ലണ്ടന്‍: ഇന്നലെ വൈകുന്നേരം റെഡ് ഫോര്‍ട്ടില്‍ നടന്ന കാര്‍ സ്ഫോടനം ഇന്ത്യയെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. വാര്‍ത്ത പുറത്തെത്തി അധികം വൈകാതെ ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങള്‍ ലൈവ് റിപ്പോര്‍ട്ടിംഗുമായി എത്തിയതോടെ ലോകം കണ്ണും കാതും കൂര്‍പ്പിക്കുക ആയിരുന്നു ഡല്‍ഹിയിലേക്ക്. അത്യുഗ്ര സ്‌ഫോടനത്തില്‍ മരണ സംഖ്യ ഏറിക്കൊണ്ടിരുന്നത് ഇന്ത്യയിലേക്ക് ഇടക്കാലത്തിനു ശേഷം ഭീകരവാദം മടങ്ങി എത്തിയിരിക്കുന്നു എന്ന ചിന്തയ്ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും അധികം അകലെയല്ലാതെ ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും ജമ്മു കാശ്മീര്‍ പോലീസ് നടത്തിയ വേട്ടയില്‍, സ്ഫോടനത്തിന് മണികൂറുകള്‍ക്ക് മുന്‍പ് മാത്രം 2900 കിലോഗ്രാം സ്‌ഫോടക വസ്തുക്കളും എകെ 47 തോക്കുകളും പിടിച്ചെടുത്തു എന്ന വാര്‍ത്ത കൂടി അറിഞ്ഞിരിക്കുമ്പോള്‍ ഡല്‍ഹിയെ ചുട്ടു ചാമ്പലാക്കുക എന്ന ഉദ്ദേശം തന്നെയായിരുന്നു അക്രമികളുടെ ലക്ഷ്യം എന്ന് വ്യക്തം. ലക്ഷക്കണക്കിന് വിദേശ ടൂറിസ്റ്റുകള്‍ എത്തുന്ന തന്ത്ര പ്രധാന ഇടം എന്ന നിലയില്‍ ഡല്‍ഹിയില്‍ കനത്ത തോതില്‍ സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


പോലീസ് പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ മൂലം തങ്ങള്‍ കരുതിക്കൂട്ടിയ ആക്രമണം നടത്താന്‍ കഴിയാതെ പോയത് മറയ്ക്കാന്‍ ഉള്ള ഇച്ഛാഭംഗം കൂടിയാകാം ഇന്നലെ റെഡ് ഫോര്‍ഡില്‍ പൊട്ടിത്തെറിച്ച കാറിലൂടെ സംഭവിച്ചതെന്നും വിലയിരുത്തപ്പെടുന്നു. സംഭവത്തിന് പിന്നിലെ നിഗൂഢ ശക്തികളെ പുറത്തെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെങ്കിലും ഇതുവരെ ഒരു ഭീകര സംഘടനയും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ജമ്മു കാശ്മീരില്‍ അറസ്റ്റിലായ ഡോക്ടര്‍ ആദില്‍ റത്തറില്‍ നിന്നും കിട്ടിയ വിവരമാണ് ഫരീദാബാദിലെ ഓപ്പറേഷന് പോലീസിനെ സഹായിച്ചത്. ഒരു പക്ഷെ ഈ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ രാജ്യ തലസ്ഥാനത്തു സ്ഫോടന പരമ്പര തന്നെ അക്രമികള്‍ക്ക് സൃഷ്ടിക്കാനാകുമായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

17 വര്‍ഷത്തെ ഇടവേള, ഭീകരവാദം ഡല്‍ഹിയില്‍ മടങ്ങി എത്തുകയാണോ എന്ന ചോദ്യം ഏവരുടെയും മനസുകളില്‍

