തൃശൂർ: ഊരിവെച്ചിരുന്ന സ്വർണമാല കൊത്തി പറന്ന കാക്കയെ നാട്ടുകാരുടെ പിന്തുടർന്ന് പിടികൂടി. കഴിഞ്ഞ ദിവസം രാവിലെയാണ് അസാധാരണ സംഭവമുണ്ടായത്. മതിലകം കുടുക്കവളവ് പതിമൂന്നാം വാര്‍ഡിലെ 77-ാം നമ്പര്‍ ശിശുഭവന്‍ അംഗണവാടി ജീവനക്കാരി ഷെർലി തോമസിന്റെ മൂന്നര പവന്റെ സ്വര്‍ണ മാലയുമായി കാക്ക മാലയും കൊണ്ട് പറന്നത്. മുറ്റമടിക്കുമ്പോൾ ചൂലിൽ കുടുങ്ങിയ മാല ഊരിവെച്ച് ബാക്കി മുറ്റമടിക്കുന്നതിനിടെയാണ് സംഭവം.

കഴിഞ്ഞ ദിവസം രാവിലെ അംഗണവാടി വൃത്തിയാക്കുമ്പോളാണ് ഷേർളിയുടെ മാല ചൂലില്‍ ഉടക്കിയത്. ഇതോടെ കോണിപ്പടിയില്‍ മാല ഊരിവെച്ച ശേഷം ഷേർളി ജോലി തുടർന്നു. മാലയ്‌ക്കൊപ്പം ഒരു ഭക്ഷണപ്പൊതിയും ഉണ്ടായിരുന്നു. ഷെർലിയുടെ കണ്ണ് തെറ്റിയ സമയത്ത് കാക്ക പറന്നുവന്നു. ഭക്ഷണം ആയിരുന്നു ലക്ഷ്യം. എന്നാൽ മാലയും കൊത്തി കാക്ക പറന്നു പോവുകയായിരുന്നു. മാല കാക്ക കൊണ്ടു പോകുന്നത് കണ്ടതോടെ ഷെർലി ബഹളം വെച്ച് പിന്നാലെ ഓടി.

ബഹളം കേട്ട് നാട്ടുകാരും കാക്കയുടെ പിന്നാലെ കൂടി. പുഞ്ചപ്പാടവും കാടും തോടും നിറഞ്ഞ പ്രദേശത്തേക്കായിരുന്നു കാക്ക മാലയും കൊണ്ട് പറന്നത്. എന്നാൽ കാക്ക തൊട്ടടുത്ത മരത്തില്‍ ഇരുന്നതാണ് രക്ഷയായത്. പിന്നാലെ ഓടിയ നാട്ടുകാരിലൊരാള്‍ കാക്കയെ ഉന്നം നോക്കി എറിഞ്ഞു. ഇതോടെ കൊക്കില്‍ നിന്നും മാല താഴേക്ക് വീണു. മൂന്നര പവന്റെ മാല തിരിച്ചുകിട്ടിയ സന്തോഷത്തിലും ആശ്വാസത്തിലും ആണ് ഷെർലി.