കോട്ടയം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് ദീപകയില്‍ എഡിറ്റോറിയല്‍. ഡല്‍ഹിയില്‍ സ്ലീവാപ്പാത നിരോധിച്ചവരും ഇടുക്കിയില്‍ കുരിശ് തകര്‍ത്തവരും ദുഃഖവെള്ളിക്കു മുന്‌പേ ക്രൈസ്തവരെ കുരിശിന്റെ വഴിയിലിറക്കിയെന്ന ക്രൈസ്തവ സഭയുടെ മുഖപത്രം പറയുന്നു. ക്ഷമിക്കുമെന്നാല്‍ മറക്കുമെന്നല്ലെന്നും വിശദീകരിക്കുന്നു. ഭരിക്കുന്നവര്‍ക്കില്ലാത്ത മതേതരത്വം ഉദ്യോഗസ്ഥര്‍ക്കുണ്ടാകില്ല. കേന്ദ്രത്തിലായാലും കേരളത്തിലായാലും അതാണു സംഭവിക്കുന്നത്. ബാക്കിയൊക്കെ ഫാസിസത്തോളം പോരുന്ന രാഷ്ട്രീയ നുണകളാണ്. ക്രൈസ്തവരുടെ പ്രതികരണം ഹിംസാത്മകമാകില്ലെന്ന ബോധ്യം ബലഹീനതയായി കരുതരുതെന്ന് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണകൂടങ്ങളെ ഈ വിശുദ്ധ വാരത്തിലും ഓര്‍മിപ്പിക്കുകയാണെന്ന വിശദീകരണമാണ് എഡിറ്റോറിയല്‍ നല്‍കുന്നത്. കത്തോലിക്കാ സഭ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയത്തെ എല്ലാ അര്‍ത്ഥത്തിലും ചോദ്യം ചെയ്യുകയാണെന്നാണ് എഡിറ്റോറിയല്‍ വിശദീകരിക്കുന്നത്.

ദീപിക മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

ദുഃഖവെള്ളിക്കു മുന്‌പേ പീഡാനുഭവം

കാരണം പലതാകാം; പക്ഷേ, ഡല്‍ഹിയില്‍ സ്ലീവാപ്പാത നിരോധിച്ചവരും ഇടുക്കിയില്‍ കുരിശ് തകര്‍ത്തവരും ദുഃഖവെള്ളിക്കു മുന്‌പേ ക്രൈസ്തവരെ കുരിശിന്റെ വഴിയിലിറക്കി. ക്ഷമിക്കുമെന്നാല്‍ മറക്കുമെന്നല്ല.

തൊമ്മന്‍കുത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കിയ കുരിശടി വനത്തിലോ കൈയേറ്റഭൂമിയിലോ അല്ല, കൈവശഭൂമിയിലായിരുന്നു. സര്‍ക്കാരിന്റെ മൗനാനുവാദമില്ലാതെ ഇതു സാധ്യമല്ല. അതല്ലെങ്കില്‍, കര്‍ഷകവിരുദ്ധനോ അഴിമതിക്കാരനോ വര്‍ഗീയവാദിയോ ആയ ഒരുദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ലക്ഷക്കണക്കിനാളുകള്‍ ജീവിക്കുന്ന കൈവശഭൂമിയിലെ ഏതൊരു വീടും നശിപ്പിക്കാമെന്ന ഭയാനകസ്ഥിതി വന്നിരിക്കുന്നു.

ഡല്‍ഹിയില്‍ കുരിശിന്റെ വഴി തടഞ്ഞതിനെതിരേ പ്രതിഷേധിച്ചവരാണ് ഇടുക്കിയില്‍ കുരിശടി തകര്‍ത്തത്. യുപിയിലെ ബുള്‍ഡോസര്‍രാജില്‍ ചോര തിളപ്പിച്ചവരാണ് കേരളത്തില്‍ കുരിശു പിഴുതത്. താരതമ്യപ്പെടുത്തുന്നില്ലെങ്കിലും ഭരണഘടനയും നിയമവാഴ്ചയും മതേതരത്വവുമൊക്കെ ഉത്തരേന്ത്യക്കും ദക്ഷിണേന്ത്യക്കും വെവ്വേറെയാണോയെന്നു സിപിഎം പറയണം.

