തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയ്ക്ക് അവകാശപ്പെട്ട ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്തി സി.പി.എമ്മിന്റെ എകെജി പഠന ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുകയാണെന്നും, അതിനാല്‍ കെട്ടിടം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സര്‍വ്വകലാശാലയുടെ മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ആര്‍.എസ്. ശശികുമാറാണ് ഈ വിഷയത്തില്‍ നിയമനടപടി തേടിയിരിക്കുന്നത്.

സി.പി.എമ്മിന്റെ മുന്‍ സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന എകെജി പഠന ഗവേഷണ കേന്ദ്രം നിലവില്‍ സ്ഥിതി ചെയ്യുന്ന ഏകദേശം 55 സെന്റ് ഭൂമി, പുറമ്പോക്ക് ഉള്‍പ്പെടെ, സി.പി.എം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

തിരുവിതാംകൂര്‍ മഹാരാജാവ് സര്‍വ്വകലാശാലയ്ക്ക് കൈമാറിയ ഭൂമി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസിനായി വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു. രാഷ്ട്രീയ സ്വാധീനവും 'മസില്‍ പവറും' ഉപയോഗിച്ചാണ് സി.പി.എം ഈ ഭൂമി കൈക്കലാക്കിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

1977 ഓഗസ്റ്റ് 20-ന് എ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്ത് എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി 15 സെന്റ് ഭൂമി മാത്രമാണ് ഔദ്യോഗികമായി അനുവദിച്ചിരുന്നത്. എന്നാല്‍, നിലവില്‍ സര്‍വ്വകലാശാലയുടെ 55 സെന്റ് ഭൂമി സി.പി.എമ്മിന്റെ കൈവശമുണ്ടെന്ന് വിവരാവകാശ രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഈ ഭൂമിയുടെ കൈവശാവകാശത്തെക്കുറിച്ച് മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും, ഒഴിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഒരു ഹര്‍ജി കോടതിയില്‍ എത്തുന്നത് ഇത് ആദ്യമായാണ്. ഈ നിയമപരമായ നീക്കം സര്‍വ്വകലാശാലാ ഭൂമിയുടെ കൈവശാവകാശത്തെക്കുറിച്ചുള്ള ദീര്‍ഘകാല തര്‍ക്കങ്ങള്‍ക്ക് പുതിയ മാനം നല്‍കിയിരിക്കുകയാണ്