- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്‍ ശബ്ദം കേട്ട് ഞെട്ടിയവര്‍ കണ്ടത് വലിയ തീഗോളം; നാലുപാടും ജീവനുംകൊണ്ട് ചിതറിയോടി ആളുകള്‍; ചോരയില്‍ കുതിര്‍ന്ന ഒരു കൈപ്പത്തി ആള്‍ക്കൂട്ടത്തില്‍ തെറിച്ചുവീണു; മുഖത്തു കുത്തിക്കയറിയ ചില്ലുകഷണങ്ങളും പൊള്ളിപ്പൊളിഞ്ഞ തൊലിയുമായി ചികിത്സ തേടി ആളുകള്‍; ഡല്‍ഹി ആശുപത്രിയിലും നടുക്കുന്ന കാഴ്ച്ചകള്‍
വന്‍ ശബ്ദം കേട്ട് ഞെട്ടിയവര്‍ കണ്ടത് വലിയ തീഗോളം
ന്യൂഡല്‍ഹി: ഡല്‍ഹിയെ നടുക്കുന്ന സ്‌ഫോടനമാണ് കഴിഞ്ഞ ദിവസം ചെങ്കോട്ടയുടെ പ്രധാന കവാടത്തിന്റെ വലതുഭാഗത്തായി ലാല്‍ കില മെട്രോ സ്റ്റേഷന് സമീപം ഉണ്ടായത്. ശാന്തമായി ജീവിതം നയിച്ചിരുന്ന സാധാരണക്കാരാണ് അപ്രതീക്ഷിത സ്‌ഫോടനങ്ങളില്‍ നടുങ്ങിയത്. സ്‌ഫോടനം നടന്ന സ്ഥലത്തെയും ആശുപത്രികളിലെയും കാഴ്ച്ചകള്‍ നടക്കുന്നതായിരുന്നു.
മുഖത്തു കുത്തിക്കയറിയ ചില്ലുകഷണങ്ങള്‍, പൊള്ളിപ്പൊളിഞ്ഞ തൊലി, ചുറ്റിക്കെട്ടിയിട്ടും ചോര കിനിയുന്ന മുറിവുകളുമായി ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രി കാഷ്വല്‍റ്റി കാഴ്ച്ചകള്‍ ഭീകരമാണ്. സ്‌ഫോടനത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു ഇത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള ചിലര്‍ കൈകാലുകള്‍ അറ്റുപോയ നിലയിലാണെന്നു ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. പതിനഞ്ചോളം ആളുകള്‍ക്ക് എല്ലുകള്‍ക്കു പൊട്ടലുണ്ട്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന സ്വദേശികളാണ് പരുക്കേറ്റവരില്‍ ഏറെയും. മരിച്ചവരില്‍ ഇനിയും ആളുകളെ തിരിച്ചറിയാനുണ്ട്.
ഭയാനക ദൃശ്യങ്ങളായിരുന്നു ഇന്നലെ സ്‌ഫോടനം നടന്ന സ്ഥലത്തും പരിസരങ്ങളിലും കണ്ടത്. മരിച്ചവരെയും പരുക്കേറ്റവരെയും കൊണ്ടുപോയ വഴിയാകെ ചോരയില്‍ കുതിര്‍ന്നു കിടക്കുന്നു. ചോരയില്‍ കുതിര്‍ന്ന ഒരു കൈപ്പത്തി കാല്‍ച്ചുവട്ടില്‍ വന്നു വീണതിന്റെ ഞെട്ടല്‍ വിട്ടുമാറാതെ നില്‍ക്കുകയാണ് അമിത് മുദ്ഗല്‍. സ്‌ഫോടന ശബ്ദം കേട്ട് പേടിച്ചരണ്ട് റോഡില്‍ കുനിഞ്ഞിരിക്കുമ്പോഴാണു കാല്‍ച്ചുവട്ടില്‍ എന്തോ പതിച്ചത്. ഗതാഗതക്കുരുക്ക് പതിവായ സ്ഥലത്തായിരുന്നു സ്‌ഫോടനം. തൊട്ടടുത്ത മെട്രോ സ്റ്റേഷനില്‍ യാത്രക്കാരുടെ തിരക്കു കൂടുന്ന സമയം. റോഡിനപ്പുറം മാര്‍ക്കറ്റിലും പതിവു തിരക്ക്.
