- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പതിനേഴാം വയസിൽ ജീവിതത്തിന്റെ താളം തെറ്റിച്ച ആ അപകടം; ബൈക്കിൽ ബന്ധുവിനോടപ്പം സഞ്ചരിക്കവേ നിയന്ത്രണം തെറ്റി വീണ് കിടപ്പിൽ; ആശുപത്രിയും ചികിത്സയുമായി 11 വർഷത്തെ കഠിനയാത്ര; ഒടുവിൽ മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയ്ക്ക് മങ്ങൽ; 28ാം വയസിൽ ഫിക്‌സ് വന്ന് ദാരുണാന്ത്യം; വെണ്ണിയൂരിലെ വേദനിക്കുന്ന ഓർമ്മയായി ദീപു
തിരുവനന്തപുരം: കോവളത്ത് 17-ാം വയസ്സിൽ ബൈക്ക് അപകടത്തിൽപ്പെട്ട് 11 വർഷത്തോളം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെണ്ണിയൂർ നെല്ലിവിള വവ്വാമൂല ചന്ദ്രഭവനിൽ എസ്. ദീപു ചന്ദ്രൻ (28) ആണ് തിങ്കളാഴ്ച രാവിലെ അന്തരിച്ചത്. ചികിത്സയിലിരിക്കെ തലച്ചോറിനുണ്ടായ രക്തസ്രാവത്തെ (ഫിറ്റ്സ്) തുടർന്നാണ് മരണം സംഭവിച്ചത്.
2014-ൽ, വെറും 17 വയസ്സുള്ളപ്പോഴാണ് ദീപുവിന് ദാരുണമായ അപകടം സംഭവിച്ചത്. ബന്ധു ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്ന ദീപു സഞ്ചരിച്ച വാഹനം കോവളം മുട്ടയ്ക്കാട് ഭാഗത്ത് വെച്ച് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന ബന്ധു നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, ദീപുവിന് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റു.
അപകടത്തെത്തുടർന്ന് ദീപുവിനെ ഏറെ നാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പിന്നീട് വീട്ടിൽ വിശ്രമത്തിലായിരുന്നിട്ടും, ശാരീരികനില പൂർണ്ണമായി വീണ്ടെടുക്കാൻ സാധിച്ചില്ല. ഫിസിയോതെറാപ്പിയിലൂടെ ചില പുരോഗതിയുണ്ടായെങ്കിലും, അപകടത്തെ തുടർന്നുണ്ടായ ഓർമ്മക്കുറവ് പൂർണ്ണമായി മാറിയിരുന്നില്ല. മരണാസന്നനാകുന്നതുവരെയും തന്റെ മകൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ദീപുവിന്റെ മാതാപിതാക്കളായ ഷീജയും ചന്ദ്രനും.
കഴിഞ്ഞ ദിവസമാണ് ദീപുവിന് പെട്ടെന്ന് ഫിക്‌സ് വരുകയും തലച്ചോറിൽ രക്തസ്രാവമുണ്ടായത്. തുടർന്ന് തിടുക്കത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും സംസ്കാരം നടത്തുകയും ചെയ്തു.
11 വർഷക്കാലം നീണ്ട വേദനയ്ക്കും ചികിത്സയ്ക്കും ശേഷം ഒരു യുവാവിന്റെ ജീവിതം അവസാനിച്ചുവെന്നത് കുടുംബത്തിനും സുഹൃത്തുക്കൾക്കും തീരാ ദുഃഖമാണ്. ഒരു നിമിഷത്തെ അശ്രദ്ധമൂലമുണ്ടാകുന്ന ദുരന്തങ്ങൾ എത്രത്തോളം വലുതാണെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.