കഴിഞ്ഞ 17 വര്‍ഷമായി ഭീകരവാദികള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്ന ഡല്‍ഹിയിലോ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലോ വീണ്ടും ഭീകരവാദ സംഘടനകളുടേതിന് സാമ്യം ഉള്ള സ്ഫോടനം സംഭവിച്ചത് ഏവരുടെയും മനസുകളില്‍ ഒരു ചോദ്യമെറിയുകയാണ്, ഇന്ത്യയെ വിറപ്പിക്കാന്‍ വീണ്ടും ഭീകരവാദികള്‍ക്ക് കഴിഞ്ഞിരിക്കുകയാണോ? ഭീകരവാദത്തിന് എതിരെ ഉറച്ച നിലപാടുമായി നീങ്ങിയ ഇന്ത്യക്ക് അവരെ തടുത്തു നിര്‍ത്താന്‍ സാധിച്ചതിന് അന്താരാഷ്ട്ര തലത്തില്‍ തന്നെ കയ്യടി കിട്ടിയ കാലമായിരുന്നു ഇക്കഴിഞ്ഞ 17 വര്‍ഷങ്ങള്‍. ഇതിനിടയില്‍ ലോകത്തിന്റെ പല ഭാഗത്തും തുടര്‍ച്ചയായി ഭീകരവാദികള്‍ അഴിഞ്ഞാടിയപ്പോഴും ഇന്ത്യയെ അവര്‍ക്ക് കൈവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ ആ ആശ്വാസം അകലുന്നു എന്നാണ് ഇപ്പോള്‍ ഡല്‍ഹി ഓര്‍മ്മിപ്പിക്കുന്നത്.

ഡല്‍ഹിയില്‍ 24 വര്‍ഷം മുന്‍പ് നടന്ന പാര്‍ലമെന്റ് ആക്രമണവും പിന്നാലെ സംഭവിച്ച മുംബൈ ആക്രമണവും ഒക്കെ രാജ്യത്തിന്റെ നിലനില്‍പിന് പോലും ഹാനിയായി മാറുമോ എന്ന ചിന്തയില്‍ നിന്നുമാണ് ഭാരതം തീവ്രവാദത്തെ തുടച്ചു നീക്കി എന്ന വിശ്വാസത്തിലേക്ക് എത്തിയത്. എന്നാല്‍ ഇന്നലെ നടന്ന സ്ഫോടനം ഭീകരവാദത്തിന്റെ വേരറുക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും കാലമെടുക്കും എന്നോര്‍മ്മിപ്പിക്കുകയാണ്.

ഇന്നലെ ബിബിസി തുടക്കം മുതല്‍ റിപ്പോര്‍ട്ട് ചെയ്തതും ഇക്കാര്യം തന്നെയാണ്. ഡല്‍ഹിക്കാരുടെ ഓര്‍മ്മകളില്‍ ഏറ്റവും ഒടുവില്‍ നടന്ന കടുത്ത ആക്രമണം സംഭവിച്ചത് 2008 സെപ്റ്റംബറിലാണ്. അന്ന് 20 പേരാണ് കൊല്ലപ്പെട്ടത്. മാര്‍ക്കറ്റില്‍ അടക്കം പലയിടത്തായി സ്ഫോടന പരമ്പരകള്‍ തന്നെയാണ് അന്ന് നടന്നത്. ഡല്‍ഹി സ്ഫോടന ശേഷം ആ വര്‍ഷം തന്നെ ജയ്പൂര്‍, ബാംഗ്ലൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലും സ്ഫോടനം നടത്താന്‍ തീവ്രവാദികള്‍ക്ക് കഴിഞ്ഞിരുന്നു. ഇസ്ലാമിക് തീവ്രവാദി സംഘടനകളിലേക്കും വിദ്യാര്‍ത്ഥി സംഘടനയിലേക്കുമാണ് അന്ന് നിയമത്തിന്റെ കരങ്ങള്‍ തേടിയെത്തിയത്.

