തിരുവനന്തപുരം: തലസ്ഥാനത്തെ സാംസ്‌കാരിക സായാഹ്നങ്ങളെ ധന്യമാക്കേണ്ട നിശാഗന്ധി നൃത്തോത്സവത്തിന് നിറം മങ്ങിയ തുടക്കമന്ന് വിമര്‍ശനം. ഇത്രയും മോശമായൊരു തുടക്കം ചരിത്രത്തിലുണ്ടായിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയയിലെ കുറിപ്പുകള്‍ സൂചിപ്പിക്കുന്നത്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രശസ്തമായ ഈ മേള, അതിന്റെ സംഘാടനപ്പിഴവുകള്‍ കൊണ്ടും മൂല്യശോഷണം കൊണ്ടും വെറുമൊരു 'നഴ്സറി നിലവാര'ത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന വിമര്‍ശനം ശക്തമാകുന്നു. കേരള ടൂറിസം വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറും നിശാഗന്ധിയുടെ പല മികച്ച മാതൃകകളുടെയും ഉപജ്ഞാതാവുമായ പ്രശാന്ത് വാസുദേവ് ഉന്നയിച്ച ഗൗരവകരമായ ആക്ഷേപങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മന്ത്രിമാരൊഴിഞ്ഞ വേദി; അവഗണനയുടെ നിഴലില്‍ പുരസ്‌കാര ജേതാവ്

ഉദ്ഘാടന ചടങ്ങിന് എത്തുമെന്ന് പരസ്യപ്പെടുത്തിയ മൂന്ന് മന്ത്രിമാരും വരാതിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ടൂറിസം മന്ത്രി വീഡിയോയിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍, പ്രശസ്ത മണിപ്പൂരി നര്‍ത്തകി പത്മശ്രീ ദര്‍ശന ജാവേരിക്ക് സംസ്ഥാനത്തിന്റെ പരമോന്നത സാംസ്‌കാരിക ബഹുമതികളിലൊന്നായ 'നിശാഗന്ധി പുരസ്‌കാരം' സമ്മാനിച്ചത് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി കെ പ്രശാന്ത് ആണ്. ഒന്നര ലക്ഷം രൂപ പുരസ്‌കാര തുകയുള്ള ഒരു സംസ്ഥാന ബഹുമതി നല്‍കാന്‍ ഒരു മന്ത്രി പോലും എത്താതിരുന്നത് പുരസ്‌കാര ജേതാവിനോടും കലയോടുമുള്ള അനാദരവാണെന്ന് പ്രശാന്ത് വാസുദേവ് ചൂണ്ടിക്കാട്ടുന്നു.

ബ്രോഷറില്‍ 'മന്ത്രിത്തലകള്‍'; നര്‍ത്തകര്‍ പുറത്ത്

ടൂറിസം പ്രമോഷന് വേണ്ടി ലോകമെമ്പാടും അയക്കുന്ന ഇ-ബ്രോഷറുകളില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ ചിത്രങ്ങള്‍ക്ക് പകരം മുഖ്യമന്ത്രിയുടെയും ടൂറിസം മന്ത്രിയുടെയും ചിത്രങ്ങള്‍ നിറയുന്നത് സ്വജനപക്ഷപാതത്തിന്റെ തെളിവാണെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു.

ദേശീയ പ്രാധാന്യമുള്ള ഒരു നൃത്തോത്സവത്തിന്റെ കവര്‍ പേജില്‍ വരേണ്ടത് അതിലെ പ്രധാന നര്‍ത്തകരുടെ ചിത്രങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ ബ്രോഷര്‍ കണ്ടാല്‍ ഈ മന്ത്രിമാരാണ് പ്രധാന നര്‍ത്തകര്‍ എന്ന് ഒരു വിദേശിക്ക് തോന്നിയാല്‍ അത്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം പരിഹസിച്ചു. ചിത്രങ്ങള്‍ക്ക് താഴെ പേരുപോലും നല്‍കാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു.

വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനോ തറക്കല്ലിടലിനോ ഭരണാധികാരികളുടെ ചിത്രം വയ്ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നിശാഗന്ധി എന്നത് ഒരു ഭരണനേട്ടമല്ല, മറിച്ച് ടൂറിസം പ്രമോഷന്റെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടിയാണ്. ഇവിടെ പ്രസക്തി കലാകാരന്മാര്‍ക്കാണ്, മന്ത്രിമാര്‍ക്കല്ല.

