- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അടുത്ത ലാമ തന്റെ മരണശേഷം; ടിബറ്റന്‍ ബുദ്ധ പാരമ്പര്യം തുടര്‍ന്നു പോരുന്നവരില്‍ അന്വേഷണം തുടരും; പാരമ്പര്യം മുറുകെ പിടിച്ചുതന്നെയാകും തീരുമാനം; ചൈന തീരുമാനിക്കാന്‍ വരേണ്ടെന്നും ദലൈലാമ; ടിബറ്റന്‍ ബുദ്ധിസം അവസാനിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം
ചൈന തീരുമാനിക്കാന്‍ വരേണ്ടെന്നും ദലൈലാമ
ധരംശാല: തന്റെ മരണ ശേഷം ടിബറ്റന്‍ ബുദ്ധിസത്തിന് ആത്മീയമായ പിന്‍ഗാമിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. അടുത്ത ലാമ തന്റെ മരണശേഷമാകും പിറവി കൊള്ളുകയെന്നും ദലൈലാമ വ്യക്തമാക്കി. ലാമയെ തീരുമാനിക്കുന്നതില്‍ ചൈനയ്‌ക്കെന്നല്ല മറ്റാര്‍ക്കും പങ്കില്ലെന്നും ആരും ഇടപെടാന്‍ ഒരുങ്ങേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ അനുയായികള്‍ തിബറ്റന്‍ ബുദ്ധ പാരമ്പര്യം തുടര്‍ന്നുപോരുന്നവരില്‍ നിന്നും ലാമയ്ക്കായുള്ള അന്വേഷണം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാമെന്നും പാരമ്പര്യം മുറുകെ പിടിച്ചുതന്നെയാകും തീരുമാനം പുറത്തുവരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടെ 600 വര്‍ഷം പഴക്കമുള്ള ടിബറ്റന്‍ ബുദ്ധിസം നിലവിലെ ദലൈലാമയോടെ അവസാനിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ധരംശാലയില്‍ നടക്കുന്ന നൂറിലധികം സന്യാസിമാര്‍ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കംകുറിച്ചുകൊണ്ടാണ് ദലൈലാമ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ദലൈലാമയുടെ ഓഫീസിലെ അംഗങ്ങള്‍, മുന്‍കാല പാരമ്പര്യങ്ങള്‍ക്കനുസരിച്ച് ഒരു പിന്‍ഗാമിയെ കണ്ടെത്താനും അംഗീകരിക്കാനും ടിബറ്റന്‍ ബുദ്ധമത തലവന്മാരുമായും മറ്റ് മതനേതാക്കളുമായും കൂടിയാലോചിക്കുമെന്നും പ്രസ്താവനയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാമയുടെ പിന്തുടര്‍ച്ച ഉണ്ടാകുമെന്നും അതില്‍ സംശയം വേണ്ടെന്നും പ്രസ്താവന വിശദീകരിക്കുന്നു. കഴിഞ്ഞ 14 വര്‍ഷമായി ഇക്കാര്യത്തില്‍ ലാമ മൗനം പാലിക്കുകയായിരുന്നു. പലായനത്തിലുള്ള തിബറ്റന്‍ പാര്‍ലമെന്റ്, സെന്‍ട്രല്‍ തിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍, എന്‍ജിഒകള്‍, ഹിമാലയം, മംഗോളിയ, റഷ്യന്‍ ഫെഡറേഷനിലെ ബുദ്ധിസ്റ്റ് റിപ്പബ്ലിക്കുകള്‍, ചൈന, ഏഷ്യയിലെ മറ്റിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള ബുദ്ധിസ്റ്റുകള്‍ ലാമ പാരമ്പര്യം തുടരണമെന്ന് അഭ്യര്‍ഥിക്കുകയും അതേക്കുറിച്ച് ദലൈലാമ അഭിപ്രായം വ്യക്തമാക്കണമെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് ലാമയുടെ പ്രസ്താവന.
ലാമയെ തിരഞ്ഞെടുക്കുന്നതും പ്രഖ്യാപിക്കുന്നതും സംബന്ധിച്ച് ഗാഡെന്‍ ഫൊദ്രാങ് ട്രസ്റ്റിനായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ ആറിനാണ് ദലൈലാമയ്ക്ക് 90 വയസ് തികയുന്നത്. ധരംശാലയില്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഇതോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. 'മറ്റാര്‍ക്കും ഈ വിഷയത്തില്‍ ഇടപെടാന്‍ അധികാരമില്ല' ചൈനയെ ലക്ഷ്യമിട്ടുകൊണ്ട് ദലൈലാമ വ്യക്തമാക്കി. അതേസമയം പുതിയ ദലൈലാമയെ തങ്ങളുടെ അംഗീകാരത്തിന് ശേഷമേ പ്രഖ്യാപിക്കാനാകൂ എന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.
