- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭീഷണി വേണ്ട, നിയമപരമായി നീങ്ങാം' എന്ന കടുംപിടുത്തം ഉപേക്ഷിച്ചു; എയ്ഡഡ് സ്കൂള്‍ ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ സഭകളുമായി സിപിഎം അനുനയ ചര്‍ച്ചയ്ക്ക്; ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പിനെ നേരില്‍ കണ്ടുള്ള ചര്‍ച്ച പോസിറ്റീവെന്ന് മന്ത്രി വി ശിവന്‍കുട്ടി; തിങ്കളാഴ്ച സഭാ പ്രതിനിധികളുടെ യോഗവും
ക്രൈസ്തവ സഭകളുമായി സിപിഎം അനുനയ ചര്‍ച്ചയ്ക്ക്
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണ വിഷയത്തില്‍ കത്തോലിക്കാ സഭകളുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. വിഷയത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് തോമസ് തറയിലിനെ നേരില്‍ കണ്ട് ഉറപ്പ് നല്‍കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഉടലെടുത്ത വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അനുനയ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പ് മാര്‍ തോമസ് തറയിലുമായുള്ള ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. സര്‍ക്കാര്‍-സഭ തര്‍ക്കം പരിഹരിച്ച് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.
നേരത്തെ, സംവരണ വിഷയത്തില്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ മന്ത്രി സ്വീകരിച്ച കടുത്ത നിലപാട് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 'ഭീഷണി വേണ്ട, നിയമപരമായി നീങ്ങാം' എന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിവിധ ക്രൈസ്തവ സഭകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് വെച്ച് മന്ത്രി വി. ശിവന്‍കുട്ടി ബിഷപ്പുമായി അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത്. വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണാമെന്ന് മന്ത്രി ബിഷപ്പിന് ഉറപ്പ് നല്‍കി.
ഓര്‍ത്തഡോക്‌സ് സഭയടക്കം ആശങ്ക അറിയിച്ച ഈ വിഷയത്തില്‍ പരിഹാരം കാണുന്നതിനായി സര്‍ക്കാര്‍ തിങ്കളാഴ്ച വിവിധ സഭകളുടെ പ്രതിനിധികളുമായി യോഗം വിളിച്ചിട്ടുണ്ട്. വിവിധ മാനേജ്മെന്റുകളുമായി ആശയവിനിമയം നടത്തിയ ശേഷമാകും സംവരണ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.
അധ്യാപക നിയമനങ്ങളിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച് സര്‍ക്കാര്‍ തലത്തിലും സഭ തലത്തിലുമുണ്ടായ അഭിപ്രായഭിന്നതകള്‍ ലഘൂകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് മന്ത്രി അതിരൂപത ആസ്ഥാനത്തെത്തിയത്.