- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡീപ് ഫേക്ക് ഭീതി പടരുന്നു! നടി രശ്മിക മന്ദാനയ്ക്ക് പിന്നാലെ ഡീപ്ഫേക്ക് തട്ടിപ്പിൽ കുരുങ്ങി കത്രീന കൈഫും; 'ടൈഗർ 3' സിനിമയിലെ ടവ്വൽ ഫൈറ്റ് രംഗം ഡീപ്ഫേക്കിലൂടെ വ്യാജമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു; മന്ദാന വീഡിയോയിൽ ഇടപെട്ട് കേന്ദ്രവും
മുംബൈ: ബോളിവുഡ് താരങ്ങളിൽ ഡീപ് ഫേക്ക് ഭീതി പടരുകയാണ്. നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോക്ക് പിന്നാലെ ഡീപ് ഫേക്ക് തട്ടിപ്പിൽ കുടുങ്ങി നടി കത്രീന കൈഫും. 'ടൈഗർ 3' സിനിമയിലെ ടവ്വൽ ഫൈറ്റ് രംഗം ഡീപ്ഫേക്കിലൂടെ വ്യാജമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുകയാണ്.
ഒരു ടവൽ മാത്രം ധരിച്ച് ഹോളിവുഡ് താരവുമായി സംഘട്ടനത്തിലേർപ്പെടുന്ന കത്രീനയാണ് യഥാർഥത്തിലുള്ളത് . എന്നാൽ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഡീപ്ഫേക്ക് ചിത്രത്തിൽ കത്രീന ഒരു ലോ കട്ട് വെള്ള മേൽവസ്ത്രവും ടവലിന് പകരം വെള്ള അടിവസ്ത്രവും ധരിച്ച വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
അതേസമയം തന്റെ ഡീപ് ഫേക്ക് വീഡിയോയിൽ പ്രതികരിച്ചു രശ്മിക മന്ദാനയും രംഗത്തുവന്നിരുന്നു. 'വീട്ടുകാരും സുഹൃത്തുക്കളും എന്നെ പിന്തുണച്ചു. അതിൽ സന്തോഷമുണ്ട്. കോളജിലോ സ്കൂളിലോ പഠിക്കുമ്പോൾ ഇതേ സംഭവം നടന്നിരുന്നെങ്കിൽ?' -രശ്മിക തന്റെ ആശങ്ക പ്രകടിപ്പിച്ചു. സാധാരണക്കാരോട് പറയാൻ പറ്റുമോ? ടെക്നോളജിയെ കുറിച്ച് അറിവില്ലാത്തവരോട് ഇത് ഡീപ്ഫേക്ക് ടെക്നോളജിയാണെന്ന് എങ്ങനെ പറഞ്ഞ് മനസിലാക്കും? രശ്മിക ചോദിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്യുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് ദൃശ്യങ്ങൾ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് സമൂഹമാധ്യമ സ്ഥാപനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു.
കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ലിഫ്റ്റിലേക്ക് കയറുന്നതാണ് വീഡിയോ. ഇതിൽ ആ സ്ത്രീയുടെ മുഖത്തിന് പകരം രശ്മികയുടെ മുഖം മോർഫ് ചെയ്ത് വയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. യഥാർത്ഥ വീഡിയോയിൽ ഉള്ളത് ബ്രിട്ടീഷ് ഇന്ത്യൻ യുവതിയായ സാറാ പട്ടേൽ ആണ്.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സഹായത്തോടെ കൃത്രിമ വീഡിയോകൾ നിർമ്മിക്കുന്ന രീതിയാണിത്. മറ്റ് വീഡിയോകളോ ചിത്രങ്ങളോ ഉപയോഗിച്ച് വേറെ ഒരാളുടേത് എന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കുന്നതാണ് ഡീപ് ഫേക്ക്. ഒരു വ്യക്തിയുടെ വീഡിയോകളോ ഓഡിയോ റെക്കോർഡിങുകളോ സൃഷ്ടിക്കാനോ മാറ്റിമറിക്കാനോ മെഷീൻ ലേണിങ് ഉപയോഗിക്കുന്ന ഒരു തരം സാങ്കേതിക വിദ്യയാണിത്.
