കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കാന്‍ തീരുമാനം. കേരള അനാട്ടമി ആക്ട് പ്രകാരമാണ് കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതിയുടെ തീരുമാനം. എംഎം ലോറന്‍സിന്റെ ആഗ്രഹം അത് തന്നെ ആയിരുന്നുവെന്ന് കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷി മൊഴി ഉണ്ടായിരുന്നുവെന്ന് കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി വിലയിരുത്തി.

എം എം ലോറന്‍സിന്റെ മക്കളുടെ വാദങ്ങള്‍ വിസ്തരിച്ച് കേട്ടു. വൈദ്യ പഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് മകന്‍ സജീവന്‍ ആവര്‍ത്തിച്ചു. അത് അംഗീകരിച്ച രണ്ട് സാക്ഷി മൊഴികളുമുണ്ട്. മകള്‍ സുജാത കൃത്യമായി നിലപാട് എടുത്തില്ല. അതേസമയം,, എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കരുതെന്ന് മകള്‍ ആശ എതിര്‍പ്പ് ആവര്‍ത്തിച്ചു. സാക്ഷികളായ അഡ്വ. അരുണ്‍ ആന്റണിയും എബിയും മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കണം എന്നായിരുന്നു ലോറന്‍സിന്റെ ആഗ്രഹമെന്നാണ് ഉപദേശക സമിതിയെ അറിയിച്ചത്.

മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി കൂട്ടിച്ചേര്‍ത്തു. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് പഠന ആവശ്യങ്ങള്‍ക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാന്‍ ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നും വാദിച്ചാണ് മകള്‍ ആശയുടെ ഹൈക്കോടതിയില്‍ ഹര്‍ജിയില്‍ നല്‍കിയത്. അച്ഛന് അങ്ങനെയൊരു ആഗ്രഹം ഉള്ളതായി തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കില്‍ ഇത് സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയില്‍ അടക്കണമെന്നും ആശ ആവശ്യപ്പെട്ടു. എന്നാല്‍, മൃതദേഹം മെഡിക്കല്‍ കോളേജിനെതിരെ കൈമാറണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്ന് എംഎം ലോറന്‍സിന്റെ മകന്‍ എംഎല്‍ സജീവന്‍ പ്രതികരിച്ചത്.

ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറന്‍സിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൃതദേഹം എംബാം ചെയ്യാനും മറ്റു നടപടികളിലേക്ക് കടക്കാനും തീരുമാനിച്ചതായി ഡോ. പ്രതാപ് സോമനാഥ് അറിയിച്ചു. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് പറഞ്ഞതിന് രണ്ട് സാക്ഷികളുണ്ടെന്നും അവരുടെ വാദം സത്യസന്ധമാണെന്നും ബോധ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. കേരള അനാട്ടമി ആക്ട് പ്രകാരം മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാനുള്ള വാദങ്ങള്‍ സാധുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.