കോട്ടയം: ദീപിക ദിനപത്രം കത്തോലിക്കാ സഭയ്ക്ക് തിരിച്ചുപിടിച്ചു നല്‍കുന്നതില്‍ പി.സി. ജോര്‍ജ് വഹിച്ച പങ്കിനെച്ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. മാധ്യമപ്രവര്‍ത്തകന്‍ ബാലു മഹേന്ദ്രയുടെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ഫാ. സിറിയക് തുണ്ടിയില്‍ രംഗത്തെത്തിയതോടെയാണ് 'ദീപിക'യുടെ ഉടമസ്ഥാവകാശ ചരിത്രം വീണ്ടും ചര്‍ച്ചയാകുന്നത്. ദീപികയെ ഫാരിസ് അബൂബക്കറില്‍ നിന്ന് മോചിപ്പിച്ചത് താനാണെന്നും അതിന് കൃത്യമായ തെളിവുകളുണ്ടെന്നുമാണ് ഫാ. സിറിയക് തുണ്ടിയിലിന്റെ വെളിപ്പെടുത്തല്‍. ചങ്ങനാശേരി ചെത്തിപ്പുഴ സേക്രഡ് ഹാര്‍ട്ട് ആശ്രമത്തിലെ വൈദികനും പുന്നപ്ര കാര്‍മല്‍, തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ മുന്‍ പ്രിന്‍സിപ്പലുമാണ് ഫാ. സിറിയക് തുണ്ടിയില്‍.

ദീപികയെ വീണ്ടെടുത്തത് പി.സി. ജോര്‍ജല്ല

പി.സി. ജോര്‍ജിനെ 'കവലച്ചട്ടമ്പി' എന്ന് ദീപിക വിശേഷിപ്പിച്ചതോടെയാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്. എന്നാല്‍, ദീപിക ഇന്ന് നിലനില്‍ക്കുന്നത് തന്നെ പി.സി. ജോര്‍ജിന്റെ പോരാട്ടം കൊണ്ടാണെന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാലു മഹേന്ദ്രയുടെ കുറിപ്പ് വിവാദത്തിന് പുതിയ മാനം നല്‍കി. ഈ വാദത്തെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് ഫാ. സിറിയക് തുണ്ടിയില്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ബാലു മഹേന്ദ്രയുടെ അവകാശവാദം: 'രക്ഷകന്‍ പി.സി. ജോര്‍ജ്'

2005-ല്‍ ദീപിക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായപ്പോള്‍ പത്രം ഫാരിസ് അബൂബക്കറിന്റെയും പോള്‍ ജോണിന്റെയും കൈകളിലായി. 51 ശതമാനം ഓഹരികള്‍ ഫാരിസ് ഏറ്റെടുത്തതോടെ പത്രത്തിന്റെ നയം മാറിയെന്നും വിശ്വാസികളായ ജീവനക്കാരെ പുറത്താക്കാന്‍ നീക്കം നടന്നുവെന്നുമാണ് ബാലു മഹേന്ദ്ര ആരോപിക്കുന്നത്. സഭാനേതൃത്വം പകച്ചുനിന്നപ്പോള്‍ പി.സി. ജോര്‍ജ് തെരുവിലിറങ്ങി പോരാടിയെന്നും, ഫാരിസിനെയും പത്രത്തിന്റെ അന്നത്തെ എം.ഡി ഫാ. റോബിന്‍ വടക്കുഞ്ചേരിയെയും പരസ്യമായി വെല്ലുവിളിച്ചതുമാണ് 16 കോടി രൂപയ്ക്ക് പത്രം തിരികെ നല്‍കാന്‍ ഫാരിസിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഫാ. സിറിയക് തുണ്ടിയിലിന്റെ തിരുത്തല്‍: 'വാസ്തവം മറ്റൊന്ന്'

ബാലു മഹേന്ദ്രയുടെ കുറിപ്പിനോട് വിയോജിച്ചുകൊണ്ട് ഫാ. സിറിയക് തുണ്ടിയില്‍ മുന്നോട്ടുവെക്കുന്ന വസ്തുതകള്‍ ഇവയാണ്:

