- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ കെണി വച്ച് പുറത്താക്കിയത് സിപിഎം; മലപ്പുറത്തെ പാര്‍ട്ടിക്ക് വേണ്ടപ്പെട്ട വ്യവസായിയുടെ മരം കൊള്ള കേസ് മുക്കാന്‍ നായനാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും വഴങ്ങാത്തതിന് നീലന്‍ ശിക്ഷ; ലൈംഗിക പീഡന കേസില്‍ കുടുക്കി പുറത്താക്കിയെന്ന് നായനാരുടെ സെക്രട്ടറിയുടെ വെളിപ്പെടുത്തലുമായി ലേഖനം
മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ കെണി വച്ച് പുറത്താക്കിയത് സിപിഎം;
തിരുവനന്തപുരം: 1996-2001 കാലഘട്ടത്തില്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ വനം-ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാരെ ലൈംഗിക പീഡന കേസില്‍ കുടുക്കിയതിന് പിന്നില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നെന്ന് വെളിപ്പെടുത്തല്‍. അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുരളീധരന്‍ നായരാണ് ഈ വിവരം മുന്‍ കേരളകൗമുദി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ബി.സി. ജോജോയോട് വെളിപ്പെടുത്തിയത്. കലാകൗമുദി വാരികയിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരള കൗമുദിയുടെ മുന്‍ ലേഖകനായ എസ് ജഗദീഷ് ബാബു എഴുതിയ ' കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും അജ്ഞാത യുവതിയും' എന്ന ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മലപ്പുറം കേന്ദ്രീകരിച്ചുള്ള ഒരു വ്യവസായിയുടെ മരം കൊള്ള കേസ് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നായനാര്‍ നീലനെ സമ്മര്‍ദ്ദം ചെലുത്തിയിട്ടും വഴങ്ങാത്തതാണ് മന്ത്രിയെ കുടുക്കാന്‍ കാരണമായതെന്ന് മുരളീധരന്‍ നായര്‍ വ്യക്തമാക്കിയതായി ലേഖനത്തില്‍ പറയുന്നു. കേസ് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചെങ്കിലും, രേഖാമൂലം ഉത്തരവ് നല്‍കണമെന്ന നിലപാടിലായിരുന്നു നീലലോഹിതദാസന്‍ നാടാര്‍. ഈ വിഷയത്തില്‍ അന്നത്തെ എല്‍.ഡി.എഫ്. കണ്‍വീനറായിരുന്ന വി.എസ്. അച്യുതാനന്ദന്റെ പിന്തുണയും മന്ത്രി തേടിയിരുന്നു. അഴിമതിയുണ്ടെങ്കില്‍ അത് അനുസരിക്കേണ്ടതില്ലെന്നായിരുന്നു വി.എസിന്റെ പ്രതികരണം.
പാര്‍ട്ടിക്ക് താല്പര്യമുള്ള ഒരു വ്യവസായിക്ക് വേണ്ടിയാണ് നീലനെ കുടുക്കിയത്. ഗതാഗത സെക്രട്ടറി ആയിരുന്ന നളിനി നെറ്റോയെ ഔദ്യോഗിക മുറിയില്‍ വെച്ച് മന്ത്രി കടന്നുപിടിച്ചുവെന്നതായിരുന്നു പരാതി. ഈ ആരോപണത്തെത്തുടര്‍ന്ന് നീലലോഹിതദാസന്‍ നാടാര്‍ക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. എന്നാല്‍, തന്റെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത ഒരു പ്രവൃത്തിയും താന്‍ ചെയ്തിട്ടില്ലെന്ന് അദ്ദേഹം അന്ന് തന്നെ ഉറപ്പിച്ചു പറഞ്ഞിരുന്നു.
'അടുത്ത കാലത്ത് അന്തരിച്ച കേരള കൗമുദിയുടെ എക്സിക്യുട്ടീവ് എഡിറ്ററായിരുന്ന ബിസി ജോജോ മരിക്കുന്നതിന് ഒരു മാസം മുമ്പ് എന്നെ വിളിച്ച് സംസാരിക്കുന്നതിനിടയില്‍ നീലലോഹിതദാസിന്റെ രാജിയെക്കുറിച്ച് നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന മുരളീധരന്‍ നായര്‍ നടത്തിയ വെളിപ്പെടുത്തല്‍ പറഞ്ഞിരുന്നു. രോഗബാധിതനായി കിടക്കുമ്പോഴാണ് ജോജോയെ കാണണമെന്ന് ആവശ്യപ്പെട്ടത്. വീട്ടില്‍ ചെന്ന ജോജോയോട് തനിക്ക് കുറ്റബോധമുള്ള ഒരു സംഭവം പറയാനാണ് വിളിപ്പിച്ചതെന്ന് പറഞ്ഞു കൊണ്ടാണ് വനം മന്ത്രിയായിരുന്ന നീലലോഹിതദാസിന്റെ രാജിക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് ഏറ്റു പറഞ്ഞത്.
മലപ്പുറംകാരനായ ഒരു വ്യവസായി നടത്തിയ മരം കൊള്ളയുടെ കേസായിരുന്നു ഇതിന് പിന്നില്‍. കേസ് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നായനാര്‍ വനം മന്ത്രി നീലനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എഴുതി നല്‍കണമെന്ന നിലപാടാണ് നീലന്‍ സ്വീകരിച്ചത്. ഇക്കാര്യം അന്ന് എല്‍ഡിഎഫ് കണ്‍വീനറായിരുന്ന വി എസിനെ (വി എസ് അച്യുതാനന്ദന്‍ ) നേരില്‍ കണ്ട് അറിയിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ താല്‍പര്യം നടപ്പാക്കാനാണ് നായനാര്‍ നീലനോട് ആവശ്യപ്പെട്ടത്. അഴിമതി ഉണ്ടെങ്കില്‍ അത് അനുസരിക്കേണ്ട എന്ന് വിഎസ് പറഞ്ഞു. വിഎസ് നല്‍കിയ ബലത്തിലായിരുന്നു നീലലോഹിതദാസിന്റെ ഉറച്ച നിലപാട്. ഈ സംഭവത്തിന്റെ അനന്തരഫലമായിരുന്നു ഐഎഎസുകാരിയുടെ ആരോപണമെന്നാണ് മുരളീധരന്‍ നായര്‍ രോഗശയ്യയില്‍ കിടന്നു കൊണ്ട് ജോജോയോട് നടത്തിയ ഏറ്റുപറച്ചില്‍. ഓരോ സ്ത്രീ പീഡനക്കേസിന്റേയും പിന്നില്‍ ഇത്തരം ദുരൂഹമായ സംഭവങ്ങള്‍ ഉണ്ടെന്ന് കാണാം'' എന്നാണ് ജഗദീഷ് ബാബുവിന്റെ ലേഖനത്തില്‍ പറയുന്നത്.
ഒരു മന്ത്രിയെ ലൈംഗിക പീഡന കേസില്‍ കുടുക്കുന്നത് പാര്‍ട്ടി തീരുമാനമായിരുന്നു എന്ന ആരോപണം ഗുരുതരമായ വിഷയമാണ്.
നായനാര്‍ മന്ത്രിസഭയില്‍ വനം -ഗതാഗത മന്ത്രിയായിരുന്ന ജനതാദളിന്റെ നീലലോഹിതദാസ് നാടാര്‍ക്കെതിരെ പരാതി നല്‍കാന്‍ ഇടയായ ലസംഭവം നടന്നത് 1999 ഡിസംബര്‍ 21 നാണ്.