സ്‌ഫോടനം നടന്ന റോഡിനപ്പുറം ഓള്‍ഡ് ലജ്പത് റായ് മാര്‍ക്കറ്റിനു മുന്നില്‍ പാനിപുരി കട തുറന്നു കച്ചവടത്തിനുള്ള ഒരുക്കത്തിലായിരുന്നു ചന്ദന്‍ യാദവ്. ഉന്തുവണ്ടി തള്ളി മാര്‍ക്കറ്റിന്റെ മുന്നിലേക്കെത്തിയതും വന്‍ ശബ്ദം കേട്ട് ഞെട്ടി. നോക്കുമ്പോള്‍ റോഡിന് എതിര്‍വശം തീയാണു കണ്ടത്. പിന്നാലെ മറ്റൊരു പൊട്ടിത്തെറി കൂടി കേട്ടു. ആളുകള്‍ നാലുപാടും ചിതറിയോടി. ചന്ദനും ജീവനുംകൊണ്ടു പാഞ്ഞു.
'വലിയ ശബ്ദത്തിനു പിന്നാലെ ആകാശം മുട്ടെ ഉയര്‍ന്ന തീനാളങ്ങളാണ് കണ്ടത്. പരിസരമാകെ പുക മൂടി.' ചന്ദന്‍ പറഞ്ഞു. ഒരു തവണയാണു സ്‌ഫോടനശബ്ദം കേട്ടതെന്നു മറ്റു ചിലര്‍ പറയുന്നു. ഏകദേശം ഒരു കിലോമീറ്റര്‍ അകലെ ജുമാ മസ്ജിദിനു സമീപത്തും പ്രകമ്പനം അനുഭവപ്പെട്ടതായി ഉന്തുവണ്ടിയില്‍ പലഹാരങ്ങള്‍ വില്‍ക്കുന്ന മനോജ് പറഞ്ഞു.
പൊലീസ് വലയത്തിലായിരുന്ന എല്‍എന്‍ജെപി ആശുപത്രിയുടെ മുറ്റത്തു കൂടിനിന്നവര്‍ ഉറ്റവരെ അന്വേഷിച്ച് എത്തിയവരായിരുന്നു. സംഭവ സമയത്ത് ചെങ്കോട്ടയുടെ മുന്നിലുണ്ടായിരുന്ന പ്രിയപ്പെട്ടവരെ അന്വേഷിച്ചാണ് അവര്‍ എത്തിയത്. ഇത്തരത്തില്‍ എത്തിയ ബന്ധുക്കളെ മാത്രമാണ് അത്യാഹിത വിഭാഗത്തിന്റെ മുറ്റത്തെങ്കിലും നില്‍ക്കാന്‍ പൊലീസ് അനുവദിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അടയാളങ്ങളും വസ്ത്രങ്ങളുടെ നിറവും രേഖപ്പെടുത്തി പൊലീസുകാരാണ് ആശുപത്രിയുടെ ഉള്ളിലെത്തി പരുക്കേറ്റവരെ തിരിച്ചറിഞ്ഞത്.
ഗുരുഗ്രാമില്‍നിന്ന് കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ചാന്ദ്‌നി ചൗക്കിലെത്തിയ പിതാവ് ഓംകാര്‍ ശര്‍മയെ തേടി മകനും ബന്ധുക്കളും ആശുപത്രി വളപ്പില്‍ കാത്തുനില്‍ക്കുകയാണ്. പിതാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് മകന്‍ അടക്കമുള്ളവര്‍ പറയുന്നു. ഷാഹ്ദ്രയിലെ റോഹ്താസ് നഗറിലെ താമസക്കാരനായ സുധീര്‍ ശര്‍മ, മകന്‍ അങ്കുഷിനെ തേടിയാണ് ആശുപത്രിയിലെത്തിയത്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഐസിയുവിലാണ് അങ്കുഷ്. സ്‌ഫോടനത്തില്‍ പരുക്കറ്റ ദാവൂദ് അന്‍സാരി ബോധം വന്നപ്പോള്‍ സഹോദരീ ഭര്‍ത്താവ് സീഷന്‍ അന്‍സാരിയെ ഫോണില്‍ വിളിച്ചിരുന്നു. സീഷന്‍ ആശുപത്രിയിലെത്തിയെങ്കിലും ഇതുവരെ ദാവൂദിനെ കാണാന്‍ സാധിച്ചിട്ടില്ല.