ഫാരിസ് അബൂബക്കറിന്റെ കൈകളില്‍ നിന്ന് മജോറിറ്റി ഷെയര്‍ വാങ്ങാന്‍ പരിശ്രമിച്ചതും അത് വിജയത്തില്‍ എത്തിച്ചതും താനാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇതിന് സാക്ഷിയായി കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിനെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു മാര്‍ പൗവത്തില്‍ പിതാവിന്റെ അറിവോടെയും നിര്‍ദ്ദേശത്തോടെയുമാണ് ഫാരിസുമായി ചര്‍ച്ച നടത്തിയത്. തുക 16 കോടി എന്ന് ഉറപ്പിച്ചത് താനാണെന്നും ഓഡിറ്റ് കഴിഞ്ഞപ്പോള്‍ അത് 24 കോടിയായെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പണത്തിന്റെ കാര്യത്തില്‍ നേരിട്ട് ഇടപെടാന്‍ പൗവത്തില്‍ പിതാവ് വിസമ്മതിച്ചപ്പോള്‍, ക്ലീമിസ് പിതാവിനെ (കാര്‍ഡിനല്‍ മാര്‍ ബസേലിയസ് ക്ലീമിസ്) സമീപിച്ചു. ക്ലീമിസ് പിതാവിനെ കോ-ഓര്‍ഡിനേറ്റര്‍ ആക്കിയതോടെയാണ് സിറോ മലബാര്‍ സഭയ്‌ക്കൊപ്പം മലങ്കര സഭയെയും ഉള്‍പ്പെടുത്തി ദീപികയെ തിരിച്ചുപിടിക്കാന്‍ സാധിച്ചത്. ദീപിക വാങ്ങണമെങ്കില്‍ ഏതെങ്കിലും ബിഷപ്പിന്റെ അക്കൗണ്ടില്‍ 5 കോടി രൂപ ഉണ്ടെന്ന് കാണിക്കണമെന്ന് ഫാരിസ് നിര്‍ബന്ധം പിടിച്ചു. ഈ തുക സമാഹരിക്കാന്‍ നീക്കങ്ങള്‍ നടത്തിയത് താനാണെന്നും ഫാ. സിറിയക് പറയുന്നു.

മൈനോറിറ്റി ഷെയര്‍ ഹോള്‍ഡേഴ്‌സ് ഒരിക്കല്‍ ബിഷപ്പ് അറയ്ക്കലിനെ ദീപികയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ അദ്ദേഹത്തെ വീണ്ടും ആ കസേരയില്‍ എത്തിച്ചത് പിണറായി വിജയനാണെന്ന കൗതുകകരമായ വെളിപ്പെടുത്തലും ഫാ. സിറിയക് തന്റെ കുറിപ്പില്‍ പങ്കുവെക്കുന്നുണ്ട്.

ഫാ.സിറിയക്ക് തുണ്ടിയിലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

പി സി ജോര്‍ജ് വിയര്‍പ്പൊഴുക്കിയതുകൊണ്ടാണ് ദീപികയെ വീണ്ടെടുക്കാന്‍ മെത്രാന്മാര്‍ക്ക് സാധിച്ചതെന്നു എന്ന് മറുനാടന്‍ മലയാളിയില്‍ പത്രപ്രവര്‍ത്തകന്‍ ബാലു മഹേന്ദ്ര അവകശപ്പെടുന്നതായി കണ്ടു. അതിനു അല്പം തിരുത്തുണ്ട്.

മിസ്റ്റര്‍ ബാലു മഹേന്ദ്രയോടു ഇക്കാര്യമൊക്കെ പി.സി. ജോര്‍ജ് അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടാകും. പക്ഷെ അത് വസ്തവമല്ല.