ശനിയാഴ്ച ഇടുക്കി ജില്ലയിലെ തൊമ്മന്‍കുത്തിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരേന്ത്യയില്‍ മുസ്ലിം സമുദായത്തിന്റെ വീടുകള്‍ ഇടിച്ചുനിരത്തിയവരുടെ ഭാഷയായിരുന്നു. മനുഷ്യാവകാശവും ന്യൂനപക്ഷാവകാശവുമൊക്കെ രാഷ്ട്രീയമാക്കാത്തവര്‍ക്ക് അതു മനസിലാകും. ഉത്തരേന്ത്യയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്, ഇടിച്ചുനിരത്തിയത് അനധികൃത നിര്‍മാണങ്ങളാണെന്നായിരുന്നു.

തൊമ്മന്‍കുത്തിലെത്തിയ ദുഷ്പ്രഭുക്കളും അതുതന്നെ പറഞ്ഞു. സംസ്ഥാനമേതായാലും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന നട്ടെല്ലുള്ള ഭരണാധികാരികള്‍ ഉള്ളിടത്ത് ഇതൊന്നും നടക്കില്ല. കോതമംഗലം രൂപതയിലെ തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി നാരങ്ങാനത്ത് സ്ഥാപിച്ച കുരിശാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തകര്‍ത്ത് ലോറിയില്‍ കയറ്റിക്കൊണ്ടുപോയത്.

ക്രൈസ്തവരുടെ വേദനയ്ക്കും രോഷത്തിനുമിടെ അവര്‍ കുരിശു ചുമന്ന് കാളിയാര്‍ റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. 1977 ജനുവരി ഒന്നിനു മുന്പ് കൈവശമുണ്ടായിരുന്ന ഭൂമിക്കെല്ലാം പട്ടയം നല്‍കാന്‍ നിയമമുള്ള നാട്ടിലാണ്, 65 കൊല്ലമായി ജീവിച്ചുവരുന്നവരുടെ മണ്ണിലെ കുരിശു തകര്‍ത്തത്. കഴിഞ്ഞ ഒക്ടോബറില്‍ ഒരു വിശ്വാസി പള്ളിക്ക് എഴുതിക്കൊടുത്ത സ്ഥലത്തായിരുന്നു കുരിശടി.

അവിടെനിന്ന് 750 മീറ്ററെങ്കിലും അകലെയാണ് വനംവകുപ്പ് ജണ്ട സ്ഥാപിച്ചിരിക്കുന്നത്. എന്നിട്ടും അവര്‍ പറയുന്നത്, സ്ഥലം വനംവകുപ്പിന്റേതാണെന്നാണ്. ഇവിടെ കൈവശഭൂമിയില്‍ നിരവധി വീടുകളുണ്ട്. നാളെ അവയും തകര്‍ക്കുമോ അതോ കുരിശാണോ ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത് ബുള്‍ഡോസര്‍രാജില്‍ പങ്കെടുത്ത വനിത ഉള്‍പ്പെടെയുള്ള വനംവകുപ്പുദ്യോഗസ്ഥര്‍ ഇടുക്കിയിലെ കൈവശഭൂമികളിലെ എല്ലാ ആരാധനാലയങ്ങളിലുമെത്തി ഈ ധീരത കാണിക്കുമോയെന്നു ചോദിക്കുന്നില്ല; കാണിക്കില്ലെന്നറിയാം.

ക്രൈസ്തവരുടെ ഭൂമി കൈയേറുന്നിടത്തെല്ലാം ഇവിടത്തെ 'മതേതര' രാഷ്ട്രീയക്കാര്‍ പ്രകടിപ്പിക്കാറുള്ള കരുതലും സംയമനവും തൊമ്മന്‍കുത്തിലും ദൃശ്യമായി. കേരളത്തിലെ ലക്ഷക്കണക്കിനു പൗരന്മാര്‍ തൊമ്മന്‍കുത്തിലുള്‍പ്പെടെ കൈവശഭൂമികളില്‍ ജീവിക്കുന്നുണ്ട്. അവിടെ വീടുകളും വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും മറ്റു സ്ഥാപനങ്ങളുമൊക്കെയുണ്ട്.

