കേന്ദ്രബജറ്റില്‍ ഏറ്റവും കൂടിയ വിഹിതം ലഭിച്ചത് പ്രതിരോധ മന്ത്രാലയത്തിന്; വകയിരുത്തിയത് 6,21,940 കോടി; റെയില്‍വേക്കും കോളടിച്ചു; വന്‍ തുക വകയിരുത്തല്‍
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ ബജറ്റില്‍ പതിവുപോലെ ഏറ്റവും കൂടുതല്‍ വിഹിതം ലഭിച്ചത് പ്രതിരോധ മന്ത്രാലയത്തിന്. മുന്‍ ബജറ്റിനേക്കാള്‍ കൂടുതല്‍ തുകയാണ് വകയിരുത്തിയത്. ബജറ്റില്‍ പ്രതിരോധ മന്ത്രാലയത്തിന് പ്രഖ്യാപിച്ചത് 6,21,940 കോടി രൂപയാണ്. മുന്‍ ബജറ്റിനേക്കാള്‍ 4.79 ശതമാനം വര്‍ധനയാണിത്. മൊത്തം ബജറ്റിന്റെ 13 ശതമാനവും പോയത് പ്രതിരോധ മന്ത്രാലയത്തിലേക്കാണ്.
മറ്റ് എല്ലാ മന്ത്രാലയങ്ങളിലും വെച്ച് കൂടുതല്‍ തുകയാണ് പ്രതിരോധ വകുപ്പിന് അനുവദിച്ചത്. സമ്പന്നവും സ്വാശ്രയവുമായ 'വിക്ഷിത് ഭാരത്' എന്നതിലേക്ക് നീങ്ങാന്‍ ബജറ്റ് സഹായിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച പറഞ്ഞു. പ്രതിരോധ സാങ്കേതികവിദ്യയിലും നിര്‍മ്മാണത്തിലും സ്വയം ആശ്രയം പ്രോത്സാഹിപ്പിക്കുക, സായുധ സേനയെ ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് സജ്ജമാക്കുക, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്.
പ്രതിരോധ മേഖലയിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും എംഎസ്എംഇകളില്‍ നിന്നുമുള്ള സാങ്കേതിക മുന്നേറ്റങ്ങളെ പിന്തുണയ്ക്കുന്ന തിനും വേണ്ടി 518 കോടി രൂപയാണ് അനുവദിച്ചത്. 2024-25 ലെ ബജറ്റില്‍ ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് ബജറ്റില്‍ അനുവദിച്ച തുക 6,500 കോടിയാണ്.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 7,651.80 കോടി രൂപയാണ് ലഭിക്കുക. 3500 കോടി രൂപ മൂലധന ചെലവിനായി നീക്കിവെച്ചിട്ടുണ്ട്. ഉയര്‍ന്നുവരുന്ന നാവിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും മറ്റ് രാജ്യങ്ങള്‍ക്ക് മാനുഷിക സഹായം നല്കുന്നതിനുമുള്ള കോസ്റ്റ് ഗാര്‍ഡിന്റെ കഴിവുകള്‍ ഇത് കാരണം വര്‍ധിക്കുമെന്ന് കരുതുന്നു.
അതേസമയം റെയില്‍വേക്കും ഇക്കുറി കോളടിച്ചെന്ന് പറയേണ്ടി വരും. ട്രെയിന്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത യാത്രയൊരുക്കാന്‍ ഒരു ലക്ഷം കോടിയിലധികം രൂപ വകയിരുത്തി കേന്ദ്ര ബജറ്റ്. അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റില്‍ ഫണ്ട് നീക്കി വെച്ചിട്ടുണ്ട്. പതിനായിരം പുതിയ ജനറല്‍ കോച്ചുകള്‍ വിവിധ ട്രെയിന്‍ റൂട്ടുകളില്‍ ഉള്‍പ്പെടുത്താനും ബജറ്റില്‍ തീരുമാനായിട്ടുണ്ട്. രാജ്യത്ത് അങ്ങോളമിങ്ങോളം റെയില്‍വേ സ്റ്റേഷന് വികസനം നടക്കുന്നുണ്ട്. ഇത് കൂടി പരിഗണിച്ച് വലിയ വകയിരുത്തല്‍ തന്നെയാണ് നടത്തിയത്.
ആകെ മൊത്തം രണ്ട് ലക്ഷത്തി അറുപത്തി രണ്ടായിരം കോടി രൂപയാണ് റെയില്‍വേയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇന്ത്യയുടെ ബജറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണിത്. കാലപ്പഴക്കമുള്ള ട്രെയിനുകള്‍ മാറ്റുന്നതിനും സിഗ്നലിങ് സംവിധാനം കാര്യക്ഷമാകുന്നതിനും ഈ ഫണ്ട് വിനിയോഗിക്കും. നിലവില്‍ 4275 കിലോമീറ്റര്‍ മാത്രം സ്ഥാപിച്ച ട്രാക്കിലേക്കുള്ള കവചം വ്യാപകമാക്കാനും ഈ പണം ഉപയോഗിക്കും. 44000ത്തോളം തസ്തികകകളില്‍ നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കും. 'സുരക്ഷയ്ക്കും യാത്രക്കാരുടെ ക്ഷേമത്തിനുമാണ് റെയില്‍വേയുടെ പ്രഥമ പരിഗണനയെന്ന് ബജറ്റുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.