മുന്‍പ് കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണമുണ്ടായിരുന്നു. അക്കാലത്ത് ബ്രോഷറുകളില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ കുത്തിനിറയ്ക്കുന്ന രീതി ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സ്വന്തം ചിത്രങ്ങള്‍ വയ്ക്കാതെ ഒരു നോട്ടീസോ ബ്രോഷറോ പുറത്തിറക്കാന്‍ മന്ത്രി ഓഫീസുകള്‍ അനുവദിക്കാത്ത സാഹചര്യം നിലവിലുണ്ട്. ഏത് ഫോട്ടോ വേണമെന്ന് പോലും അവര്‍ നിഷ്‌കര്‍ഷിക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഇത്തരം കാര്യങ്ങളില്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്നും, ഇത് ഉദ്യോഗസ്ഥരുടെ ദുര്യോഗമാണെന്നും പ്രശാന്ത് വാസുദേവ് പറഞ്ഞു. സാംസ്‌കാരിക പരിപാടികളെ രാഷ്ട്രീയ പരസ്യമാക്കി മാറ്റുന്നത് ടൂറിസം വകുപ്പിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

പൂരപ്പറമ്പ് ശൈലിയും ദാരിദ്ര്യം മണക്കുന്ന സംഘാടനവും

നിശാഗന്ധിയുടെ ഐഡന്റിറ്റിയായിരുന്ന ഒ.എന്‍.വി - റിഗാറ്റ ടീമിന്റെ ടൈറ്റില്‍ സോങ് ഇത്തവണ ഒഴിവാക്കപ്പെട്ടു. ലൈവ് ഓര്‍ക്കസ്ട്രയ്ക്ക് പകരം പ്രീ-റെക്കോര്‍ഡഡ് ട്രാക്കുകളില്‍ നൃത്തം അവതരിപ്പിക്കപ്പെട്ടത് ആസ്വാദകരെ നിരാശരാക്കി. വൈദ്യുതി തടസ്സവും, ശൂന്യമായ കസേരകളും, ഉത്സവപ്പറമ്പിലെ പോലെ സിനിമ പാട്ടുകള്‍ ഉള്‍പ്പെടുത്തിയതും മേളയുടെ ഗാംഭീര്യം കെടുത്തി.

അര്‍ഹരായ പ്രതിഭകളെ തഴഞ്ഞ് സ്ഥിരം മുഖങ്ങളെയും തട്ടിക്കൂട്ട് പ്രകടനങ്ങളെയും ഉള്‍പ്പെടുത്തി എന്നതാണ് മ്‌റ്റൊരു വിമര്‍ശനം. കലാകാരന്മാരെ പരിചയപ്പെടുത്തുന്ന 'Meet the Artist' പോലുള്ള പരിപാടികള്‍ നിര്‍ത്തലാക്കി. നര്‍ത്തകര്‍ക്ക് പകരം മന്ത്രിമാരുടെ തലകള്‍ ഫ്‌ലക്‌സുകളില്‍ നിറയുന്ന രാഷ്ട്രീയ അതിപ്രസരം. ഉദ്ഘാടന ദിവസം പോലും സദസ്സ് ഒഴിഞ്ഞുകിടന്നത് സംഘാടനത്തിന്റെ പരാജയമായി കണക്കാക്കപ്പെടുന്നു.സാംസ്‌കാരിക കേരളത്തിന്റെ അഭിമാനമായ നിശാഗന്ധിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുള്ള വേദിയാക്കാതെ, അതിന്റെ പഴയകാല പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് കലാലോകത്തിന്റെ ആവശ്യം.

ടൂറിസം വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് വാസുദേവിന്റെ കുറിപ്പ് വായിക്കാം

രാവിലെ ഏറെ നിരാശയോടെയും ദുഃഖത്തോടെയുമാണ് കേരളത്തിലെ ഏറ്റവും പ്രശസ്തയായ ആ ഡാന്‍സ് ടീച്ചര്‍ എന്നെ വിളിക്കുന്നത്. രണ്ടു ദിവസം മുമ്പും അവര്‍ സംസാരിച്ചിരുന്നു.

സംസ്ഥാന ടൂറിസം വകുപ്പ് എല്ലാവര്‍ഷവും ടൂറിസം പ്രൊമോഷനു വേണ്ടി നടത്തുന്ന നിശാഗന്ധി ഫെസ്റ്റിവലിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും മൂല്യശോഷണത്തെക്കുറിച്ചുമായിരുന്നു അവരുടെ ദുഃഖം.

