- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുഴുവരിച്ച് കട്ടപിടിച്ച നിലയില്‍ അരി, പൂപ്പല്‍പിടിച്ച് പഴകി മണക്കുന്നതായിരുന്നു വസ്ത്രങ്ങള്‍; പരസ്പരം പഴി ചാരി റവന്യു വകുപ്പും പഞ്ചായത്ത് അധികൃതരും; പോര് മുറുക്കി എം.എല്‍.എ ടി.സിദ്ദിഖും ഭക്ഷ്യ മന്തി ജി.ആര്‍ അനില്‍കുമാറും: വയനാട് ദുരിതബാധിതര്‍ക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ ഉപയോഗശൂന്യം
വയനാട്: വയനാട് ദുരിതബാധിതര്‍ക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കള്‍അടങ്ങിയ കിറ്റില്‍ പുഴുവരിച്ച അരിയും കീറിയ വസ്ത്രങ്ങളും. കഴിഞ്ഞ ദിവസം മേപ്പാടി പഞ്ചായത്ത് വിതരണംചെയ്ത കിറ്റിലാണ് ഉപയോഗശൂന്യമായ വസ്തുക്കള്‍ കണ്ടത്. അരി, മൈദ, റവ, വസ്ത്രങ്ങള്‍ എന്നിവയെല്ലാമാണ് കിറ്റിലുണ്ടായിരുന്നത്. അരി, റവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കള്‍ പറഞ്ഞു. പുഴുവരിച്ച് കട്ടപിടിച്ച നിലയിലായിരുന്നു അരി. പൂപ്പല്‍പിടിച്ച് പഴകി മണക്കുന്നതായിരുന്നു വസ്ത്രങ്ങള്‍.
സംഭവത്തില്‍ പ്രതിപക്ഷവും പഞ്ചായത്ത് അധികൃതര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ആരോപണം ഉന്നയിച്ചു. ഓണത്തിന് മുന്‍പ് എത്തിയ കിറ്റാണിതെന്നും മേപ്പാടി പഞ്ചായത്ത് അധികൃതര്‍ വിതരണം ചെയ്യാന്‍ വൈകിയതാണ് പ്രശ്നകാരണമെന്നും പ്രതിപക്ഷ അംഗങ്ങളുടെ പക്ഷം. എന്നാല്‍ റവന്യൂ വകുപ്പും സന്നദ്ധ സംഘടനകളും നല്‍കിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് എന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
അതിനിടെ, പരസ്പരം പഴിചാരി കല്‍പറ്റ എം.എല്‍.എ ടി.സിദ്ദിഖും ഭക്ഷ്യ മന്തി ജി.ആര്‍ അനില്‍കുമാറും രംഗത്തുവന്നു. റവന്യൂ വകുപ്പാണ് ഉപയോഗശൂന്യമായ ഭക്ഷണക്കിറ്റ് നല്‍കിയതെന്നും പഞ്ചായത്ത് വിതരണം മാത്രമേ നടത്തിയുള്ളൂവെന്നും ടി.സിദ്ദിഖ് പറഞ്ഞു. എന്നാല്‍, സംഘടനകളടക്കം വിതരണം ചെയ്ത കിറ്റാണ് അതെന്നും അതിന്റെ ഗുണ നിലവാരം പരിശോധിക്കേണ്ടത് പഞ്ചായത്ത് ആരോഗ്യവിഭാഗമാണെന്നും വിതരണം ചെയ്തവര്‍തന്നെ ഉത്തരവാദിത്വമേറ്റെടുക്കണമെന്നും മന്ത്രി ജി.ആര്‍ അനില്‍ തിരിച്ചടിച്ചു.
അതേസമയം, ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത അരി സംസ്ഥാന സര്‍ക്കാര്‍ കൊടുത്തതല്ലെന്ന് റവന്യു മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. ചാക്കിലാണ് സംസ്ഥാന സര്‍ക്കാര്‍ അരി കൊടുത്തതെന്നും ഇതിനൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കള്‍ നല്‍കിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്‍പത് പഞ്ചായത്തുകളില്‍ സംസ്ഥാന സര്‍ക്കാര്‍ അരി നല്‍കിയിട്ടുണ്ട്. ഇതില്‍ മേപ്പാടിയില്‍ മാത്രമാണ് പ്രശ്നമുണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇതിന് മുന്‍പ് സെപ്റ്റംബര്‍ ഒന്‍പതിനാണ് ദുരന്തബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്. അന്ന് കൊടുത്ത കിറ്റുകള്‍ വിതരണം ചെയ്ാതെ ഇപ്പോള്‍ നല്‍കിയതാണോയെന്നും പരിശോധിക്കും. അങ്ങനെയാണ് സംഭവിച്ചതെങ്കില്‍ അത് കൂടുതല്‍ ഗൗരവകരമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. അരി വിതരണം ചെയ്തത് സംബന്ധിക്കുന്ന എല്ലാ രേഖകളും റവന്യു വകുപ്പിന്റെ കൈവശമുണ്ട്. ആരാണ് അരി വിതരണം ചെയ്തതെന്ന് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കൃത്യമായ വിവരങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരടക്കമുള്ളവര്‍ മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തി. ഡി.വൈ.എഫ്.ഐക്ക് പുറമെ ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ മുറിയിലേക്ക് ഇരച്ചുകയറിയതോടെ പോലീസുമായി ഉന്തും തള്ളുമായി.