- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴക്കാരി ആലീസും കുടുംബവും യുകെയില്‍ നിന്നും നാടുകടത്തപ്പെട്ടതുള്പ്പെടെയുള്ള കണക്കില്‍ കള്ളക്കളിയോ? ബ്രിട്ടീഷ് സര്‍ക്കാര്‍ നുണ പറയുന്നെന്നു ബിബിസി; കുടിയേറ്റക്കാരില്‍ നിയമലംഘനം നടത്തിയ 24,000 പേരെ നാടുകടത്തിയെന്നത് കള്ളക്കണക്കെന്നു കണ്ടെത്തല്‍; യഥാര്‍ത്ഥത്തില്‍ നാട് കടത്തിയത് വെറും 6339 പേരെ മാത്രം; ഹോം ഓഫിസിന് ആവേശം ചോര്‍ന്നെന്നു സൂചന
ബ്രിട്ടീഷ് സര്‍ക്കാര്‍ നുണ പറയുന്നെന്നു ബിബിസി; 24,000 പേരെ നാടുകടത്തിയെന്നത് കള്ളക്കണക്കെന്നു കണ്ടെത്തല്‍
ലണ്ടന്‍: ഇക്കഴിഞ്ഞ ഫെബ്രുവരി 12നു യുകെയില്‍ നിന്നും ആലപ്പുഴക്കാരി ആലീസിനെയും കുടുംബത്തെയും വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നാട് കടത്തി എന്നത് ഞെട്ടലോടെയാണ് യുകെ മലയാളികളും ആലീസിന്റെ നാട്ടുകാരും തിരിച്ചറിഞ്ഞത്. നാട്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കടം വാങ്ങി കെയര്‍ വിസ സ്വന്തമാക്കി എത്തിയ ആലീസിനും കുടുംബത്തിനും യുകെയില്‍ തുടരാന്‍ സാധിക്കാതെ പോയ സാഹചര്യത്തിലാണ് നാട് വിടുവാന്‍ ഹോം ഓഫീസ് നിര്‍ദേശം നല്‍കിയത്.
അമേരിക്കയില്‍ ട്രംപ് സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാര്‍ എന്ന് കണ്ടെത്തിയ ഇന്ത്യന്‍ വംശജരെ പ്രത്യേക വിമാനത്തില്‍ പഞ്ചാബിലെ വിമാനത്താവളത്തില്‍ കൈകാലുകളില്‍ ചങ്ങലയിട്ട നിലയില്‍ എത്തിച്ച വിവരങ്ങള്‍ ആശങ്കയോടെ ജനം കാണുന്ന വേളയില്‍ തന്നെയാണ് ബ്രിട്ടനും നാടുകടത്തല്‍ വിഷയത്തില്‍ നിയമം കടുപ്പിക്കാന്‍ തയ്യാറായത് എന്നത് ആശങ്കയുടെ കനം കൂട്ടി.
ആലീസിനെ കൂടാതെ ആ ദിവസങ്ങളില്‍ വേറെയും മലയാളികള്‍ നാടുകടത്തപെട്ടപ്പോള്‍ സമാന സാഹചര്യത്തില്‍ യുകെയില്‍ തുടരുന്ന നൂറുകണക്കിന് മലയാളികള്‍ നാടുകടത്തപ്പെടും എന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാല്‍ ശക്തമായ രീതിയില്‍ നടന്നിരുന്ന ഹോം ഓഫീസ് റെയ്ഡുകള്‍ പിന്നീട് അല്‍പം സാവകാശപ്പെടുന്ന കാഴ്ചയാണ് കാണാനായത്. തുടക്കത്തിലേ ആവേശം ഹോം ഓഫീസിനു ചോര്‍ന്നതായാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്.
കള്ളക്കണക്കുമായി ഹോം ഓഫിസ്, ഒന്നും പറയാനില്ലാതെ ബ്രിട്ടീഷ് സര്‍ക്കാര്‍
ഈ സാഹചര്യത്തിലാണ് ഹോം ഓഫിസ് നാടുകടത്തല്‍ വിഷയത്തില്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു വരുന്നത്. ഹോം ഓഫീസ് നല്‍കിയ വിവരങ്ങള്‍ കണക്കിലെടുത്തു ബ്രിട്ടീഷ് പ്രധാനമന്ത്രി തന്നെയാണ് 24,000 അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി എന്ന വിവരം പുറത്തുവിട്ടത്. എന്നാല്‍ ഇത് ബ്രിട്ടനില്‍ പതിവില്ലാത്ത തള്ള് രാഷ്ട്രീയത്തിന്റെ കണക്കിലേക്ക് എത്തുന്നു എന്നത് അത്ര നല്ല സൂചനയുമല്ല.
