- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാറ്റ് ജിപിടിയെ വീഴ്ത്തിയ ചൈനീസ് കുഞ്ഞന്‍ ആപ്പ്; ദിവസങ്ങള്‍ക്കുള്ളില്‍ ആപ്പിള്‍ സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പായി 'ഡീപ് സീക്ക്'; ചൈനയുടെ എ.ഐ ഗെയിം ചേഞ്ചറായി ഡീപ് സീക്ക്; യു.എസ് ടെക്ക് മാര്‍ക്കറ്റുകളെ ഞെട്ടിച്ച എന്‍ട്രി; ഡീപ് സീക്കിന്റെ വരവില്‍ അടിതെറ്റി അമേരിക്കന്‍ ഓഹരി വിപണി
ചാറ്റ് ജിപിടിയെ വീഴ്ത്തിയ ചൈനീസ് കുഞ്ഞന്‍ ആപ്പ്;
ന്യൂഡല്‍ഹി: അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യവുമായാണ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റത്. എന്നാല്‍, ട്രംപിന്റെ ആ മോഹങ്ങള്‍ക്ക് വലിയ തിരിച്ചടി നല്‍കി കൊണ്ടാണ് ചൈനയുടെ വമ്പന്‍ എന്‍ട്രി ഉണ്ടായിരിക്കുന്നത്. എഐ ടൂളായ 'ഡീപ് സീക്ക്' എന്ന ചൈനീസ് താരമാണ് അമേരിക്കന്‍ ടെല് ലോകത്തെ നടുക്കിയിരിക്കുന്നത്. ടെക് മേഖലയില്‍ ഇന്ന് ഏറ്റവും വലിയ ചര്‍ച്ച ചെയ്യുന്നത് ഡീപ് സീക്ക് എന്ന എഐ ആപ്പിനെ കുറിച്ചാണ്. ചൈനയുടെ എ.ഐ ഗെയിം ചേഞ്ചറായി ഡീപ് സീക്ക് മാറിയതോടെ അമേരിക്കന്‍ ഓഹരി വിപണിക്കും അടിതെറ്റിയ അവസ്ഥയാണ്.
ടെക് ലോകം കീഴടക്കിയ എഐ ടൂളുകളായ ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയവയെല്ലാം മലര്‍ത്തിയടിച്ചിരിക്കുകയാണ് ചൈനീസ് എഐ ചാറ്റ് ബോട്ട്. സിലിക്കണ്‍ വാലിയിലെ പ്രധാന സംസാരം ഇപ്പോള്‍ ഡിപ് സീക്കിനെ പറ്റിയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ആപ്പിള്‍ സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പായി ഇത് മാറി. വന്‍ ജനപ്രീതിയാണ് ആപ്പിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് ആസ്ഥാനമായുള്ള എഐ കമ്പനികളെ അപേക്ഷിച്ച് ഡീപ് സീക്ക് കുറഞ്ഞ ചെലവിലാണ് അവതരിപ്പിച്ചതെന്ന കണക്കുകള്‍ പുറത്തുവന്നതാണ് അമേരിക്കന്‍ വിപണിയെ പിടിച്ചുലച്ചത്. എഐ ചിപ്പ് നിര്‍മാതാക്കളായ കമ്പനികളുടെ ഓഹരികള്‍ കൂപ്പുകുത്തിയതിന് കാരണവും ഇതാണ്. ഇനി വരാനിരിക്കുന്നത് ചൈനീസ് യുഗമാണെന്ന പ്രതീതിയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.
ചൈനയിലെ ഹാങ്ഷൗവില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയാണ് ഡീപ്സീക്ക്. 2023 ജൂലൈയിലാണ് കമ്പനിയുടെ ഔദ്യോഗിക തുടക്കമെങ്കിലും ജനുവരി പത്തിന് ഡീപ് സീക്കിന്റെ എഐ പവര്‍ഡ് ചാറ്റ്‌ബോട്ട് അവതരിപ്പിച്ചതോടെയാണ് കളിമാറിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ആപ്പിള്‍ സ്റ്റോറില്‍ ടോപ് റേറ്റിങിലെത്തുന്ന ഫ്രീ ആപ്പായി ഡീപ് സീക്ക് മാറി.
യുഎസ്, യുകെ, ചൈന എന്നിവിടങ്ങളില്‍ ഏറ്റവും മികച്ച സൗജന്യ ആപ്പിക്കേഷനായി ഇത് മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയവയെക്കാള്‍ മികച്ച പെര്‍ഫോമന്‍സാണ് ഡീപ് സീക്ക് കാഴ്ച്ച വെക്കുന്നത്. സൗജന്യമെന്നതിനൊപ്പം പരിധിയില്ലാത്ത ഉപയോഗവും ആപ്പിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ റിവ്യൂകളിലേറെയും അനുകൂലമായതും കൂടുതല്‍ സ്വീകാര്യത ലഭിക്കാനിടയാക്കി.
