ഉരുള്‍പൊട്ടലിന് കാരണം ഡാമിങ് പ്രതിഭാസം; വന്മരങ്ങള് ഒഴുകി വന്നത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു; പുഞ്ചിരിമട്ടം വാസയോഗ്യമല്ലെന്ന് വിദഗ്ധസംഘം
കല്പറ്റ: ഉരുള്‍പൊട്ടലുണ്ടായ പുഞ്ചിരിമട്ടത്ത് താമസം സുരക്ഷിതമല്ലെന്ന് ഭൗമ ശാസ്ത്രജ്ഞന് ജോണ്‍ മത്തായി. ദുരന്തമേഖലകളിലെ വിദഗ്ധ സംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന് നേതൃത്വം നല്‍കിയത് ജോണ്‍ മത്തായി ആണ്. പ്രാഥമിക പഠനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. പുഞ്ചിരിമട്ടത്ത് നിലവില്‍ പുഴയോട് ചേര്‍ന്ന് വീടുകള്‍ ഉള്ള ഭാഗത്ത് ആപത്കരമായ സ്ഥിതിയാണുള്ളതെന്നും ഇവിടെ താമസിക്കാത്തതാകും നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരന്തമുണ്ടായ പ്രദേശത്ത് സുരക്ഷിത മേഖലകള്‍ ഏറെയുണ്ടെന്നും സുരക്ഷിതമല്ലാത്ത മേഖലകളെ കുറിച്ച് സര്‍ക്കാരിന് […]
- Share
- Tweet
- Telegram
- LinkedIniiiii
കല്പറ്റ: ഉരുള്‍പൊട്ടലുണ്ടായ പുഞ്ചിരിമട്ടത്ത് താമസം സുരക്ഷിതമല്ലെന്ന് ഭൗമ ശാസ്ത്രജ്ഞന് ജോണ്‍ മത്തായി. ദുരന്തമേഖലകളിലെ വിദഗ്ധ സംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന് നേതൃത്വം നല്‍കിയത് ജോണ്‍ മത്തായി ആണ്. പ്രാഥമിക പഠനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പുഞ്ചിരിമട്ടത്ത് നിലവില്‍ പുഴയോട് ചേര്‍ന്ന് വീടുകള്‍ ഉള്ള ഭാഗത്ത് ആപത്കരമായ സ്ഥിതിയാണുള്ളതെന്നും ഇവിടെ താമസിക്കാത്തതാകും നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരന്തമുണ്ടായ പ്രദേശത്ത് സുരക്ഷിത മേഖലകള്‍ ഏറെയുണ്ടെന്നും സുരക്ഷിതമല്ലാത്ത മേഖലകളെ കുറിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജോണ്‍ മത്തായി വ്യക്തമാക്കി.
'ഉരുള്‍പൊട്ടലുണ്ടായ ദിവസം ചൂരല്‍മല മേഖലയില്‍ കനത്ത മഴയാണ് പെയ്തത്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് രണ്ടുദിവസംകൊണ്ട് പെയ്തത് 570 മില്ലീലിറ്റര്‍ മഴയാണ്. ഇതൊരു അസാധാരണ സംഭവമാണ്. വയനാടിന്റെയും ഇടുക്കിയുടെയും മഴരീതിയില്‍ മാറ്റം വന്നിട്ടുണ്ട്. പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെയുള്ള ഭാഗങ്ങളാണ് സംഘം പരിശോധിച്ചത്.
ഉരുള്‍പൊട്ടലിനു കാരണമായത് ഡാമിങ് പ്രതിഭാസമെന്ന് മേഖലയില്‍ പരിശോധന നടത്തിയ വിദഗ്ധ സമിതി തലവനും ഭൗമശാസ്ത്രജ്ഞനുമായ ജോണ്‍ മത്തായി പറഞ്ഞു. ഉരുള്‍പൊട്ടി സീതമ്മക്കുണ്ടില്‍ തടയണക്ക് സമാനമായ നിര്‍മിതി രൂപപ്പെടുകയും മഴ ശക്തമായ വേളയില്‍ ഇത് തകരുകയും പിന്നീടുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ ദുരന്തമുണ്ടാകാന്‍ കാരണമായെന്നും ജോണ്‍ മത്തായി പറഞ്ഞു.
കല്ലും മണ്ണും വെള്ളവും ചേര്‍ന്നാണ് താഴേക്ക് വന്നത്. ചൂരല്‍മലയില്‍ മിക്ക പ്രദേശങ്ങളും സുരക്ഷിതമാണ്. എന്നാല്‍ ഇവിടെ പുതിയ നിര്‍മാണ പ്രവൃത്തികള്‍ നടത്തണമോ എന്ന നയപരമായ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നടത്തിയ പ്രാഥമിക പരിശോധനയുടെ റിപ്പോര്‍ട്ട് 10 ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്മരങ്ങള് ഒഴുകി വന്നത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. പാറകളും മരങ്ങളും ഡാം പോലെ അടിഞ്ഞുകൂടി. ഉരുള്‍പൊട്ടലുണ്ടായത് വനമേഖലയിലാണെന്ന് വിദഗ്ധ സംഘം വിലയിരുത്തി.
ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനാണ് ജോണ്‍ മത്തായി. അഞ്ചംഗ വിദഗ്ധ സംഘം കഴിഞ്ഞ മൂന്ന് ദിവസമായി മുണ്ടക്കൈയിലും ചൂരല്‍ മലയിലും ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും പരിശോധന നടത്തി. വെള്ളരിമലയുടെ ഒരുഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന കല്ലും മണ്ണും വെള്ളവും മറ്റ് അവശിഷ്ടങ്ങളുമാണ് വീതികുറഞ്ഞ സീതമ്മക്കുണ്ടില്‍ താല്‍ക്കാലിക തടയണ പോലെ രൂപപ്പെട്ടത്. ഇത് തകര്‍ന്നതോടെ ആ പ്രദേശത്തെ മരങ്ങളുള്‍പ്പെടെ താഴേക്ക് വന്നത് നാശനഷ്ടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചെന്നാണ് സമിതിയുടെ കണ്ടെത്തല്‍.
ഹൈസ്കൂള്‍ ഭാഗത്തുവച്ച് പുഴ ഗതിമാറി ജനവാസ മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു. പ്രദേശത്തെ വീടുകളും കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ന്നു. മേഖലയില്‍ രണ്ട് ദിവസത്തിനിടെ 570 മില്ലിമീറ്റര്‍ മഴയുണ്ടായെന്നും വിദഗ്ധ സമിതി പറയുന്നു. വിശദമായ റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം സര്‍ക്കാറിന് സമര്‍പ്പിക്കും.