അതൊക്കെ കൈയേറ്റമാണെന്നു കരുതുന്ന വനംവകുപ്പിലെ വിവരദോഷികളെ ആദ്യം ചരിത്രം പഠിപ്പിക്കണം. അതറിയാവുന്നവരെ വകുപ്പിന്റെ മന്ത്രിയാക്കണം. സമാനതകളില്ലാത്ത ദുരിതകാലത്ത് ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാന്‍ 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ സര്‍ക്കാര്‍ കര്‍ഷകരെ കുടിയേറാന്‍ നിര്‍ബന്ധിച്ചെന്നതു ചരിത്രമാണ്.

1940ലെ കുത്തകപ്പാട്ട വിളംബരവും 1955ലെ ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീമും, കുടിയേറ്റക്കാര്‍ക്ക് അഞ്ചേക്കര്‍ സ്ഥലവും ആയിരം രൂപയും സൗജന്യമായി കൊടുക്കുമെന്ന സര്‍ക്കാര്‍ പത്രപ്പരസ്യവുമൊക്കെ ആ ചരിത്രത്തിലുണ്ട്. അന്നവര്‍ കേരളത്തിന്റെ രക്ഷാസൈന്യമായിരുന്നു. നിരവധിപ്പേര്‍ കൊല്ലപ്പെട്ട വിശപ്പിന്റെ യുദ്ധത്തെ നേരിട്ട സൈന്യം. അവരുടെ മക്കളെ നിന്ദിക്കരുത്.

കുടിയേറ്റ ജനതയുടെ ചരിത്രത്തെ ചവിട്ടിത്താഴ്ത്താന്‍ പരിസ്ഥിതി നാട്യക്കാര്‍ക്കൊപ്പം നിന്ന നന്ദികെട്ട രാഷ്ട്രീയക്കാരാണ് മലയോര കര്‍ഷകരെ ആട്ടിയോടിക്കാന്‍ വന്യജീവികള്‍ക്കൊപ്പം വനംവകുപ്പിനെയും അഴിച്ചുവിട്ടത്. വന്യജീവി ആക്രമണവും കര്‍ഷകഭൂമി കൈയേറ്റങ്ങളും ആലുവ-മൂന്നാര്‍ രാജപാത തട്ടിയെടുക്കലും ഈ ബുള്‍ഡോസര്‍രാജുമെല്ലാം പരസ്പരബന്ധിതമാണ്.

മലയോരജനതയുടെ ജീവിതം വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പരിസ്ഥിതിക്കാരുടെയും ഔദാര്യത്തിനു തീറെഴുതിയതോടെ ഒരു കേസും കോടതിയില്‍പോലും വിജയിക്കാത്ത സ്ഥിതിയിലെത്തിക്കഴിഞ്ഞു. ഇത്തരക്കാര്‍ കെട്ടിച്ചമച്ച കൈയേറ്റക്കഥകളും വ്യാജറിപ്പോര്‍ട്ടുകളുമാണ് കോടതികളിലെത്തുന്നത്. കേന്ദ്രത്തിന്റെ വിവിധ വകുപ്പുകളിലേക്കുള്ള റിപ്പോര്‍ട്ടുകളും തയാറാക്കുന്നത് വനംവകുപ്പാണ്. എങ്ങനെ നീതി ലഭിക്കും എന്തിനാണ് ജനങ്ങളെ തോല്‍പ്പിക്കാന്‍ ഒരു സര്‍ക്കാര്‍.