ഡല്‍ഹിയിലെ അതിസുരക്ഷാ മേഖലയിലുള്‍പ്പെട്ടതാണു ചെങ്കോട്ട. 100 മീറ്റര്‍ ദൂരത്തില്‍ ലാല്‍ മന്ദിര്‍ ജൈന ക്ഷേത്രവും സിസ്ഗഞ്ച് സാഹിബ് ഗുരുദ്വാരയും. ഒരു കിലോമീറ്റര്‍ അകലെ ജുമാ മസ്ജിദ്, ഫത്തേപ്പുരി മസ്ജിദ്. ഇവയെല്ലാം ബന്ധിപ്പിക്കുന്ന ചാന്ദ്‌നി ചൗക്ക്, മീന ബസാര്‍, ഭഗീരഥ് പാലസ് ഇലക്ട്രോണിക് മാര്‍ക്കറ്റ്, ഓള്‍ഡ് ഡല്‍ഹി മാര്‍ക്കറ്റുകള്‍ എന്നിവ.
വിനോദ സഞ്ചാരികള്‍, കച്ചവടക്കാര്‍, ആരാധനാലയങ്ങളില്‍ പ്രാര്‍ഥനയ്ക്കെത്തുന്ന തദ്ദേശീയര്‍ തുടങ്ങി സദാസമയവും ആയിരക്കണക്കിന് ആളുകള്‍ നിറഞ്ഞിരിക്കുന്ന ഡല്‍ഹിയുടെ ഹൃദയഭാഗത്താണ് ബോംബ് സ്‌ഫോടമുണ്ടായത്. ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണിയുണ്ടാകുമ്പോഴെല്ലാം സുരക്ഷ വര്‍ധിപ്പിക്കുന്ന മേഖലയാണിത്. തിരക്കേറിയ മേഖല എന്നതിലുപരി ചെങ്കോട്ടയും ജുമാ മസ്ജിദുമാണ് സ്ഥലത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ചെങ്കോട്ട എല്ലാക്കാലത്തും ഭീകരവാദികളുടെ ഭീഷണിയിലായിരുന്നു. 2000 ഡിസംബര്‍ 22 ന് ഉണ്ടായ ലഷ്‌കറെ തയ്ബ ഭീകരാക്രമണത്തില്‍ 2 സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 3 പേര്‍ കൊല്ലപ്പെട്ടിരുന്നു.
2016 ഒക്ടോബര്‍ 12ന് ചെങ്കോട്ടയ്ക്കു നേരെ ഭീകരാക്രമുണ്ടാകുമെന്ന് പൊലീസിന് സന്ദേശമെത്തിയിരുന്നു. 2017 ല്‍ ചെങ്കോട്ടയ്ക്കുള്ളില്‍ നിന്ന് സ്‌ഫോടന വസ്തുക്കള്‍ കണ്ടെത്തി. 2021 ജനുവരിയിലെ കര്‍ഷകസമരകാലത്തും ചെങ്കോട്ടയ്ക്കു നേരെ ആക്രമണമുണ്ടായി. തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ അതിതീവ്രമായ സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും.
'ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,' രാഷ്ട്രപതി മുര്‍മു എക്സിലെ പോസ്റ്റില്‍ പറഞ്ഞു. 'ഇന്ന് വൈകുന്നേരം ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തില്‍ അതീവ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഹൃദയത്തില്‍ നിന്നുള്ള അനുശോചനം. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,' ഉപരാഷ്ട്രപതി രാധാകൃഷ്ണന്‍ എക്സില്‍ കുറിച്ചു.