ഇന്നലെ നിശാഗന്ധിയുടെ ഉദ്ഘാടനമായിരുന്നു. ടൂറിസം പ്രൊമോഷന് വേണ്ടിയുള്ള ഒരു സാംസ്‌കാരിക പരിപാടിയുടെ ലോകമെമ്പാടും പോകുന്ന ഇ -ബ്രോഷറില്‍ അതിലെ പ്രധാന നര്‍ത്തകരുടെ ഫോട്ടോകള്‍ കവര്‍ പേജില്‍ കൊടുക്കാതെ, കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രിയുടെയും ടൂറിസം മന്ത്രിയുടെയും ഫോട്ടോകള്‍ പേരുപോലും കൊടുക്കാതെ കവറില്‍ ഉള്‍ക്കൊള്ളിച്ചതിനെ പരാമര്‍ശിച്ച് ഞാന്‍ മുമ്പ് ഒരു പോസ്റ്റ് ഇട്ടിരുന്നു.

തുടര്‍ന്ന് ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളിലും അതുതന്നെ ആവര്‍ത്തിക്കപ്പെട്ടു. നമ്മള്‍ എഴുതിയത് കൊണ്ടു മാത്രം മാറ്റപ്പെടേണ്ടതല്ലല്ലോ സര്‍ക്കാരിന്റെ നയങ്ങളും

രാഷ്ട്രീയ ചിന്തകളും ! അതങ്ങനെ മാറും എന്ന് വിശ്വസിക്കാന്‍ നമ്മള്‍ മണ്ടന്മാരും അല്ലല്ലോ! ഇന്നലെ ഉദ്ഘാടനത്തിന് മൂന്നു മന്ത്രിമാരുടെ പേരാണ് ക്ഷണക്കത്തുകളിലും പരസ്യത്തിലും ഉണ്ടായിരുന്നത്.

പക്ഷേ ഒരു മന്ത്രി പോലും എത്തിയില്ലത്രേ ! ടൂറിസം മന്ത്രി വീഡിയോയിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു ! ഉദ്ഘാടനത്തിന് ഒരു കോറിയോഗ്രാഫി പോലും ഉണ്ടായിരുന്നില്ല. പതിവിനു വിപരീതമായി ഉത്സവപ്പറമ്പിലെ പോലെ ആദ്യം കുറെ സിനിമാ പാട്ടുകളും.

ഏറ്റവും ദുഃഖകരമായി അവര്‍ പറഞ്ഞത്, ഒന്നര ലക്ഷം രൂപ അവാര്‍ഡ് തുകയായി നല്‍കുന്ന 'നിശാഗന്ധി പുരസ്‌കാരം' പത്മശ്രീ ദര്‍ശന ജാവേരിയ്ക്ക് സമ്മാനിച്ചത് ശ്രീ.വി.കെ. പ്രശാന്ത് MLA ആണ് എന്നതാണ്.

അദ്ദേഹം അതിന് അര്‍ഹതയില്ലാത്ത ആളോ മോശക്കാരനോ അല്ല. പക്ഷേ സംസ്ഥാന സര്‍ക്കാരിന്റെ ഒരു 'പരമോന്നത ബഹുമതി' നല്‍കാന്‍ ഒരു മന്ത്രിയെങ്കിലും ആ ചടങ്ങില്‍ പങ്കെടുക്കേണ്ടതായിരുന്നില്ലേ ?

കേരളത്തിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും പ്രശസ്തമായ ഒന്നോ രണ്ടോ വ്യക്തിത്വങ്ങള്‍ എങ്കിലും ആ ചടങ്ങില്‍ ഉണ്ടാകേണ്ടതായിരുന്നില്ലേ ?സാംസ്‌കാരിക രംഗത്ത് നിന്നും ഒരാള്‍ പോലും ഉണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

2013 ല്‍ 'നിശാഗന്ധി പുരസ്‌കാരം' എന്ന ആശയം ഫയലിലൂടെ അവതരിപ്പിക്കുമ്പോള്‍ ഓരോ വര്‍ഷവും അതിനു ലഭിക്കേണ്ടുന്ന പ്രാധാന്യത്തെക്കുറിച്ച് എന്റെ മനസ്സില്‍ ഒരുപാട് മോഹങ്ങള്‍ ഉണ്ടായിരുന്നു. ഏതു മുഖ്യധാരാ മാധ്യമത്തിലാണ് ഈ അവസരത്തില്‍ പത്മശ്രീ ദര്‍ശന ജാവേരിയെക്കുറിച്ച് വിശദമായി നമ്മള്‍ വായിച്ചത്! ഞാന്‍ കണ്ടില്ല.