സമാനമായ ആക്രമണമാണ് ഇപ്പോഴും അക്രമികള്‍ ലക്ഷ്യം വച്ചിരുന്നത് എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആയിരക്കണക്കിന് കിലോ സ്ഫോടന സാമഗ്രികളുടെ ശേഖരം. 2005നും 2008നും ഇടയില്‍ പതിവായി നടന്ന സ്ഫോടന അക്രമങ്ങളില്‍ ഇന്ത്യയില്‍ പലയിടത്തായി അക്കാലത്തു 400 മനുഷ്യരുടെ ജീവന്‍ ബലി നല്‍കേണ്ടി വന്ന കാര്യവും ഇന്നലെ ബിബിസി ഓര്‍ത്തെടുത്ത് തീവ്രവാദം എത്ര ശക്തമായിരുന്നു ഇന്ത്യയില്‍ എന്ന ഭൂതകാല ഓര്‍മ്മകളെ കൂടിയാണ്. മുംബൈ ഭീകര ആക്രമണത്തില്‍ മാത്രം അന്ന് 166 പേരാണ് കൊല്ലപ്പെട്ടത് എന്നും ബിബിസി ഓര്‍മ്മിപ്പിക്കുന്നു.

ഉറങ്ങാന്‍ പേടിയോടെ ഡല്‍ഹിക്ക് കാളരാത്രി, കാവലേറ്റെടുത്തു മോദിയും അമിത് ഷായും

സമീപകാലത്തൊന്നും കാണാത്ത വിധത്തില്‍ രാജ്യ തലസ്ഥാനം ഭീകര ആക്രമണം എന്ന് സംശയിക്കപ്പെടും വിധം ഉഗ്ര സ്ഫോടങ്ങള്‍ക്ക് സാക്ഷിയായതോടെ നഗരം ഉറങ്ങാന്‍ പോലും പേടിക്കുക ആയിരുന്നു എന്നാണ് ബിബിസിക്ക് വേണ്ടി ഡല്‍ഹിയില്‍ നിന്നും ജുഗല്‍ പുരോഹിത് റിപ്പോര്‍ട്ട് ചെയ്യുന്നത്. നഗരം പൂര്‍ണമായും സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലും സ്പെഷ്യല്‍ ബോംബ് സ്‌ക്വാഡ് വിദഗ്ധരുടെ സാന്നിധ്യത്തിലും നിറഞ്ഞിരുന്നു. നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും എന്തിനും തയ്യാറായി നില്‍ക്കുന്ന കാഴ്ചയാണ് കണ്‍ തുറന്നിരുന്ന ഡല്‍ഹിക്ക് കാണാനായത്.

സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ എത്തിച്ച ലോക് നായക് ആശുപത്രിയിലേക്ക് ഒരാളെ പോലും കടത്തി വിടാത്ത കനത്ത സുരക്ഷയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും വിവരങ്ങള്‍ ലഭിക്കാന്‍ പ്രയാസമായി. ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഫോടനം നടന്ന സ്ഥലത്തും ആശുപത്രിയിലും എത്തി സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ശ്രമിക്കുന്നതും രാത്രി കാഴ്ചകളെ സജീവമാക്കി. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നത സംഘം സ്ഥിതി ഗതികള്‍ നിലയിരുത്തി നിര്‍ദേശങ്ങളുമായി രാജ്യത്തിന് കാവലായി നിന്നതും ഇന്നലത്തെ രാത്രിയുടെ പ്രത്യേകതയായി. പ്രദേശത്തെ റോഡുകള്‍ മുഴുവന്‍ സുരക്ഷാ വിഭാഗത്തിനും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും മാത്രമായതോടെ കിലോമീറ്ററുകള്‍ നടന്നാണ് തനിക്ക് റിപ്പോര്‍ട്ടിംഗ് പൂര്‍ത്തിയാക്കാനായത് എന്നും ബിബിസി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.