വാസ്തവത്തില്‍ ഫാരിസ് അബൂബക്കറിന്റെ കൈകളില്‍ നിന്ന് മജോറിറ്റി ഷെയര്‍ വാങ്ങാന്‍ പരിശ്രമിച്ചതും അത് വിജയത്തില്‍ എത്തിച്ചതും ഞാനാണ്. ഞാന്‍ മാത്രമാണ്. അതിനു സാക്ഷി വേറാരുമല്ല, ഫാരിസിന്റെ അടുത്ത സുഹൃത്തും കാഞ്ഞിരപ്പള്ളി ബിഷപ്പും ആയിരുന്ന അറക്കല്‍ പിതാവ് തന്നെ.

ഞാനാണ് അദ്ദേഹത്തോട് പൗവത്തില്‍പിതാവിന്റെ അറിവോടെയും നിര്‍ദേശത്തോടെയും സംസാരിച്ചതും, തുക 16 കോടി എന്ന് ഉറപ്പിച്ചതും.

(ഓഡിറ്റ് പുരോഗമിച്ചപ്പോള്‍ അത് 24 കൂടിയായി എന്നതും എനിക്കറിയാം.) അതനുസരിച്ചാണ് ദീപിക തിരികെ മെത്രാന്മാരുടെ കൈകളില്‍ വരാന്‍ കരുക്കള്‍ നീക്കിയതും. അത് വേറാരുമല്ല. ഞാന്‍ മാത്രമാണ്. ഫാ. ജെയിംസ് എര്‍ത്തയില്‍ അച്ഛന്‍ അക്കാലത്തു മൈനോറിറ്റി ഷെയര്‍ ഹോള്‍ഡേഴ്‌സിന്റെ വക്താവായിരുന്നു; അദ്ദേഹത്തെ ഞാന്‍ വിവരങ്ങള്‍ അറിയിക്കുന്നുണ്ടായിരുന്നു. പണം സ്വരൂപിക്കാന്‍ അദ്ദേഹവും ശ്രമിക്കുന്നുണ്ടായിരുന്നു.

തുടര്‍ചര്‍ച്ചയുമായും ദീപികയുടെ ഓഡിറ്റിംഗുമായും മുന്നോട്ടു പോകണമെങ്കില്‍ 5 കോടി രൂപ എങ്കിലും ദീപികയ്ക്ക് വേണ്ടി ബാങ്കില്‍ ഉള്ളതായി ഏതെങ്കിലും ബിഷപ്പിന്റെ അക്കൗണ്ടില്‍ കാണണം എന്നു ഫാരിസും അറക്കല്‍ പിതാവും കര്‍ശനമായി പറഞ്ഞു. അതിനു കാരണം മൈനോറിറ്റി ഷെയര്‍ ഹോള്‍ഡേഴ്‌സിനു ഫാരിസിന്റെ കയ്യിലുള്ള ഷെയര്‍ കൊടുക്കില്ല എന്നു ഫാരിസും അറക്കല്‍ പിതാവും ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. അതിന്റെ കാരണവും അവര്‍ക്കെല്ലാം അറിയാം.

(ആ മൈനോറിറ്റി ഷെയര്‍ഹോള്‍ഡേഴ്‌സ് ആണ് അറക്കല്‍ പിതാവിനെ ഒരിക്കല്‍ ദീപികയില്‍ നിന്ന് പിടിച്ചിറക്കിയത്. അന്ന് അദ്ദേഹത്തെ വീണ്ടും ദീപികയുടെ കസേരയില്‍ എത്തിച്ചത് സാക്ഷാല്‍ പിണറായി വിജയന്‍ ആണ്. അതിന്റെ ചരിത്രവും എനിക്കറിയാം.)

അപ്പോള്‍ അഞ്ചുകോടി രൂപ സമാഹരിച്ചു പൗവത്തില്‍ പിതാവിന്റെ അകൗണ്ടില്‍ ഇട്ടു കാണിക്കാമെന്നു വിചാരിച്ചു ഞാന്‍ അദ്ദേഹത്തെ സമീപിച്ചു. പക്ഷെ പണത്തിന്റെ കാര്യത്തില്‍ അദ്ദേഹം ഇടപെടില്ല എന്ന് പൗവത്തില്‍ പിതാവ് തീര്‍ത്തു പറഞ്ഞു. അത് വേറാരെങ്കിലും ചെയ്യണം എന്ന് പറഞ്ഞു.