Meet The Press പോലെ നിശാഗന്ധി ഫെസ്റ്റിവലിന് Meet The Artist എന്നൊരു ആശയം ഞാന്‍ കൊണ്ടുവന്നിരുന്നു. പെര്‍ഫോമന്‍സിന്റെ തലേന്ന് മാസ്‌കറ്റ് ഹോട്ടലില്‍ മാധ്യമങ്ങള്‍ ആര്‍ട്ടിസ്റ്റിനെ കണ്ടുമുട്ടുന്നു.

അവരുമായി സംസാരിക്കുന്നു. അതിന്റെ ഗുണം എന്തെന്നാല്‍ പെര്‍ഫോമന്‍സ് ദിവസം മാധ്യമങ്ങളില്‍ അതിനു വലിയ പബ്ലിസിറ്റി കിട്ടും. കലാകാരനെക്കുറിച്ചും അവരവതരിപ്പിക്കുന്ന പ്രൊഡക്ഷനെക്കുറിച്ചും ശരിയായ ബോധ്യം ആസ്വാദകര്‍ക്ക് ലഭിക്കും. അതെല്ലാം ജലരേഖകളായി !

നിങ്ങള്‍ ഈ കാണുന്ന 'കഥകളി മേളയും' എന്റെ ആശയമാണ്. ഡോക്ടര്‍ വേണുവിനോട് ഞാന്‍ അവതരിപ്പിച്ച് അംഗീകാരം നേടിയെടുത്തത്. ' സന്ധ്യേ വരൂ നിശാഗന്ധീ നികുഞ്ജമിതില്‍ ' എന്നു തുടങ്ങുന്ന ഒ.എന്‍.വി സാറിന്റെ ആ അവതരണഗാനവും സാജന്‍ പീറ്റര്‍ സാര്‍ ടൂറിസം ഡയറക്ടര്‍ ആയിരിക്കെ ഞാന്‍ അവതരിപ്പിച്ച് അംഗീകാരം നേടിയെടുത്തതാണ്. പ്രശസ്തനായ ശര്‍മ്മാജി വഴിയാണ് അന്ന് ഓഎന്‍വി സാറില്‍ എത്തിയത്. പലവട്ടം ഇതൊക്കെ ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്.

എഴുത്തച്ഛന്‍ പുരസ്‌കാരത്തിനും JC ഡാനിയല്‍ അവാര്‍ഡിനും 5 ലക്ഷം വീതം പുരസ്‌കാരത്തുക നല്‍കുമ്പോള്‍ പിന്നെ ഉയര്‍ന്ന തുക എന്നത് എന്റെ അറിവില്‍ ശാസ്ത്ര പുരസ്‌ക്കാരമായി നല്‍കപ്പെടുന്ന രണ്ടു ലക്ഷം രൂപയും അതുകഴിഞ്ഞ് നിശാഗന്ധി പുരസ്‌കാരത്തിന്റെ ഒന്നര ലക്ഷം രൂപയുമാണ്. ശരിക്കും ഞാനന്ന് ഫയലില്‍ നിര്‍ദ്ദേശിച്ചത് 2 ലക്ഷം രൂപയാണ്. അന്ന് ടൂറിസം ഡയറക്ടറായിരുന്ന ശ്രീമതി റാണി ജോര്‍ജ് അത് ഒന്നര ലക്ഷം രൂപയായി കുറയ്ക്കുകയായിരുന്നു. സാജന്‍ പീറ്റര്‍ സാറും വേണു സാറും ശ്രീമതി റാണി ജോര്‍ജും ഇന്നും ജീവിച്ചിരിപ്പുണ്ട്. പുരസ്‌കാരത്തിന്റെ തുക വച്ചല്ല തീര്‍ച്ചയായും പുരസ്‌കാരമളക്കേണ്ടത്.

സര്‍ക്കാരിന്റെ പുരസ്‌കാരത്തിന് ഉയര്‍ന്ന തുക നല്‍കപ്പെടുമ്പോള്‍ പുരസ്‌കാരത്തിന്റെ മൂല്യവും വര്‍ദ്ധിക്കുന്നു എന്നത് പക്ഷേ വാസ്തവം.

