കോപ്പന്‍ഹേഗന്‍: വായനാ പ്രതിസന്ധിയെ നേരിടാനുള്ള ശ്രമത്തില്‍, പുസ്തകങ്ങളുടെ 25% വില്‍പ്പന നികുതി നിര്‍ത്തലാക്കുമെന്ന് ഡാനിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നികുതികളില്‍ ഒന്നാണിത്. ഇത് നിര്‍ത്തലാക്കുന്നത് കൂടുതല്‍ പുസ്തകങ്ങള്‍ ആളുകള്‍ വാങ്ങാന്‍ ഇടയാക്കുമെന്ന് സാംസ്‌കാരിക മന്ത്രി ജേക്കബ് ഏംഗല്‍-ഷ്മിഡ്റ്റ് പറയുന്നു.

ഈ നടപടിക്ക് പ്രതിവര്‍ഷം ഏകദേശം 50 മില്യണ്‍ ഡോളര്‍ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്റര്‍ഗവണ്‍മെന്റല്‍ തിങ്ക് ടാങ്കായ ഒ.ഇ.സി.ഡിയുടെ ഡാറ്റ സൂചിപ്പിക്കുന്നത് രാജ്യത്തെ 15 വയസ്സുള്ള കുട്ടികളില്‍ നാലിലൊന്ന് പേര്‍ക്കും ലളിതമായ ഒരു പാഠം പോലും മനസ്സിലാക്കാന്‍ കഴിയില്ല എന്നാണ്. വായനാ പ്രതിസന്ധി സമീപ വര്‍ഷങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് സര്‍ക്കാരും വ്യക്തമാക്കുന്നത്. നികുതി നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ തനിക്ക് അവിശ്വസനീയമാംവിധം അഭിമാനമുണ്ട് എന്നാണ് സാംസ്‌ക്കാരിക മന്ത്രി വ്യക്തമാക്കിയത്.

ഡെന്‍മാര്‍ക്ക് ജനതയുടെ ഉപഭോഗത്തിലും സംസ്‌കാരത്തിലും നിക്ഷേപിക്കുന്നതിന് വന്‍തോതില്‍ പണം ചെലവഴിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡെന്‍മാര്‍ക്കിനെ പോലെ 25% സ്റ്റാന്‍ഡേര്‍ഡ് മൂല്യവര്‍ധിത നികുതി ഉള്ള ഫിന്‍ലാന്‍ഡ്, സ്വീഡന്‍, നോര്‍വേ എന്നിവിടങ്ങളില്‍ പുസ്തകങ്ങളുടെ വാറ്റ് യഥാക്രമം 14%, 6%, 0% എന്നിങ്ങനെയാണ്. യുകെയില്‍, പുസ്തകങ്ങളും വാറ്റ് രഹിതമാണ്.

ഡാനിഷ് കൗമാരക്കാര്‍ക്കിടയില്‍ വായനയുടെയും അറിവിന്റെയും നിലവാരം കുറയുന്നതായി സര്‍വേകള്‍ തെളിയിച്ചിട്ടുണ്ടെന്ന് സാഹിത്യത്തെക്കുറിച്ചുള്ള ഗവണ്‍മെന്റിന്റെ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനായ മാഡ്സ് റോസെന്‍ഡാല്‍ തോംസണ്‍ പറഞ്ഞു. ചെറുപ്പക്കാരായ കുട്ടികള്‍ക്ക് അവരുടെ വായനാ വൈദഗ്ദ്ധ്യം എളുപ്പത്തില്‍ മെച്ചപ്പെടുത്താന്‍ കഴിയും എന്നാല്‍ 15 വയസ്സില്‍ ഒരു വാചകം മനസ്സിലാക്കാനുള്ള കഴിവ് വളരെ പ്രധാനമാണ് എന്നാണ് അദ്ദേഹം ബിബിസിയോട് പറഞ്ഞത്.

പുസ്തകങ്ങളുടെ മേലുള്ള വാറ്റ് ഒഴിവാക്കുന്നത് പൂര്‍ണ്ണമായ ഒരു പരിഹാരമല്ലെന്നും, എന്നാല്‍ അത് പുസ്തകങ്ങളെ കൂടുതല്‍ പ്രാപ്യമാക്കും എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ഡാനിഷ് സാഹിത്യം കയറ്റുമതി ചെയ്യുന്നതിനുള്ള വഴികള്‍, പുസ്തക വിപണിയുടെ ഡിജിറ്റലൈസേഷന്‍, എഴുത്തുകാരുടെ ശമ്പളത്തിലുണ്ടാകുന്ന സ്വാധീനം എന്നിവയും സാഹിത്യത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ വര്‍ക്കിംഗ് ഗ്രൂപ്പ് പരിശോധിക്കുകയാണ്.