- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
2016 നവംബര്‍ 3-ന് പണ്ട് നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റി; 2018 വരെ രണ്ട് വര്‍ഷക്കാലം ഈ തുക നേതാക്കളുടെ പേരില്‍ ബാങ്കില്‍ തുടര്‍ന്നു; തര്‍ക്കമായതോടെ 40 ലക്ഷം രൂപ അക്കൗണ്ടിലേക്ക് തിരിച്ചടച്ചു; രണ്ട് വര്‍ഷം കൊണ്ട് ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ പലിശ നേതാക്കള്‍ സ്വന്തമാക്കി; രക്തസാക്ഷി ഫണ്ട് മുക്കി സി.പി.എം. നേതാക്കള്‍; പയ്യന്നൂരില്‍ കൂടുതല്‍ ബാങ്ക് രേഖകള്‍ പുറത്ത്

പയ്യന്നൂര്‍: സി.പി.എം. പയ്യന്നൂര്‍ ഏരിയ കമ്മിറ്റിക്ക് കീഴിലെ രക്തസാക്ഷി ധനരാജ് കുടുംബസഹായ നിധിയില്‍ നടന്ന വന്‍ ഫണ്ട് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാവപ്പെട്ടവരില്‍ നിന്ന് പിരിച്ചെടുത്ത തുക മുതിര്‍ന്ന നേതാക്കള്‍ സ്വന്തം പേരില്‍ സ്ഥിരനിക്ഷേപമാക്കി മാറ്റി പലിശ തട്ടിയെടുത്തതായാണ് ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നത്. മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്‍ പുറത്തുവിട്ട ഈ രേഖകള്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രക്തസാക്ഷിയുടെ പേരില്‍ നടന്നത് പച്ചയായ തട്ടിപ്പാണെന്ന് അടിവരയിടുന്നതാണ് പുറത്തുവന്ന വിവരങ്ങള്‍.
മുതിര്‍ന്ന നേതാക്കളായ ടി.ഐ. മധുസൂദനന്‍, കെ.പി. മധു എന്നിവരുടെ പേരില്‍ 40 ലക്ഷം രൂപ പയ്യന്നൂര്‍ റെയില്‍വേ ഗേറ്റ് ബ്രാഞ്ചില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി മാറ്റിയെന്നാണ് ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നത്. 2016 നവംബര്‍ 3-നാണ് ഈ തുക നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയത്. 2018 വരെ രണ്ട് വര്‍ഷക്കാലം ഈ തുക നേതാക്കളുടെ പേരില്‍ ബാങ്കില്‍ തുടര്‍ന്നു. പാര്‍ട്ടിയില്‍ ഫണ്ട് തട്ടിപ്പ് വലിയ തര്‍ക്കമായതോടെ 40 ലക്ഷം രൂപ അക്കൗണ്ടിലേക്ക് തിരിച്ചടച്ചെങ്കിലും, ഈ രണ്ട് വര്‍ഷം കൊണ്ട് ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ പലിശ നേതാക്കള്‍ സ്വന്തം ആവശ്യത്തിന് എടുത്തു എന്നാണ് വി. കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നത്.
രക്തസാക്ഷിയുടെ കുടുംബത്തിന് നല്‍കേണ്ട പണം നേതാക്കളുടെ സ്വകാര്യ സമ്പാദ്യമാക്കി മാറ്റിയത് ക്രിമിനല്‍ കുറ്റമാണെന്ന ആക്ഷേപം ശക്തമാണ്. 2016 ഓഗസ്റ്റ് 16-നാണ് ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ നിധി രൂപീകരിച്ചത്. വെറും രണ്ട് മാസത്തിനുള്ളില്‍ 63 ലക്ഷത്തിലധികം രൂപ അക്കൗണ്ടിലെത്തിയിരുന്നു. ഈ തുക ധനരാജിന്റെ കുടുംബത്തിന് കൈമാറുന്നതിന് പകരം, അതില്‍ നിന്ന് 40 ലക്ഷം രൂപ വകമാറ്റി നേതാക്കള്‍ സ്വന്തം അക്കൗണ്ടിലിട്ട് പലിശ കൊയ്തു. പാര്‍ട്ടിക്കുള്ളിലെ വിശ്വാസ്യത തകര്‍ക്കുന്ന ഈ പലിശ തട്ടിപ്പ് തിരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്നത് സി.പി.എമ്മിന് വലിയ തിരിച്ചടിയായി.
കൂടാതെ, അഞ്ച് ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം പേരിലാക്കിയെന്നും ഇത് ഭവന നിര്‍മ്മാണത്തിന് ചെലവഴിച്ചതായി കാണിക്കാന്‍ കള്ളരേഖകള്‍ ഉണ്ടാക്കിയെന്നും ആരോപണമുണ്ട്. രക്തസാക്ഷികളുടെ പേരില്‍ വൈകാരികമായി ജനങ്ങളെ സമീപിച്ചു പിരിച്ചെടുക്കുന്ന പണം നേതാക്കള്‍ സ്വന്തം പോക്കറ്റിലാക്കുന്ന രീതിയാണ് പയ്യന്നൂരില്‍ തെളിഞ്ഞിരിക്കുന്നത്. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെപ്പോലും വഞ്ചിക്കുന്ന തരത്തിലുള്ള ഈ പലിശ തട്ടിപ്പ് സി.പി.എമ്മിന്റെ ധാര്‍മ്മികതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്.
ബാങ്ക് രേഖകള്‍ സഹിതം പുറത്തുവന്ന ഈ വെളിപ്പെടുത്തലുകള്‍ ഗൗരവകരമായ അന്വേഷണം അര്‍ഹിക്കുന്നതാണ്. രക്തസാക്ഷി ഫണ്ടില്‍ പോലും കൈയിട്ടു വാരുന്ന നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും, രേഖകള്‍ പുറത്തുവന്നതോടെ പൊതുസമൂഹത്തിന് മുന്നില്‍ മറുപടി പറയാന്‍ സി.പി.എം. നിര്‍ബന്ധിതരായിരിക്കുകയാണ്. പലിശ പണം സ്വന്തമാക്കി നേതാക്കള്‍ നടത്തിയ ഈ പകല്‍ക്കൊള്ള പയ്യന്നൂരിലെ ഇടതു രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുകയാണ്. പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയില്‍ കുഞ്ഞികൃഷ്ണന്‍ മത്സരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ അടക്കം ഈ ഫണ്ട് തട്ടിപ്പ് കുഞ്ഞികൃഷ്ണന്‍ ചര്‍ച്ചയാക്കുന്നുണ്ട്.
സിപിഎമ്മിന്റെ ഉരുക്ക് കോട്ടയാണ് പയ്യന്നൂര്‍. ഇവിടെ കുഞ്ഞികൃഷ്ണന്‍ മത്സരിക്കുന്നത് സിപിഎമ്മിന് കടുത്ത വെല്ലുവിളിയാണ്. ഇതിനിടെയാണ് ഫണ്ട് തട്ടിപ്പിലെ രേഖകള്‍ പുറത്തേക്ക് വരുന്നതും. കണ്ണൂരില്‍ ഉടനീളം ഇത് ചലനം സൃഷ്ടിക്കുന്നുവെന്നതാണ് വസ്തുത.