ശ്രീമതി ദര്‍ശന ജാവേരിയ്ക്ക് വേണ്ടത്ര പ്രാധാന്യം ടൂറിസം വകുപ്പ് നല്‍കിയില്ല എന്നതില്‍ എനിക്കും ദുഃഖമുണ്ട്. മാത്രമല്ല എന്നെ വിളിച്ച ടീച്ചറിനോട് ഇന്ത്യയിലെമ്പാടും നടക്കുന്ന നൃത്ത -സംഗീത ഫെസ്റ്റിവലുകള്‍ ഓടി നടന്നു കാണുന്ന മലപ്പുറത്തെ ഒരു ചെറുപ്പക്കാരന്‍ ( അയാള്‍ മൃദംഗിസ്റ്റ് ആണ്, നന്നായി വെസ്റ്റേണ്‍ ചെയ്യുന്ന ആളുമാണ് എന്ന് മനസ്സിലാക്കുന്നു ) ചോദിച്ചത് നിശാഗന്ധി ഫെസ്റ്റിവലിന്റെ ബ്രോഷര്‍ കണ്ടിട്ട് 'മറ്റേതോ ഫെസ്റ്റിവലിന്റെ' ബ്രോഷര്‍ പോലെ തോന്നുന്നല്ലോ എന്നാണ്. അതിലെ സ്ഥിരം കലാകാരികളാണ് ഇവിടെയും! പേര് ഞാന്‍ മനപ്പൂര്‍വം പരാമര്‍ശിക്കാത്തതാണ്. നമ്മള്‍ നിത്യവും കണ്ടു മടുത്ത പെര്‍ഫോമന്‍സുകള്‍.

അവരെല്ലാം മോശക്കാരാണ് എന്ന അര്‍ത്ഥത്തില്‍ അല്ല പറയുന്നത്. അവരല്ലാതെ തന്നെ അവരെക്കാള്‍ പ്രശസ്തരും മിടുക്കരുമായ എത്രയോ പ്രതിഭകള്‍ ഇനിയും നിശാഗന്ധിയില്‍ വരാനിരിക്കുന്നു!

ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന നര്‍ത്തകരുടെ ലിസ്റ്റ് ചൂണ്ടിക്കാട്ടി ആ അദ്ധ്യാപിക എന്നോട് ചോദിച്ചത് എത്രപേര്‍ ഈ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളവരായി ഉണ്ട് എന്നാണ് !

സ്‌കൂള്‍ യുവജനോത്സവങ്ങളിലും യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലും പങ്കെടുത്ത് പ്രതിഭകളായി കളം നിറഞ്ഞ് പിന്നീട് ഈ രംഗത്ത് നിന്നും അപ്രത്യക്ഷമാകുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രീ കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് ഞാന്‍ വച്ച ആശയമായിരുന്നു അരമണിക്കൂര്‍ slot അവര്‍ക്കുവേണ്ടി എന്നത്.

അതിന്റെ ഇപ്പോഴത്തെ സ്ഥിതിയും പേരുകള്‍ പറഞ്ഞ് ടീച്ചര്‍ ചൂണ്ടിക്കാട്ടി. അവരെയൊന്നും എനിക്കറിയില്ല. പേരുകള്‍ പരാമര്‍ശിക്കുന്നത് ശരിയുമല്ല. ഇന്നലെ അവസാനം വളരെ ഭംഗിയായി അവതരിപ്പിക്കപ്പെട്ട മണിപ്പൂരി കാണാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് അവര്‍ പറഞ്ഞത്.

ദുഃഖമുണ്ട് സര്‍.

ദുഃഖം കൊണ്ടു മാത്രം പറഞ്ഞതാണ്.

അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധപതിയേണ്ടുന്ന ഒരു ടൂറിസം സാംസ്‌കാരിക പരിപാടിയെ നഴ്‌സറി നിലവാരത്തിലേക്ക് ദയവായി ഇനിയും താഴ്ത്തരുത്.

അപേക്ഷയാണ്.

ഇനിയുള്ള ദിവസങ്ങളില്‍ നിശാഗന്ധി നിറഞ്ഞു കവിയട്ടെ.

സ്‌നേഹം

നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും

പ്രശാന്ത് വാസുദേവ്

മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍

കേരള ടൂറിസം വകുപ്പ്

ടൂറിസം കണ്‍സള്‍ട്ടന്റ്