അപ്പോള്‍ 'ക്‌ളീമിസ് പിതാവിനോട് ഞാന്‍ ചോദിക്കട്ടെയോ' എന്ന് ഞാന്‍ ചോദിച്ചു; അത് പൗവത്തില്‍ പിതാവ് സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ നേരെ തിരുവനന്തപുരത്തു ചെല്ലുകയും ക്‌ളീമിസ് പിതാവുമായി ഇക്കാര്യം സംസാരിക്കുകയും, അദ്ദേഹത്തെ പണം ഏല്‍പ്പിച്ചാല്‍ അത് അക്കൗണ്ടില്‍ ഇട്ടിട്ടു മെത്രാന്മാരുടെ പ്രതിനിധിയായി അദ്ദേഹം രൂപ കാണിക്കാം എന്ന് സമ്മതിക്കുകയും ചെയ്തു.

അങ്ങനെയാണ് ആദ്യം സിറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ പേരില്‍ ദീപികയുടെ ഷെയര്‍ വാങ്ങണം എന്ന ആശയം മാറ്റി മലങ്കര സഭയെക്കൂടെ അക്കൂട്ടത്തില്‍ കൂട്ടിയത്.

അങ്ങനെയാണ് ക്‌ളീമിസ് പിതാവിനെ കോ-ഓര്‍ഡിനേറ്റര്‍ ആക്കുകയും കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുകയും ചെയ്തത്. അത് ക്‌ളീമിസ് പിതാവിനോട് ചോദിച്ചാല്‍ അദ്ദേഹവും പറയും. അദ്ദേഹവും ജീവിച്ചിരിപ്പുണ്ടല്ലോ.


ബാലു മഹേന്ദ്രയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

'ഇന്ദിരാ ഗാന്ധിയെ ഭയപ്പെടാത്ത പത്രമാ... പിന്നെയാണോ പൂഞ്ഞാറ്റിലെ ജോര്‍ജ്''

ദീപികയിലെ ജീവനക്കാര്‍ ഇന്നലെ മുതല്‍ പ്രചരിപ്പിക്കുന്ന ഒരു കാര്‍ഡാണിത്.. ഇതു പ്രചരിപ്പിക്കുന്നവര്‍ വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്.. നിങ്ങള്‍ എങ്ങനെ ഇപ്പോഴും ദീപികയിലെ ജീവനക്കാര്‍ ആയിരിക്കുന്നതെന്ന്... അതിന് പിന്നില്‍ നിങ്ങള്‍ ഇന്നു തള്ളിപ്പറയുന്ന പൂഞ്ഞാറ്റിലെ ഈ ജോര്‍ജിന്റെ കൂടെ വിയര്‍പ്പുണ്ട്....

2005 കാലഘട്ടത്തില്‍ ദീപിക ദിനപത്രം സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് അടച്ചുപൂട്ടലിന്റെ വക്കില്‍ നില്‍ക്കുന്നകാലം. പല ജില്ലാ ബ്യൂറോകളും എഡിഷനും പൂട്ടാന്‍ വേണ്ടി തീരുമാനിച്ചപ്പോഴാണ് ഫാരിസ് അബൂബക്കര്‍ ദീപികയുടെ രക്ഷകനായി അവതരിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ മാത്യൂ അറയ്ക്കലാണ് ഇയാളെ സഭയുമായി മുട്ടിക്കുന്നത്. ഫാരിസ് അബുബക്കറും കര്‍ണാടക മന്ത്രിയായ ടി. ജോണിന്റെ മകന്‍ പോള്‍ ജോണും കൂടി ആറു കോടിരൂപ മുടക്കി ദീപികയുടെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുകയായിരുന്നു.

