- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിന്‍വലിക്കണം; ഉന്നയിച്ച ആരോപണം അതേ മീഡിയ വഴി തിരുത്തി നല്‍കണം; അപകീര്‍ത്തികരമായ ആക്ഷേപങ്ങള്‍ എല്ലാം വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണം; ഷര്‍ഷാദിന് നോട്ടീസ് അയച്ച് എംവി ഗോവിന്ദന്‍; പ്രതിരോധം സിപിഎം നിര്‍ദ്ദേശ പ്രകാരം
തിരുവനന്തപുരം: കത്ത് ചോര്‍ച്ച വിവാദത്തില്‍ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വ്യവസായി മുഹമ്മദ് ഷെര്‍ഷാദിന് വക്കീല്‍ നോട്ടീസയച്ചു. മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ഉന്നയിച്ച ആരോപണം അതേ മീഡിയ വഴി തിരുത്തി നല്‍കണമെന്നും അപകീര്‍ത്തികരമായ ആക്ഷേപങ്ങള്‍ എല്ലാം വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്നും വക്കീല്‍ നോട്ടീസിലുണ്ട്.
സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് ചെന്നൈ വ്യവസായി നല്‍കിയ പരാതി കോടതി രേഖയായ വിവാദത്തില്‍ സിപിഎം നടപടികളിലേക്ക് പോകില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. തിരഞ്ഞെടുപ്പ് വര്‍ഷമായതു കൊണ്ട് തന്നെ തല്‍കാലം ഈ വിഷയത്തില്‍ ചര്‍ച്ച ഉണ്ടാകില്ല. അതിനെ വെറുമൊരു കുടുംബ തര്‍ക്കമായി കണ്ട് അവഗണിക്കാനാണ് തീരുമാനം. പരാതിക്കാരനായ മുഹമ്മദ് ഷര്‍ഷാദും ഭാര്യയുമായുള്ള വിവാഹ മോചന കേസും മറ്റ് പ്രശ്നങ്ങളുമാണ് ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണമെന്ന് സിപിഎം പ്രചരണം നടത്തും. ഇതിന്റെ ഭാഗമാണ് വക്കീല്‍ നോട്ടീസ്.
കഴിഞ്ഞ ദിവസങ്ങളിലാണ് സിപിഎം പാര്‍ട്ടി നേതാക്കള്‍ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നല്‍കിയ പരാതി ചോര്‍ന്നത്. കത്ത് ചോര്‍ച്ചക്ക് പിന്നില്‍ എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് കാണിച്ച് മാഹിയിലെ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് ജനറല്‍ സെക്രട്ടറി എം.എ. ബേബിക്ക് കത്ത് നല്‍കിയിരുന്നു. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധിയായ രാജേഷ് കൃഷ്ണയെ പുറത്താക്കിയത് ഷെര്‍ഷാദിന്റെ പരാതിയിലായിരുന്നു.
നേതാക്കള്‍ക്കെതിരായ അതിഗുരുതരമായ ആരോപണങ്ങള്‍ അടങ്ങിയ പിബിക്ക് ലഭിച്ച പരാതിയാണ് ചോര്‍ന്നത്. പരാതി ചോര്‍ന്നതിലും അടിമുടി ദുരൂഹത നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരായ മാനനഷ്ടക്കേസിലെ തെളിവായി രാജേഷ് കൃഷ്ണ തന്നെയാണ് ഷെര്‍ഷാദിന്റെ പരാതി ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരാക്കുന്നത്. രാജേഷ് കൃഷ്ണയും സംസ്ഥാനത്തെ പ്രമുഖരായ പാര്‍ട്ടി നേതാക്കളുമായി വലിയ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് പരാതിയുടെ ഉള്ളടക്കം.
അഴിമതി ചര്‍ച്ചകള്‍ ഉയരുന്ന സാഹചര്യത്തിലാണ് വക്കീല്‍ നോട്ടീസ് അയയ്ക്കല്‍. കൊല്ലത്തെ ശുചിത്വ സാഗരം പദ്ധതിയില്‍ ഉള്‍പ്പെടെ ഖജാനാവിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ല. വ്യക്തിപരമായ പ്രശ്നങ്ങള്‍ മാത്രമാണ് വിവാദത്തിന് കാരണം. ഷര്‍ഷാദിന്റെ മുന്‍ ഭാര്യയുടെ വിശദീകരണത്തോടെ ആ വിവാദം തീര്‍ന്നുവെന്നാണ് സിപിഎം വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ആരോപണ വിധേയരെല്ലാം പ്രതികരണവുമായി എത്തിയത്. സര്‍ക്കാരിനെതിരായ അഴിമതി ചര്‍ച്ചയായി ഇതിനെ മാറ്റാന്‍ അനുവദിക്കില്ല. തുടര്‍ഭരണം ലക്ഷ്യമിട്ട് സിപിഎം മുമ്പോട്ട് പോകുന്നതിനാല്‍ തല്‍കാലം ഈ വിഷയത്തില്‍ സിപിഎം ദേശീയ നേതൃത്വവും മൗനം പാലിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആരോപണത്തെ എംവി ഗോവിന്ദന്‍ നേരിട്ട് പ്രതിരോധിക്കും. ഇതിന്റെ ഭാഗമാണ് വക്കീല്‍ നോട്ടീസ് അയയ്ക്കല്‍.
രാജേഷ് കൃഷ്ണയുമായി അകലം പാലിക്കാന്‍ എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും നിര്‍ദ്ദേശവും സിപിഎം നല്‍കും. അവതാരങ്ങളുടെ ഇടപെടല്‍ പലപ്പോഴും പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മതിയായ കരുതല്‍ തുടരും. സിപിഎം ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും രണ്ടു തട്ടിലാണെന്ന വിലയിരുത്തലുകള്‍ ഒഴിവാക്കാനും ബോധപൂര്‍വ്വ ശ്രമം ഇനി പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടാകും.