കോഴിക്കോട്: ബസിൽവെച്ച് അതിക്രമം നടന്നെന്ന് ആരോപിച്ച് യുവതി മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിഡിയോയ്ക്ക് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം ഇന്ന് പരാതി നൽകും. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) മരിച്ചതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ, പൊലീസ് കമ്മീഷണർ, കലക്ടർ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കാണ് കുടുംബം പരാതി നൽകുക.

അതേസമയം, വിഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ പൊലീസിന് ഇതിനോടകം നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ആലുവ സ്വദേശിയും യുവതിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിഡിയോ ചിത്രീകരിച്ച യുവതിയുടെയും ബസ് ജീവനക്കാരുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസിൽ പരാതി നൽകാതെ യുവതി വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സാഹചര്യവും അന്വേഷണ പരിധിയിലുണ്ട്. പ്രാഥമിക അന്വേഷണത്തിൽ യുവതിക്കും മരിച്ച യുവാവിനും വീഴ്ച സംഭവിച്ചുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ഒരു വസ്ത്ര വ്യാപാരിയും സെയിൽസ് മാനേജരുമായിരുന്ന ദീപക് കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് ബസിൽ വെച്ച് യുവതിയുമായി പ്രശ്നങ്ങളുണ്ടായത്. തിരക്കേറിയ ബസിനുള്ളിൽ ദുരുദ്ദേശത്തോടെ ദേഹത്ത് സ്പർശിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. ഈ വിഡിയോ അതിവേഗം 20 ലക്ഷത്തിലേറെ പേർ കാണുകയും വ്യാപകമായി പങ്കുവെക്കപ്പെടുകയും ചെയ്തിരുന്നു. യുവതി തന്റെ ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്.

‘എന്തിനു വാവേ നീ ഇത് ചെയ്തത്? അമ്മയുടെ സ്വത്തല്ലേ... നീയില്ലാതെ ഞങ്ങള്‍ക്ക് നില്‍ക്കാനാവില്ലെന്ന് എന്‍റെ മുത്തിനറിയില്ലേ...’ കേട്ടു നില്‍ക്കാനാവില്ല ആ അമ്മയുടെ നിലവിളി. വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. താൻ നിരപരാധിയാണെന്ന് ദീപക് സുഹൃത്തുക്കളോട് പലതവണ പറഞ്ഞിരുന്നു. ആരോപണങ്ങൾ തെറ്റായിരുന്നെന്നും, ദീപകിന് അത്തരമൊരു ദുശ്ശീലവും ഇല്ലായിരുന്നെന്നും അവനെ അറിയുന്ന ആരും അങ്ങനെ പറയില്ലെന്നും അമ്മയും സുഹൃത്തുക്കളും പറയുന്നു. വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ദീപക്കായിരുന്നെന്നും അമ്മ വിതുമ്പി.

പത്തിരുപത് വർഷമായി ദീപക്കിനെ അറിയുന്ന സുഹൃത്തുക്കൾ, നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരുന്നുവെന്നും തങ്ങളുടെ സുഹൃത്തിന് നീതി ലഭിക്കും വരെ നിയമപോരാട്ടം നടത്തുമെന്നും അറിയിച്ചു. യുവതിക്ക് ബുദ്ധിമുട്ടുണ്ടായെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കാമായിരുന്നുവെന്നും, കിട്ടിയ അവസരം യുവതി മുതലെടുക്കുകയായിരുന്നുവെന്നും സുഹൃത്തുക്കൾ ആരോപിച്ചു.

കഴിഞ്ഞദിവസം പുലർച്ചെയാണ് ദീപകിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിലെ വിഡിയോ ദീപക്കിനെ അങ്ങേയറ്റം വേദനിപ്പിച്ചതാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഒരേ സ്വരത്തിൽ വ്യക്തമാക്കുന്നു.

ഗോവിന്ദപുരത്തെ സെയിൽസ്‌മാനേജറായ യുവാവ് വെള്ളിയാഴ്ച ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. തിരക്കുള്ള ബസിൽ വച്ച് അനുചിതമായി സ്പര്‍ശിക്കുന്നത് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഈ വിഡിയോക്കെതിരെ ആദ്യംമുതല്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ യുവതി ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. പയ്യന്നൂരില്‍ വച്ചായിരുന്നു സംഭവമെന്നും വടകര പൊലീസിൽ വിവരമറിയിച്ചിരുന്നുവെന്നും യുവതി പറയുന്നു. വീഡിയോ പകർത്തുന്നത് കണ്ടതോടെയാണ് യുവാവ് ബസിൽ നിന്നിറങ്ങി വേഗത്തിൽ നടന്നുപോയതെന്നും യുവതി പറയുന്നു. ദീപക്കിന്‍റെ മരണത്തിനു പിന്നാലെ യുവതിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം തുടരുകയാണ്.