ചെന്നൈയില്‍ കൂടിയ ബോര്‍ഡ് മീറ്റിങ്ങില്‍ ഫാരിസ് അബുബക്കറിനെ വൈസ് ചെയര്‍മാനും ജോസ് പട്ടാരയെ മനേജ്‌മെന്റ് ബോര്‍ഡിലുമെത്തിച്ചു. അതിന് ശേഷം ദീപിക ദേശാഭിമാനിയേക്കാളും വലിയ ദേശാഭിമാനിയായാണ് പ്രവര്‍ത്തിച്ചിരുന്നത്. കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ വൈദികന്‍ ഫാ. റോബിന്‍ വടക്കുഞ്ചേരിയായിരുന്നു അന്ന് ദീപികയുടെ മാനേജിങ് ഡയറക്ടര്‍.

കൊച്ചിയുടെ ഒത്തനടുക്ക് ഉണ്ടായിരുന്ന ദീപികയുടെ ഓഫീസും പ്രസും കൂടി ഇവര്‍ വിറ്റു. സഭയുമായി അടുപ്പം പുലര്‍ത്തുന്ന നൂറിലധികം ജീവനക്കാരെ പിരിച്ചു വിടാനുള്ള ശ്രമം നടത്തി. ഇതോടെയാണ് അമേരിക്കന്‍ വ്യവസായിയായ സുനില്‍ ജോസഫ് കുഴമ്പാല അടക്കമുള്ളവര്‍ ദീപികയെ രക്ഷിക്കാനായി എത്തുന്നത്. ദീപിക തിരിച്ച് പിടിക്കാന്‍ പാലാ രൂപതയും ചങ്ങനാശ്ശേരി-എറണാകുളം അങ്കമാലി അതിരൂപതയും വിശ്വാസികളുടെ ഇടയില്‍ പിരിവിന് ഇറങ്ങി. ചങ്ങനാശ്ശേരി രൂപത തന്നെ പിരിച്ച് അന്നു ദീപികയ്ക്ക് കൊടുത്തത് രണ്ടു കോടി രൂപയായിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും മൂന്നുകോടി രൂപ കടം എടുത്തു.

വിശ്വാസികള്‍ റബറും കുരുമുളകും ഏലവും വിറ്റതുമെല്ലാമായി സഭ ആറരകോടി രൂപയുമായി ഫാരിസ് അബുബക്കറിന്റെ അടുത്ത ചെന്നപ്പോള്‍ അദേഹം പത്രം വിട്ടുതരാന്‍ തയാറായില്ല. പത്രം ക്രൈസ്തവ സഭയ്ക്ക് വിട്ടുതരണമെങ്കില്‍ 20 കോടി രൂപ ആവശ്യപ്പെട്ടു. വിതയത്തില്‍ പിതാവ് അടക്കം സംസാരിച്ചിട്ടും ഫാരിസ് അതില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയാറായില്ല.

ഇതോടെയാണ് പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ് ആദ്യമായി ദീപികയ്ക്ക് വേണ്ടി ശബ്ദിക്കുന്നത്. സഭ പത്രം കൈവിട്ടുപോകുമെന്ന വിവിധ രൂപത അധ്യക്ഷന്‍മാരുടെ ആശങ്കകള്‍ പി.സി ജോര്‍ജ് ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരത്തും കോട്ടയത്തും പി.സി ജോര്‍ജ് പത്രസമ്മേളനം നടത്തി. കോട്ടയത്ത് ഫാരിസിന് കുടപിടിക്കുന്ന വൈദികരെ തുറന്ന് കാട്ടി. ഫാരിസിനെയും ഫാ. റോബിനെയും മൈക്ക് കെട്ടി തെറിവിളിച്ചു. അന്നു ദീപികയിലെ ജീവനക്കാര്‍ക്ക് ദൈവമായിരുന്നു പൂഞ്ഞാറിലെ പി.സി ജോര്‍ജ്.

