- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത് മാധ്യമ പ്രവര്‍ത്തകയല്ല, അമ്മയുടെ സഹോദരി! ശബ്ദം എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്നു; അര്‍ജുന്റെ മുത്തശ്ശനും പട്ടാളക്കാരന്; വിഷമത്തില്‍ കുടുംബം
കോഴിക്കോട്: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനം മലയാള മാധ്യമങ്ങള്‍ വലിയ തോതില്‍ സെന്‍സേഷണലൈസ് ചെയ്തുവെന്നത് വസ്തുതയാണ്. ആമയിഴഞ്ചാന്‍ തോടിലെ രക്ഷാപ്രവര്‍ത്തനം വലിയ തോതില്‍ കവര്‍ ചെയ്ത മാധ്യമങ്ങള്‍ അതിന് പിന്നാലെയാണ് അര്ജുന് അടക്കമുള്ളവര്‍ അപകടത്തില്‍ പെട്ട മണ്ണിടിച്ചില്‍ വാര്‍ത്തയും സെന്‍സേഷണല്‍ ആയി റിപ്പോര്‍ട്ടു ചെയ്തത്. പലപ്പോഴും പരിധിവിട്ട രീതിയിലായിരുന്നു മാധ്യമപ്രവര്‍ത്തനമെന്ന വിമര്‍ശനവും ശക്തമാണ്.
രക്ഷാപ്രവര്‍ത്തനത്തിന്റെ ദിശ വഴിതെറ്റിച്ചുവെന്ന വിമര്‍ശനവും ശക്തമായിരുന്നു. ഇതോടെ മാധ്യമങ്ങള്‍ക്കെതിരായ വിമര്‍ശനവുമായി ഒരു വിഭാഗം ആളുകള്‍ രംഗത്തുവന്നു. എന്നാല്‍ ഇക്കൂട്ടര്‍ മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ വേണ്ടി അര്‍ജുന്റെ കുടുംബത്തെയും കരുവാക്കുന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചു. എങ്ങനെയങ്കിലും മകനെ കിട്ടാന്‍ ആഗ്രഹിച്ചിരുന്ന കുടുംബത്തിന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ടാണ് പ്രചരണങ്ങള്‍ നടന്നത്.
അമ്മയെ കൊണ്ട് ഒരു മാധ്യമ പ്രവര്‍ത്തക പട്ടാളത്തിനെതിരെ പറയിച്ചു എന്ന വിധത്തിലാണ് സൈബറിടത്തില്‍ പ്രചരണം നടന്നത്. ഈ പ്രചരണത്തില്‍ കുടുംബം അതീവ ദുഖിതരാണ്. വാര്‍ത്താസമ്മേളനത്തിനിടെ അര്‍ജുന്റെ അമ്മ ഷീല പറഞ്ഞ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ടാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചരണം നടത്തിയത്. ഇതിനെതിരെ സഹികെട്ടാണ് കുടുംബം ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നത്. കൂടാതെ, സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണം നടക്കുന്നതായും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവര്‍ത്തകയെന്ന വിധത്തില്‍ ചൂണ്ടിക്കാട്ടിയത് അമ്മയുടെ സഹോദരിയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പോലീസ് ഉദ്യോഗസ്ഥയാണ് ഇവര്‍.
അര്ജുന് വീഴാന്‍ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ട് മൂടുകയാണുണ്ടായതെന്നും ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നുമാണ് കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ അമ്മ ഷീല പറഞ്ഞത്. സൈന്യം എത്തിയപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ആ പ്രതീക്ഷ ഇല്ലാതായെന്നും കേന്ദ്രത്തിന്റെ സഹായം കിട്ടിയില്ലെന്നും ഷീല പറഞ്ഞിരുന്നു. സൈബര്‍ ആക്രമണത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരെ കാണുന്നതില്‍ നിന്ന് അര്‍ജുന്റെ കുടുംബം വിട്ടുനിന്നിരുന്നു.
അര്‍ജുന്റെ അമ്മയുടെ അച്ഛന് പട്ടാളക്കാരനാണ്. അന്ന് തെരച്ചില്‍ സംബന്ധിച്ച് കുടുംബം ചില വിഷമങ്ങളും ആശങ്കകളും പറഞ്ഞിരുന്നു. അര്‍ജുന്റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. ഇത്കൂടാതെ, കേരളത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയവരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഏറ്റുമുട്ടലും സൈബിറടങ്ങളില്‍ നടക്കുന്നുണ്ട്. അപകടം നടന്ന ആദ്യ ഘട്ടത്തില്‍ അലംഭാവം കാണിച്ചെങ്കിലും പിന്നീട് ഉണര്‍ന്നു പ്രവര്‍ത്തിച്ച കര്‍ണാടക സര്‍ക്കാറിനെ കുറിച്ചും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച നടന്നിരുന്നു.
അതേസമയം അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ പത്താം നാളില്‍ എത്തിയിരിക്കുകയാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനില്‍ അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ക്കാകും പ്രഥമ പരിഗണന. ഇതിനായി റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടത്തും.
ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവര്‍മാര്‍ കാബിനില്‍ എത്തിയാകും അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. തുടര്‍ന്ന് ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. തെരച്ചില്‍ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളില്‍ ഓപ്പറേഷന് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രദേശത്തെ കനത്ത മഴയാണ് വെല്ലുവിളി. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയില്‍ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയില്‍ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടര്‍ന്നാല്‍ തെരച്ചില്‍ ദൗത്യം ദുഷ്കരമാകും.