മലയോരവാസികള്‍ക്ക് വന്യജീവികളുടെയും വനംവകുപ്പ് പ്രമാണിമാരുടെയും ശല്യം ഒരുപോലെ നേരിടേണ്ട സ്ഥിതിയാണ്. അവരിലെ ക്രൈസ്തവര്‍ക്ക് മതവിരുദ്ധരെയും നേരിടേണ്ടിവന്നിരിക്കുന്നു. കുടിയേറ്റ ക്രൈസ്തവര്‍ക്കു കുരിശ് ഒരലങ്കാരമല്ല, കൊടിയ ദുരിതങ്ങളുടെയും വന്യജീവി ആക്രമണങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും മരണമഴകളുടെയും കുടിയേറ്റകാലത്തെ കരുത്തായിരുന്നു.

അതില്‍ തൊടുന്‌പോള്‍ പൊള്ളും സര്‍ക്കാരേ. കൈയേറ്റത്തെക്കുറിച്ചല്ല, കൈവശാവകാശത്തെക്കുറിച്ചാണു പറയുന്നത്. സര്‍ക്കാര്‍ഭൂമിയിലെ അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കണമെന്ന കോടതി ഉത്തരവിനെ പിന്തുണച്ച് കഴിഞ്ഞ ജൂണ്‍ ഒന്നിന് ദീപിക എഴുതിയ മുഖപ്രസംഗത്തിന്റെ തലക്കെട്ട് 'ദൈവനാമത്തില്‍ കൈയേറ്റം വേണ്ട' എന്നായിരുന്നു.

കഴിഞ്ഞ മാസം പരുന്തുംപാറയില്‍ സ്വകാര്യവ്യക്തി നിരോധനാജ്ഞ ലംഘിച്ച് കുരിശു സ്ഥാപിച്ചെന്നു പറഞ്ഞ് പൊളിച്ചുനീക്കിയപ്പോള്‍ ആരായാലും നിയമം പാലിക്കണമെന്നായിരുന്നു നിലപാട്. പക്ഷേ, ആ സ്ഥലമുടമയുടെ വാദത്തിനു കൃത്യമായ മറുപടി നല്‍കാനോ പരിസരത്തെ മറ്റ് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനോ ആരെയും കണ്ടില്ല.

ഭരിക്കുന്നവര്‍ക്കില്ലാത്ത മതേതരത്വം ഉദ്യോഗസ്ഥര്‍ക്കുണ്ടാകില്ല. കേന്ദ്രത്തിലായാലും കേരളത്തിലായാലും അതാണു സംഭവിക്കുന്നത്. ബാക്കിയൊക്കെ ഫാസിസത്തോളം പോരുന്ന രാഷ്ട്രീയ നുണകളാണ്. ക്രൈസ്തവരുടെ പ്രതികരണം ഹിംസാത്മകമാകില്ലെന്ന ബോധ്യം ബലഹീനതയായി കരുതരുതെന്ന് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണകൂടങ്ങളെ ഈ വിശുദ്ധ വാരത്തിലും ഓര്‍മിപ്പിക്കുകയാണ്.

മതപരിവര്‍ത്തനമാരോപിച്ചു കള്ളക്കേസെടുത്തവരും കുരിശിന്റെ വഴി തടഞ്ഞവരും കുരിശൊടിച്ചവരുമൊക്കെ അധികാരത്തിമിര്‍പ്പിലായിരിക്കാം. ക്രിസ്തുവിനെ നിന്ദിച്ചും പരിഹസിച്ചും മര്‍ദിച്ചും കുരിശേറ്റാന്‍ കൊണ്ടുപോയവരും അങ്ങനെയാണല്ലോ ധരിച്ചുവച്ചത്. പക്ഷേ, അതിജീവിച്ചതു പീലാത്തോസും യൂദാസുമല്ല.

കുരിശു തകര്‍ത്ത് ദുഃഖവെള്ളിക്കു മുന്പ് പീഡാനുഭവം തന്നവരേ, നിങ്ങളുടെ ഔദാര്യവും പ്രകടനപത്രികകളും മാനിഫെസ്റ്റോകളുമല്ല, ഈ രാജ്യത്തിന്റെ ഭരണഘടന മതി, തൊമ്മന്‍കുത്തിലുള്ളവര്‍ക്കും ഈ രാജ്യത്തെ മുഴുവന്‍ ക്രൈസ്തവര്‍ക്കും.