ഇതോടെയാണ് 16 കോടി രൂപ തന്നാല്‍ ദീപിക സഭയ്ക്ക് തിരിച്ചു നല്‍കാമെന്ന് ഫാരിസ് അബുബക്കര്‍ സമ്മതിക്കുന്നത്. തുടര്‍ന്ന് സഭ വിശ്വാസികളായ ബിനസുകാരില്‍ നിന്നും കടമായി എടുത്ത തുക നല്‍കി 2007 ഡിസംബര്‍ 31 ന് എറണാകുളത്ത് വെച്ച് ഫാരിസിനെ ദീപികയില്‍ നിന്നും കുടിയിറക്കുന്നത്.

അന്നു രാത്രി തന്നെ അമേരിക്കന്‍ വ്യവസായിയായ സുനില്‍ ജോസഫ് കുഴമ്പാല, ഫാ. ജെയിംസ് എടത്തേല്‍, ഫാ. ജോസ് പന്തപ്ലാന്തോട്ടില്‍, ചന്തങ്കരി അച്ചന്‍ എന്നീ നാലുപേര്‍ ദീപികയുടെ മാനേജിങ്ങ് ഡയറകര്‍ ബോര്‍ഡില്‍ എത്തി. 2008 ജനുവരി ഒന്നിന് ഒന്നാം പേജില്‍ കത്തോലിക്ക സഭ ദീപിക പത്രത്തെ തിരിച്ചു പിടിച്ചുവെന്ന് എട്ടുകോളം വാര്‍ത്തയുമായാണ് പുറത്തിറങ്ങിയത്.

ദീപിക പത്രം കൈവിട്ടുപോകുമെന്നുള്ള ആശങ്ക വിശ്വാസികളായ കോണ്‍ഗ്രസ് സിപിഎം കേരള കോണ്‍ഗ്രസ് മാണി എംഎല്‍എമാരെ സഭ നേരിട്ട് അറിയിച്ചിരുന്നു. അന്നു എല്ലാവരും വാമൂടി ഇരുന്നപ്പോള്‍ നിങ്ങള്‍ ഇന്നു ജോലി ചെയ്യുന്ന പത്രം തിരിച്ച് പിടിക്കാന്‍ തെരുവിലും ഇന്ത്യവിഷന്‍ ചാനല്‍ ചര്‍ച്ചകളിലും പോരാടിയത് പൂഞ്ഞാറിലെ പിസി ജോര്‍ജായിരുന്നു. ഇന്നു നിങ്ങള്‍ ഇരുന്നു ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ അദേഹത്തിന്റെ വിയര്‍പ്പുകൂടിയുണ്ട്. പി.സി ജോര്‍ജ് നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അദേഹത്തെ ദീപിക ദിനപത്രം സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാമായിരുന്നു.

'ശൈലി മാറ്റാന്‍ സൗകര്യമില്ല': സഭയ്‌ക്കെതിരെ ജോര്‍ജ്

പാലാ രൂപത മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു പി.സി.ജോര്‍ജിന്റെ പ്രതികരണം. ബിഷപ്പിന്റെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ജോര്‍ജ് അദ്ദേഹത്തെ കാണാന്‍ എത്തിയത്. രാഷ്ട്രീയമായ ചര്‍ച്ചകള്‍ക്കല്ല, മറിച്ച് തന്റെ പ്രിയപ്പെട്ട പിതാവിനെ കാണാനാണ് താന്‍ വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സന്ദര്‍ശനത്തിനിടെ അദ്ദേഹം തന്നെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചുവെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

സഭയ്‌ക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. രാഷ്ട്രീയം പറയാന്‍ വന്നതല്ലെന്നും രാഷ്ട്രീയം കളിച്ചാല്‍ ഇനിയും പറയുമെന്നും പി സി വ്യക്തമാക്കി. സഭയുമായി പ്രശ്‌നവുമില്ല. സഭയിലെ പിതാക്കന്മാരെ ബഹുമാനമാണ്. ബിഷപ്പുമാര്‍ നന്ദികേട് കാണിച്ച് രാഷ്ട്രീയം കളിച്ചാല്‍ വര്‍ത്തമാനം പറയും. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്രമാണ് എതിരായിട്ട് പറഞ്ഞത്. താനും ഷോണ്‍ ജോര്‍ജും കേരള നിയമസഭയില്‍ കാണുമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