ഒരാളുടെ ഫോട്ടോയിലോ വീഡിയോയിലോ പരിചിതമായ മുഖം വച്ചിരിക്കുന്നു. അത് യഥാർഥ വ്യക്തിയാണെന്ന് വിശ്വസിപ്പിക്കുന്ന തരത്തിൽ, സൂക്ഷിച്ചു നോക്കിയാൽ മാത്രം സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജമാണെന്ന് തിരിച്ചറിയാം. പക്ഷേ ആദ്യമായി കാണുമ്പോൾ അത് സത്യമാണെന്ന് ആർക്കും തോന്നും. ആവർത്തിച്ച് കാണാനുള്ള ക്ഷമയൊന്നും ആർക്കുമുണ്ടാകില്ല. ഈ സാങ്കേതിക വിദ്യയുടെ പേരിൽ ജീവനൊടുക്കുന്ന യുവതികളുടെ കഥകൾ ഇതിന് ഉദാഹരണങ്ങളാണ്. കൂടുതൽ പെൺകുട്ടികളും ഇൻഫ്ളുവെൻസേഴ്സ് ആകാനും ആരാധകരെ ഉണ്ടാക്കാനും എളുപ്പത്തിൽ പണം സമ്പാദിക്കാനും മത്സരിക്കുന്നു. ലൈക്ക് കിട്ടാൻ വേണ്ടി ഫോട്ടോകൾ ഷെയർ ചെയ്താൽ ആരുടെ കൈകളിൽ വേണമെങ്കിലും എത്താം. അതിനാൽ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് രണ്ട് തവണ പരിശോധിക്കുക.
സോഷ്യൽ മീഡിയയിൽ, അറിയാത്തവരുടെ റിക്വസ്റ്റ് സ്വീകരിക്കരുത്. സോഷ്യൽ മീഡിയ അക്കൗണ്ട് സ്വകാര്യമായി സൂക്ഷിക്കുക. നിങ്ങളുടെ സ്ഥലമോ വിവരങ്ങളോ അറിയാത്ത രീതിയിൽ മാറ്റങ്ങൾ വരുത്തുക. അപ്പോൾ നിങ്ങളുടെ ഫോട്ടോകളും വ്യക്തിഗത വിവരങ്ങളും അപരിചിതർ ഉപയോഗിക്കുമെന്ന ഭയമില്ല. ഫോട്ടോ മനോഹരമാക്കാൻ മാത്രമല്ല സുരക്ഷിതമാക്കാനും നിരവധി ആപ്പുകൾ ലഭ്യമാണ്. അവയുടെ സഹായത്തോടെ ഫോട്ടോയിൽ വാട്ടർമാർക്ക് ഇടുക. അപ്പോൾ മോർഫിങ് സാധ്യത കുറയുന്നുഅബദ്ധത്തിൽ ഹാക്കർമാരുടെ കൈകളിൽ അകപ്പെട്ടാൽ വിവരങ്ങളും ഫോട്ടോകളുമെല്ലാം പലരുടെയും കൈകളിലെത്തും.
സങ്കീർണമായ പാസ്വേഡുകൾ ഉപയോഗിക്കുക. സുരക്ഷിതമായി തുടരാൻ ടു-വേ ഒദന്റിക്കേഷൻ തെരഞ്ഞെടുക്കുക. ട്രെൻഡിന്റെ പേരിൽ എല്ലാറ്റിനും ഹാഷ് ടാഗ് നൽകരുത്. നിങ്ങളുടെ അക്കൗണ്ട് എല്ലാവരുടെയും മുന്നിൽ എത്തിക്കാനുള്ള വഴിയാണിത്. കൂടാതെ കമ്പ്യൂട്ടറിൽ ആന്റിവൈറസ് സോഫ്റ്റ്വെയർ നിർബന്ധമാക്കുക. സിസ്റ്റം, മൊബൈൽ എന്തായാലും ഉപയോഗിച്ചതിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ലോഗ് ഓഫ് ചെയ്യുന്നത് സുരക്ഷിതമാണ്.
വ്യാജ ഫോട്ടോ കണ്ടാലും ഭീഷണി സന്ദേശം വന്നാലും പരിഭ്രാന്തരാകരുത്, ആത്മഹത്യ ചെയ്യാൻ തീരുമാനിക്കരുത്. സഹായിക്കാൻ നിയമങ്ങളുണ്ട്. അതിലേക്ക് തിരിയുക. ഇമെയിൽ വഴിയും ഫോണിലൂടെയും സൈബർ പൊലീസിനെ സമീപിക്കാം. ഫോട്ടോകളും വീഡിയോകളും കണ്ടാൽ അവ പ്രചരിക്കാതിരിക്കാൻ കോടതിയിൽ നിന്ന് ഇൻജംഗ്ഷൻ ഓർഡർ ലഭിക്കും.
മറുനാടന് ഡെസ്ക്