- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിയെന്നല്ല, എംഎല്‍എ ആകാന്‍ പോലും മന്ത്രി വീണയ്ക്ക് യോഗ്യതയില്ല; വീണ ജോര്‍ജിനെ പരിഹസിച്ച് പോസ്റ്റിട്ടതിന് സസ്പെന്‍ഷനിലായ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം കോണ്‍ഗ്രസില്‍; മഹത്തായ പാരമ്പര്യമുള്ള ഈ പ്രസ്ഥാനത്തിന്റെ അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് പി ജെ ജോണ്‍സണ്‍
വീണ ജോര്‍ജിനെ പരിഹസിച്ച് പോസ്റ്റിട്ടതിന് സസ്പെന്‍ഷനിലായ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം കോണ്‍ഗ്രസില്‍
പത്തനംതിട്ട: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ച സംഭവത്തില്‍ മന്ത്രി വീണയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് സിപിഎം സസ്പെന്‍ഡ് ചെയ്ത ലോക്കല്‍ കമ്മറ്റിയംഗം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പി ജെ ജോണ്‍സനാണ് ഡിസിസി അധ്യക്ഷന്‍ സതീഷ് കൊച്ചുപറമ്പില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ പാരമ്പര്യമുള്ള ഈ പ്രസ്ഥാനത്തിന്റെ അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജോണ്‍സണ്‍ പ്രതികരിച്ചു.
'ഇന്ന് ഞാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി! ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ പാരമ്പര്യമുള്ള ഈ പ്രസ്ഥാനത്തിന്റെ അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. രാജ്യത്തിന്റെ മതേതര, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും, ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടാനും കോണ്‍ഗ്രസ് പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്.പി ജെ ജോണ്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് നടപടി നേരിട്ട നേതാവാണ് പി ജെ ജോണ്‍സണ്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിലായിരുന്നു മന്ത്രിയെ വിമര്‍ശിച്ച് ജോണ്‍സണ്‍ പി ജെ പോസ്റ്റിട്ടത്. മന്ത്രിയെന്നല്ല, എംഎല്‍എ ആകാന്‍ പോലും മന്ത്രി വീണയ്ക്ക് യോഗ്യതയില്ല എന്നായിരുന്നു പോസ്റ്റ്. ഇതിനെതുടര്‍ന്ന് ജോണ്‍സണെ മൂന്ന് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ നടപടി വകവെക്കാതെ ജോണ്‍സണ്‍ വീണ്ടും പോസ്റ്റിട്ടിരുന്നു. 'ഗര്‍വ്വികളോട് കൂടെ കവര്‍ച്ച പങ്കിടുന്നതിനേക്കാള്‍ താഴ്മയുള്ളവരോട് കൂടെ താഴ്മയുള്ളവനായി ഇരിക്കുന്നതാണ് നല്ലത്' എന്നായിരുന്നു പോസ്റ്റ്.