'പിതാവ് എനിക്ക് പ്രത്യേകം ഇരിക്കട്ടെ എന്ന് പറഞ്ഞ് ഒന്നാന്തരം ഒരു കൊന്തയും കുരിശുമാണ് നല്‍കിയത്' എന്ന് അദ്ദേഹം പറഞ്ഞു. നൂറാം വയസ്സിലും ബിഷപ്പിന് എല്ലാ കാര്യങ്ങളും ഓര്‍മ്മയുണ്ടെന്നും അദ്ദേഹം വളരെ ആരോഗ്യവാനായിരിക്കുന്നുവെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയക്കാരന്‍ എന്നതിലുപരി ബിഷപ്പിന്റെ കുടുംബവുമായി തനിക്ക് വലിയ അടുപ്പമാണുള്ളതെന്നും ഇത്തരം സന്ദര്‍ശനങ്ങള്‍ ഔദ്യോഗികമായ ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ദര്‍ശനത്തിന് പിന്നാലെ സഭയുടെ മുഖപത്രമായ ദീപികയ്ക്കെതിരെ ജോര്‍ജ് കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. തന്നെ കവലച്ചട്ടമ്പി എന്ന് വിശേഷിപ്പിച്ച പത്രത്തിന്റെ നിലപാടിനെ അദ്ദേഹം പരിഹസിച്ചു. ദീപിക ഇപ്പോള്‍ ഫാരിസ് അബൂബക്കറിന്റെ പത്രമാണെന്നും അവര്‍ എഴുതുന്നത് അവരുടെ വാപ്പയെപ്പറ്റിയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ തന്നെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസാരിക്കുന്ന ശൈലി മാറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം പി.സി. ജോര്‍ജ് പുച്ഛിച്ചു തള്ളി. ശൈലി മാറ്റാന്‍ എനിക്ക് സൗകര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം, വിമര്‍ശിച്ചവരെ ഇത്തിള്‍ക്കണ്ണികള്‍ എന്നും വിളിച്ചു. ബിഷപ്പിനെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ രാഷ്ട്രീയ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് താന്‍ 'മറ്റൊരു വര്‍ത്താനം' പറയേണ്ടിവരുമെന്നും ഭീഷണി മുഴക്കി.

സഭയോട് മൊത്തത്തില്‍ തനിക്ക് വിരോധമില്ലെങ്കിലും കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ താന്‍ ശക്തമായി നിലകൊള്ളുമെന്ന് ജോര്‍ജ് ആവര്‍ത്തിച്ചു. വോട്ടെടുപ്പിന് രണ്ട് ദിവസം മുന്‍പ് വിശ്വാസികളെ വിളിച്ച് യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ ബിഷപ്പ് നിര്‍ദ്ദേശം നല്‍കിയെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. നിഷ്പക്ഷമായി നില്‍ക്കേണ്ട സഭാ നേതൃത്വം രാഷ്ട്രീയത്തില്‍ ഇടപെട്ടതാണ് തന്റെ വേദനയ്ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, താനും മകന്‍ ഷോണ്‍ ജോര്‍ജും ഇത്തവണ നിയമസഭയില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ തനിക്ക് നൂറു ശതമാനം ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. മെയ് നാലാം തീയതി ഫലം വരുമ്പോള്‍ തങ്ങള്‍ വിജയിക്കുമെന്നും അന്നേദിവസം മാധ്യമപ്രവര്‍ത്തകര്‍ക്ക് കേക്കും സമൂസയും നല്‍കി ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''മര്യാദയാണോ കാണിച്ചത്. അതുപറയാന്‍ അയാള്‍ക്കെന്താണ് അവകാശം?. പൂഞ്ഞാറിലെ സ്ഥാനാര്‍ഥികളില്‍ സഭക്ക് എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടെങ്കില്‍ അതു ഞാനാണ്. എന്ത് കിട്ടിയിട്ടാണു നാണംകെട്ടവര്‍ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നത്?. സഭയെയും മെത്രാന്മാരെയും തള്ളിപ്പറയേണ്ടിവരും. ബോധവും വിവരവുമില്ലാത്തവരാണ് അവര്‍''-രോഷാകുലനായി ജോര്‍ജ് പറഞ്ഞു.