ആര്‍1 എന്നാണു ഡീപ്‌സീക്കിന്റെ പുതിയ പതിപ്പിന്റെ പേര്. ഓപ്പണ്‍ എഐ, മെറ്റ തുടങ്ങിയ കമ്പനികള്‍ ഹാര്‍ഡ്വെയറില്‍ ചെലവഴിക്കുന്നതിനെക്കാള്‍ വളരെക്കുറച്ചു തുക മാത്രമാണു ഡീപ്‌സീക്ക് ചെലവഴിക്കുന്നത്. ഇതാണു വിലക്കുറവിനുള്ള പ്രധാനകാരണം. ചൈനയിലേക്കുള്ള സെമികണ്ടക്ടര്‍ കയറ്റുമതിയില്‍ യുഎസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കാലയളവിലാണു ഡീപ്‌സീക് തരംഗമാകുന്നതെന്നുള്ളത് മറ്റൊരു യാദൃച്ഛികതയാണ്. ചൈനയിലെ എഐ കുതിപ്പിനെ വെല്ലുവിളിക്കാനായാണു യുഎസ് ഇങ്ങനെയൊരു നീക്കം നടത്തിയത്. ചൈനയുടെ നീക്കത്തില്‍ ട്രംപിന്റെ തന്ത്രങ്ങളെല്ലാം പാളുകയാണ് ഉണ്ടായത്.
ജനുവരി പത്തിനാണ് അതിന്റെ ആദ്യത്തെ സൗജന്യ ചാറ്റ് ബോട്ട് ഡീപ് സീക്ക് V3 പുറത്തിറക്കിയത്. ഡീപ് സീക്ക് V3 മോഡല്‍ അപ്പിളിന്റെ സ്റ്റോറില്‍ യു.എസ്, യു.കെ. , ചൈന എന്നീ രാജ്യങ്ങളില്‍ ടോപ് റേറ്റ്ഡ് ഫ്രീ ആപ്പായി മാറി. എ.ഐയിലെ സിലിക്കണ്‍ വാലി കുത്തകയാണ് ഡീപ് സീക്ക് അട്ടിമറിച്ചത്. ഡീപ് സീക്കിന്റെ ഏറ്റവും പുതിയ റിലീസായ R1 തരംഗമായി മാറിയിരിക്കുകയാണ്. മറ്റ് എ.ഐ ടൂളുകളെ അപേക്ഷിച്ച അണ്‍ലിമിറ്റഡ് യൂസേജ്, ഓപ്പണ്‍ സോഴ്‌സ്, കോസ്റ്റ് എഫിഷ്യന്റ് എന്നിവയാണ് ഡീപ് സീക്കിന്റെ പ്രത്യേകതകള്‍. വിവിധ വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക്് ഉത്തരം നല്‍കുന്നതിനുള്ള എ.ഐ പ്രകടം അളക്കുന്നതിനുള്ള ടെസ്റ്റില്‍ ഓപ്പണ്‍ എ.ഐയുടേതിനാക്കാള്‍ ഉയര്‍ന്ന സ്‌കോറാണ് ഡീപ് സീക്ക് നേടിയത്.
കാര്യക്ഷമതയിലും ഉപയോഗത്തിലും ഡീപ് സീക്ക് അതിന്റെ പ്രതിയോഗികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഓപ്പണ്‍ എ.ഐ, മെറ്റ തുടങ്ങിയ കമ്പനികള്‍ക്ക് വില കൂടിയ എ.ഐ ചിപ്പുകളും മറ്റ് സംവിധാനങ്ങളും ആവശ്യമായി വരുമ്പോള്‍ അതിന്റെ പകുതി വിഭവസമാഹരണത്തോടെയാണ് ഡീപ് സീക്ക് തത്തുല്യ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നത്. ലോകത്തിലെ മുന്‍നിര കമ്പനികള്‍ സാധാരണയാ 16,000 ചിപ്പുകളോ അതില്‍ കൂടുതലോ ഉളള സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ചാണ് അവരുടെ ചാറ്റ് ബോട്ടുകളെ പരിശീലിപ്പിക്കുന്നത്. എന്നാല്‍ ഏകദേശം 2000 എന്‍വിഡിയ ചിപ്പുകള്‍ ഉപയോഗിച്ചാണ് ഡീപ് സീക്ക് തന്റെ ചാറ്റ് ബോട്ടുകളെ പരിശീലിപ്പിച്ചത്.
കൂടുതല്‍ താങ്ങാവുന്ന എ.ഐ ഹാര്‍ഡ്‌വെയറിന്റെ ഉപയോഗവും മോഡല്‍ പരിശീലനത്തിനുള്ള നൂതന സമീപനങ്ങളും ചെലവ് കുറച്ച് എതിരാളികളുമായി മല്‍സരിക്കുന്നതിന് പ്രാപ്തരാക്കുന്നു. ഓപ്പണ്‍ എഐ മോഡലായ ചാറ്റ് ജിപിടിയില്‍ നിന്ന് വ്യത്യസ്തമായി പ്രതികരിക്കുന്നതിന് മുന്‍പ് തന്റെ ന്യായ വാദം ഡീപ് സീക്ക് വ്യക്തമാക്കുന്നു. ഈ ഓപ്പണ്‍ സോഴ്‌സ് സമീപനം ഡീപ് സീക്കിന്റെ സാങ്കേതിക വിദ്യയെ ആകര്‍ഷണീയമാക്കുന്നു.
സൗജന്യമായതും പരിധിയില്ലാത്ത ഓപ്പണ്‍ സോഴ്‌സ് എന്നിവയാണ് ഈ ചൈനീസ് എ.ഐ അസിസ്റ്ററ്റിന്റെ വന്‍ സ്വീകാര്യതയ്ക്ക് കാരണം. സുതാര്യത, കാര്യക്ഷമത എന്നിവ മൂലം എല്ലാവര്‍ക്കും എ.ഐ ആക്‌സസ് ചെയ്യാനാകും. ഓപ്പണ്‍ സോഴ്‌സ് ആയതിനാല്‍ ഡീപ് സീക്കിന്റെ API ചെലവ് മറ്റ് തത്തുല്യ മോഡലുകളേക്കാള്‍ 90% കുറവാണ്. ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടിക്ക് സമാനമായ R1 പവര്‍ ഇന്റര്‍ഫേസുള്ള ഡീപ്‌സീക്കിന് ഉപയോക്താക്കള്‍ക്കായി സൗജന്യ വെബ്‌സൈറ്റും മൊബൈല്‍ ആപ്‌ളിക്കേഷനും ഉണ്ട്. നിലവില്‍ ശക്തി കുറഞ്ഞ ജിപിടി ഫാമിലി മോഡലുകളില്‍ മാത്രമാണ് വെബ് സെര്‍ച്ച് ലഭ്യമായിട്ടുളളത്.
അടിതെറ്റി അമേരിക്കന്‍ ഓഹരി വിപണി
ചൈനീസ് എഐ ചാറ്റ്‌ബോട്ട് ഡീപ് സീക്കിന്റെ വരവില്‍ തകര്‍ന്നടിഞ്ഞ് അമേരിക്കന്‍ ഓഹരി വിപണി. യുഎസ് ടെക് ഭീമന്‍മാര്‍ക്ക് വന്‍ വെല്ലുവിളിയാണ് ഡീപ്സീക്ക് ഉണ്ടാക്കിയിരിക്കുന്നത്. എഐ ചിപ്പ് നിര്‍മാതാക്കളായ എന്‍വീഡിയയുടെ ഓഹരികളില്‍ 16 ശതമാനത്തിന്റെ ഇടിവുണ്ടായപ്പോള്‍ നഷ്ടം 500 ബില്യണ്‍ ഡോളറിലെത്തി. എന്‍വീഡിയയ്ക്ക് പുറമേ ബ്രോഡ്‌കോം, മൈക്രോസോഫ്റ്റ്, ആല്‍ഫാബെറ്റ്, സിസ്‌കോം,ടെസ്ല എന്നിവയുടെ ഓഹരികളിലും വന്‍ ഇടിവുണ്ടായി. പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഡീപ്സീക്ക് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടാകുന്നത്.
ഇതോടെ ഡീപ്സീക്കിന് നേരെ സൈബര്‍ ആക്രമണങ്ങളും തുടങ്ങി. സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ രജിസ്‌ട്രേഷനുകള്‍ ഡീപ്‌സീക്ക് താല്‍കാലികമായി നിര്‍ത്തിവെച്ചു. ഓപ്പണ്‍ എഐ, ഒറാക്കിള്‍, സോഫ്റ്റ് ബാങ്ക് എന്നിവരുമായി ചേര്‍ന്ന് ഡോണള്‍ഡ് ട്രംപ് 500 ബില്യണ്‍ ഡോളറിന്റെ എഐ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കന്‍ വിപണിയില്‍ ഡീപ്സീക്ക് കൊടുങ്കാറ്റായി ആഞ്ഞടിച്ചതെന്നതും ശ്രദ്ധേയമാണ്. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഡൗണ്‍ലോഡുകളുടെ എണ്ണത്തിലാണ് ഡീപ്സീക് ചാറ്റ് ജിപിടിയെ മറികടന്ന് മുന്നിലെത്തി. തങ്ങളുടെ ഫ്ളാഗ്ഷിപ്പ് മോഡലായ ആര്‍1 പുറത്തിറക്കിയതിന് പിന്നാലെയാണ് ഡീപ്സീക് ഡൗണ്‍ലോഡുകളില്‍ ഒന്നാമതായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.