ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം വാള്‍സ്ട്രീറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വണ്‍ഡേ സെയിലിന് ഇരയായിരിക്കുകയാണ് സാങ്കേതിക രംഗത്തെ ഭീമനായ എന്‍വിഡിയ. കമ്പനിക്ക് ഇനി തിരിച്ചുവരം ഉണ്ടാകില്ലേ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഓഹരിവിപണിയില്‍ വന്‍ തിരിച്ചടി ഉണ്ടായത്. ചൈനീസ് എ.ഐ പ്ലാറ്റ്പോമായ ഡീപ്പി സീക്കിന്റെ കുതിച്ചു കയറ്റത്തില്‍ എന്‍വിഡിയക്ക് നഷ്ടമായത് 500 ബില്യണ്‍ പൗണ്ടാണ്. ചാറ്റ്-ജി.പി.ടി ഉള്‍പ്പെടെയുള്ളവയക്ക് വന്‍ ഭീഷണിയാണ് ഇപ്പോള്‍ ഡീപ്പ് സീക്ക് ഉയര്‍ത്തുന്നത്.

അമേരിക്കയില്‍ പോലും ഏറ്റവുമധികം പേര്‍ ഡീ്പ്പ് സീക്ക് ഡൗണ്‍ ലോഡ് ചെയ്തു കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ്

ഡൊണാള്‍ഡ് ട്രംപ് പോലും ഇത്ര കുറഞ്ഞ ചെലവില്‍ ഇത്തരത്തില്‍ ഒരു എ.ഐ പ്ലാറ്റ്ഫോം നിര്‍മ്മിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ട പ്രകടിപ്പിക്കുകയും ഇത്തരം സംരംഭങ്ങള്‍ അമേരിക്കയിലും ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ എന്‍വിഡിയയുടെ ചിപ്പുകള്‍ പലതും വിലകൂടിയതാണ് എന്നതാണ് അവര്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി.

ഇപ്പോള്‍ എന്‍വിഡിയയുടെ ഓഹരികള്‍ കൈവശമുള്ള പലരും ചോദിക്കുന്ന ചോദ്യമാണ് കൈയ്യിലിരിക്കുന്ന ഷെയറുകള്‍ വിട്ടഴിക്കണോ എന്ന്. എന്‍വിഡിയക്ക് ഇനിയൊരു തിരിച്ചുവരവില്ലേ എന്നും പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക രംഗത്തെ വിദഗ്ധര്‍

പറയുന്നത് ഓഹരിയുടമകള്‍ പേടിക്കേണ്ടതില്ല എന്നാണ്. കഴിഞ്ഞ വര്‍ഷം എന്‍വിഡിയയുടെ ഓഹരി മൂല്യം രണ്ട് ട്രില്യണ്‍ ഡോളറില്‍ നിന്ന് മൂന്ന് ട്രില്യണ്‍ ഡോളറായി ഉയര്‍ന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ നിലവില്‍ കമ്പനിയുടെ ഓഹരി മൂല്യം 3.7 ട്രില്യണ്‍ ഡോളറായി മാറിയിരിക്കുകയാണ്. മെറ്റയുടേയും മൈക്രോസോഫ്റ്റിന്റയും ഓഹരികള്‍ കൈവശമുള്ള ചിലരും ഇപ്പോള്‍ ഇത്തരം ആശങ്കയിലാണ്. ജനങ്ങള്‍ ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ വേണം

നിലപാടുകള്‍ സ്വീകരിക്കാന്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

എന്‍വിഡിയ തകരുമെന്ന് പ്രവചനം നടത്തിയ പല വിദ്ഗ്ധരും അവര്‍ നേരത്തേ ഇത്തരം സന്ദര്‍ഭങ്ങളില്‍ നടത്തിയ പ്രവചനങ്ങള്‍ പൊളിഞ്ഞ കാര്യവും ഓര്‍ക്കണമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസവും നിരവധി പേര്‍ എന്‍വിഡിയയുടെ ഷെയറുകള്‍ വാങ്ങിക്കൂട്ടിയ കാര്യവും അവര്‍ പറയുന്നു. ഇന്നലെ എന്‍വിഡിയയുടെ ഓഹരികളില്‍ ആറ് ശതമനാനം വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.