''എഫ്.സി.ആര്‍.എ ബില്‍ വരും. വിദേശത്തുനിന്ന് പണം വാങ്ങുന്നതിന്റെ കണക്ക് നല്‍കിയാല്‍ എന്താണ് കുഴപ്പം?. എന്നിട്ടും കത്തോലിക്ക സഭയല്ലേ, ക്രിസ്ത്യാനിയല്ലേ എന്നു വിചാരിച്ച് എന്തു കണക്ക് തന്നാലും അപ്രൂവ് ചെയ്യാമെന്ന് അമിത് ഷാ അവരോടു പറഞ്ഞതാണ്. എന്നിട്ടും എന്തിനാണ് ഇവന്മാര്‍ കുരയ്ക്കുന്നത്?. ദീപിക പത്രം വായിക്കുന്നവനു വട്ടാണ്. മെത്രാന്മാരല്ല സഭ. ഇവര്‍ പറയുന്നത് മുഴുവന്‍ കേട്ടുനില്‍ക്കാനാവില്ല. മെത്രാന്മാര്‍ ഊളത്തരം കൊണ്ടുനടക്കരുത്. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങള്‍ക്കും വേണ്ട. പണ്ടായിരുന്നു മെത്രാനും കുത്രാനും പറയുന്നവര്‍ക്ക് ജനം വോട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ അതിന് ആരെയും കിട്ടില്ല''-ജോര്‍ജ് തുടര്‍ന്നു. പൂഞ്ഞാറില്‍ 20,000 വോട്ടിനു ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ദീപികയുടെ മറുപടി

ജോര്‍ജിന്റെ കടന്നാക്രമണങ്ങള്‍ക്ക് ദീപിക മുഖപ്രസംഗത്തിലൂടെ മറുപടി നല്‍കിയിരുന്നു. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ലെന്നാണ് ദീപിക മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയത്. മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ഇനിയും പറയേണ്ടി വരുമെന്നും ദീപിക പറയുന്നു. കേരളത്തിലെ കവല ചട്ടമ്പിമാര്‍ അധികാരമുണ്ട് കാണിച്ചുതരാമെന്നാണ് പറയുന്നതെന്നും രാഷ്ട്രീയം ദുഷിപ്പുകാര്‍ തട്ടിപ്പറിക്കരുതെന്നും ദീപിക പറഞ്ഞു.

എല്ലാവര്‍ക്കും വേണ്ടി എന്ന് പറയുന്ന നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഉദാഹരണങ്ങളുണ്ടെന്നും എഫ്സിആര്‍എയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ദീപിക വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ പി സി ജോര്‍ജ് കഴിഞ്ഞ ദിവസം അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞുവെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്. അദ്ദേഹം കാണിച്ചത് മര്യാദ കേടാണെന്നും സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദീപിക പത്രത്തിനെതിരെ വിമര്‍ശനവുമായി പി സി ജോര്‍ജിന്റെ മകനും ബിജെപി നേതാവുമായ ഷോണ്‍ ജോര്‍ജും രംഗത്തെത്തിയിരുന്നു. ദീപികയിലെ ചില വ്യക്തികള്‍ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകര്‍ക്ക് വേണ്ടി വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണ് എന്നുമാണ് ഷോണ്‍ ജോര്‍ജ് പറഞ്ഞത്. ഇതെല്ലാം നിയന്ത്രിക്കപ്പെടേണ്ടതാണ് എന്നും സഭാ പിതാക്കന്മാരോട് താന്‍ പരാതി അറിയിക്കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു.