- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തിന് എതിരെ എന്തെങ്കിലും ചെയ്താല്‍ നിങ്ങള്‍ കുറ്റവിമുക്തരാകും വരെ ജയിലില്‍ കഴിയേണ്ടി വരുമെന്ന് തുഷാര്‍ മേത്ത; നാല് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്നുവെന്ന് പ്രതിഭാഗം; ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം ഉള്‍പ്പെടെ 9 പേരുടെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി ഹൈക്കോടതി
ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം ഉള്‍പ്പെടെ 9 പേരുടെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുള്‍പ്പെടെ ഒന്‍പത് പ്രതികളുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ നവീന്‍ ചൗള, ശൈലേന്ദര്‍ കൗര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷകള്‍ നിരസിച്ചത്. മുഹമ്മദ് സലീം ഖാന്‍, ഷിഫ ഉര്‍ റഹ്‌മാന്‍, അക്തര്‍ ഖാന്‍, മീരാന്‍ സാഹിബ്, ശദാബ് അബ്ദുല്‍ അഹമ്മദ്, ഖാലിദ് സൈഫി, ഗുല്‍ഫിഷ ഫാത്തിമ എന്നിവരാണ് ജാമ്യം നിഷേധിക്കപ്പെട്ട മറ്റുള്ളവര്‍. ഇവര്‍ക്കെതിരായ കേസ് 2022 മുതല്‍ കോടതിയുടെ പരിഗണനയിലായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് 2020-ല്‍ നടന്ന ഡല്‍ഹി കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡല്‍ഹി പൊലീസ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനുമെതിരെ യുഎപിഎ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. 2022 മുതല്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലായിരുന്നു. കലാപത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 700-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികളാണ് കലാപത്തിന്റെ മുഖ്യ ആസൂത്രകരെന്നാണ് ഡല്‍ഹി പോലീസിന്റെ ആരോപണം.
പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശക്തമായി എതിര്‍ത്തു. കലാപങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതും രാജ്യത്തെ ലോകമെമ്പാടും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗവുമായിരുന്നു എന്ന് അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിനെതിരെ എന്തെങ്കിലും ചെയ്താല്‍ കുറ്റവിമുക്തരാകുന്നത് വരെ ജയിലില്‍ കഴിയേണ്ടി വരുമെന്നും അദ്ദേഹം വാദിച്ചു.
കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നും കേസിന്റെ നടപടിക്രമങ്ങള്‍ വൈകുന്നെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകര്‍ അറിയിച്ചു. ഈ കേസില്‍ മറ്റ് പ്രതികളായ തസ്ലീം അഹമ്മദിന്റെ ജാമ്യാപേക്ഷയും നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.