേണ്ടത് വകുപ്പുകളിലല്ല. സെക്രട്ടറിമാരുമല്ല. അതെല്ലാം ചര്‍ച്ചചെയ്തു തീരുമാനിക്കാനാണ് രാഷ്ട്രീയനേതൃത്വമുള്ളത്. അതിനുള്ള സമിതിയാണ് എല്‍ഡിഎഫ്. നാടിനെ വര്‍ഗീയ ഫാസിസ്റ്റ് ഭീഷണിക്കെതിരായി ഊട്ടിയുറപ്പിക്കേണ്ട ഐക്യനിരയാണ് അതിന്റെ കാതല്‍. 'ഇടതുപക്ഷ ജനാധിപത്യ ബദല്‍' എന്നതിന്റെ ആഴമേറിയ അര്‍ഥം അറിയേണ്ടവരാണ് സിപിഎം. സുപ്രീംകോടതിയില്‍ പോയി താത്കാലികമായെങ്കിലും വിജയമുണ്ടാക്കാന്‍ തമിഴ്നാടിനായി. ആ വഴി നോക്കാതെ, ഇതിനു വഴങ്ങലേ മാര്‍ഗമുള്ളൂവെന്ന് വിശ്വസിപ്പിച്ച് ഇടതുസര്‍ക്കാര്‍ പോകുമ്പോള്‍ ജനങ്ങള്‍ക്ക് ആശയര്‍പ്പിക്കാന്‍ പിന്നെന്തുണ്ടെന്നാണ് ചോദ്യം. സര്‍ക്കാര്‍ നിയമനടപടി ആലോചിച്ചിട്ടുണ്ട്. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ ഒരുസംഘം ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലും പോയി. അജ്ഞാതകാരണങ്ങളാല്‍ തിരിച്ചുവന്നു. എന്തുകൊണ്ടു തിരിച്ചുവിളിച്ചെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. സംഭവിച്ചതു വീഴ്ചയാണെന്നും തിരുത്തണമെന്നും രാഷ്ട്രീയബോധ്യമുണ്ടാവണം. ധാരണാപത്രം സെക്രട്ടറി ഒപ്പിട്ടതു ഭരണപരമായ നടപടി മാത്രമാണ്. ഗവര്‍ണറുടെ സമ്മതത്തില്‍ ഒപ്പിട്ടാലേ സര്‍ക്കാര്‍ ഉടമ്പടിയാവൂ. ഈ ധാരണാപത്രം അങ്ങനെയല്ല. പിഎംശ്രീയില്‍ പിന്മാറാന്‍ അതൊരു കാരണമാണ്. നയപരമായ വ്യക്തതയ്ക്കായി മന്ത്രിസഭ മാറ്റിവെച്ച വിഷയമാണിത്. മന്ത്രിസഭയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പിടാന്‍ അവകാശമില്ല. മന്ത്രിസഭയ്‌ക്കേ അവകാശമുള്ളൂ. എല്‍ഡിഎഫ് മൂന്നാംഭരണത്തിനു തയ്യാറെടുക്കുമ്പോള്‍ ഇതുപോലുള്ള വിഷയങ്ങളില്‍ അവ്യക്തതയോ അഭിപ്രായവ്യത്യാസമോ ഉണ്ടാവാന്‍പാടില്ല. ആശയവ്യക്തതയ്ക്കായി സിപിഎം സ്വന്തം പങ്കു നിര്‍വഹിക്കുമെന്നു കരുതുന്നു. ആശയമില്ലാത്ത എല്‍ഡിഎഫ് ഒരു വലതുപക്ഷ രാഷ്ട്രീയമാണ്. അതിനാല്‍, ആശയം പണയം വെക്കാനാവില്ലെന്നാണ് ബിനോയ് വിശ്വം പ്രതികരിക്കുന്നത്. എന്നാല്‍ സിപിഎമ്മുമായി സമവായത്തിലൂടെ പ്രശ്‌ന പരിഹാരമെന്നതാണ് ബിനോയ് വിശ്വത്തിന്റെ ആത്യന്തിക ലക്ഷ്യം.

പദ്ധതിയില്‍ നിന്ന് സംസ്ഥാനം പിന്‍മാറുകയല്ലാതെ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന നിലപാടിലാണ് സിപിഐയിലെ ഒരു വിഭാഗം. മുന്നണിയെ ഇരുട്ടില്‍ നിര്‍ത്തി ഒപ്പിട്ടതിന് മറുപടിയായി സി.പി.ഐയുടെ മന്ത്രിമാര്‍ കഴിഞ്ഞ ദിവസത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. പിന്നീട് അനിലും ചിഞ്ചുറാണിയും നിലപാട് മാറ്റി. പ്രസാദും പതിയെ പിന്‍വലിച്ചു. ഇതോടെയാണ് മന്ത്രി കെ രാജന്‍ ഒറ്റയ്ക്കായത്. ബിനോയ് വിശ്വവുമായി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയും ഡല്‍ഹിയില്‍വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം പി.എം ശ്രീ വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നും സംസ്ഥാന തലത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണട്ടെയെന്നുമാണ് എം.എ ബേബി പറഞ്ഞത്. സര്‍ക്കാര്‍ മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം ഡി. രാജ പ്രതികരിച്ചത്. നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമാണ്. എന്‍.ഇ.പി 2020നെ എതിര്‍ക്കുന്ന പാര്‍ട്ടികളാണ് സി.പി.ഐയും സി.പി.എമ്മും. വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതും കേന്ദ്രീയവല്‍ക്കരിക്കുന്നതും എതിര്‍ക്കുന്നവരാണ് തങ്ങള്‍. എന്‍.ഇ.പിയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടി ധാരണപത്രം ഒപ്പിട്ടതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്നായിരുന്നു ഡി. രാജയുടെ ചോദ്യം.