ദലൈലാമ ടിബറ്റ് ജനതയുടെ പ്രതിനിധിയല്ലെന്നും പുതിയ ലാമയെ തങ്ങള്‍ തീരുമാനിക്കുമെന്നുമുള്ള ചൈനയുടെ പ്രസ്താവനയ്ക്കിടെയാണ് ദലൈലാമ നയം വ്യക്തമാക്കിയത്. ടിബറ്റും തയ്വാനും ചൈനയുടെ ഭാഗമാണെന്ന് ദലൈലാമ അംഗീകരിക്കണമെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ ആവശ്യം.
'ദലൈ ലാമ, പഞ്ചെന്‍ ലാമ, മറ്റ് പ്രധാനപ്പെട്ട ബുദ്ധമത വ്യക്തിത്വങ്ങള്‍ എന്നിവരുടെ പുനരവതാരം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുകയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും വേണം' 18-ാം നൂറ്റാണ്ടിലെ ക്വിങ് രാജവംശത്തിലെ ഒരു ചക്രവര്‍ത്തി അവതരിപ്പിച്ച രീതിയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ആണ് ചൈനീസ് നിലപാട് വ്യക്തമാക്കിയത്. ദലൈ ലാമയുടെ പ്രഖ്യാപനത്തിന് പിന്നാലെ നടന്ന പതിവ് വാര്‍ത്താ സമ്മേളനത്തില്‍ ആണ് മാവോ നിങ് ഇക്കാര്യം വിശദീകരിച്ചത്.
ചൈനീസ് സര്‍ക്കാര്‍ മതസ്വാതന്ത്ര്യ നയം നടപ്പാക്കുന്നുണ്ട്, എന്നാല്‍ മതകാര്യങ്ങളില്‍ നിയന്ത്രണങ്ങളുണ്ട്, കൂടാതെ ടിബറ്റന്‍ ബുദ്ധന്മാരുടെ പുനരവതാരം കൈകാര്യം ചെയ്യുന്നതിനുള്ള രീതികളുമുണ്ടെന്നും ചൈനീസ് വക്താവ് കൂട്ടിച്ചേര്‍ത്തു. ദലൈ ലാമ ഞായറാഴ്ച 90-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് പിന്‍ഗാമിയെ സംബന്ധിച്ചുള്ള ഈ പ്രഖ്യാപനം വരുന്നത്. ടിബറ്റന്‍ കലണ്ടര്‍ അനുസരിച്ച് ദലൈ ലാമയുടെ ജന്മദിനമായ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ 7,000-ത്തിലധികം അതിഥികള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ് വിവരം. അദ്ദേഹത്തിന്റെ അനുയായി ആയ ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗീറും സന്നിഹിതനായിരിക്കും.
കര്‍ഷക കുടുംബത്തിലെ ബാലന്‍ ദലൈലാമ ആയ കഥ
14ാമത് ദലൈലാമയായ ഖാമോ ധാന്‍ദുപ് 1935 ജൂലൈ 6നാണ് ജനിച്ചത്. ദലൈലാമ പതിമൂന്നാമന്‍ മരണമടഞ്ഞപ്പോള്‍ ഭൗതിക ശരീരം തെക്കുവശത്തേക്ക് മുഖം തിരിച്ചു വച്ചു. എന്നാല്‍ മുഖം കിഴക്കോട്ട് തിരിഞ്ഞുവെന്നാണ് ഐതീഹ്യം. ഇതനുസരിച്ച് കിഴക്കേ ദിക്കിലേക്ക് ലാമയെത്തേടി സന്യാസിവര്യന്‍മാര്‍ യാത്ര ആരംഭിച്ചു. ആ യാത്ര ചെന്നു നിന്നത് ധാന്‍ദുപിന്റെ വീടിന് മുന്‍പിലാണ്. മാതാപിതാക്കള്‍ക്ക് അറിവില്ലാത്ത ലാസന്‍ ഭാഷയടക്കം സംസാരിക്കുന്ന ആ നാലുവയസുകാരന്‍ അദ്ഭുത ബാലനെ അവര്‍ പൊടാല കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ട് പോരുകയായിരുന്നു.
ചൈനയുടെ ടിബറ്റ് ആക്രമണത്തെത്തുടര്‍ന്ന് 1959 മാര്‍ച്ച് 17ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ദലൈലാമ ഹിമാചലിലെ ധര്‍മശാല ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിച്ചു വരുന്നത്. സമാധാന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ദലൈലാമയ്ക്ക് 1989 ല്‍ നൊബേല്‍ സമ്മാനം ലഭിച്ചു. മൈ ലാന്‍ഡ് മൈ പീപ്പിള്‍, ഫ്രീഡം ഇന്‍ എക്‌സൈല്‍, വോയിസ് ഓഫ് ദ് വോയിസ്?ലെസ് എന്നിവയും ലാമ രചിച്ചു.