പ്രത്യേകിച്ചും കണക്കുകളില്‍ ചെറിയ പിഴവുകള്‍ അല്ല സംഭവിച്ചിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കവേ. സര്‍ക്കാര്‍ 24,000 പേരെ നാടുകടത്തി എന്ന് പറയുമ്പോള്‍ സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബിബിസി പറയുന്നത് 6339 പേരെ മാത്രമാണ് നാട് കടത്തിയത് എന്നാണ്. തന്റെ സര്‍ക്കാര്‍ അധികാരമേറ്റ് അധികം കഴിയും മുന്‍പേ ഇത്രയധികം അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനായി എന്നത് വലിയ ആവേശത്തോടെയാണ് കീര്‍ സ്റ്റാര്‍മാര്‍ നാട്ടുകാരോട് വിളിച്ചു പറഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ ബിബിസി തന്നെ കൃത്യമായ കണക്കുമായി മുന്നില്‍ വരുമ്പോള്‍ സര്‍ക്കാരിന് ഉത്തരം മുട്ടുകയാണ്. എന്നാല്‍ ആര്‍ക്ക് എവിടെയാണ് പിഴച്ചത് എന്ന സമാധാനം പറയേണ്ട ഹോം ഓഫീസ് ആകട്ടെ ബിബിസി വിവരം പുറത്തു വിട്ട ശേഷവും മൗനം തുടരുകയാണ്. ഇതില്‍ നിന്നും ഹോം ഓഫീസിനു കാര്യമായ പിഴവ് സംഭവിച്ചുവെന്നാണ് പൊതു സമൂഹം വിലയിരുത്തുന്നത്.
പ്രത്യേകിച്ചും കണക്കില്‍ കവിഞ്ഞ നിലയില്‍ കുടിയേറ്റക്കാര്‍ എത്തിയ സാഹചര്യത്തില്‍ ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്താന്‍ ഉള്ള ആലോചനകള്‍ അണിയറയില്‍ തയ്യാറാകുമ്പോളാണ് തെറ്റായ കണക്കുമായി നാട്ടുകാരുടെ മുന്നില്‍ എത്തിയ ശേഷം ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ ഇതിന്റെ പേരില്‍ വെള്ളം കുടിക്കുന്നത്. ലോകവ്യാപകമായി നടക്കുന്ന മനുഷ്യ കടത്തു സംഘങ്ങളെ എങ്ങനെ നിയന്ത്രിക്കും എന്നത് സംബന്ധിച്ച അന്താരാഷ്ട്ര ഉച്ചകോടിയില്‍ സംസാരിക്കവെയാണ് കീര്‍ സ്റ്റാര്‍മാര്‍ കണക്കുകള്‍ വെളിപ്പെടുത്തിയത് എന്നതും ഗൗരവം അര്‍ഹിക്കുന്ന കാര്യമായി മാറുകയാണ്.
മാത്രമല്ല കണക്കുകളില്‍ ആവേശം കയറിയ ഹോം ഓഫീസ് ഇത് സംബന്ധിച്ച വിശദമായ വീഡിയോ സാമൂഹ്യ മാധ്യമമായ എക്‌സിലെ അക്കൗണ്ടിലൂടെ പുറത്തു വിടുകയും ചെയ്തു. ഇതോടെ ലോകമെങ്ങും ബ്രിട്ടന്‍ കുടിയേറ്റ വിരുദ്ധ വികാരത്തിന്റെ പിടിയില്‍ ആണെന്ന സൂചന ശക്തമാകുകയും ചെയ്തു. അമേരിക്കന്‍ നയങ്ങളെ ബ്രിട്ടന്‍ കണ്ണടച്ച് പിന്തുടരുകയാണ് എന്ന വിമര്‍ശവും ഈ കണക്കുകള്‍ കേട്ട ശേഷമാണു പുറം ലോകത്തു നിന്നും ബ്രിട്ടനെ തേടിയെത്തിയത്.
ഇപ്പോള്‍ ബിബിസി പുറത്തു വിട്ട കണക്കിലെ 6339 പേരില്‍ ബഹുഭൂരിപക്ഷവും സ്വമേധയാ പോകാന്‍ തയ്യാറായവരാണ് എന്ന പ്രത്യേകതയും എടുത്തു കാട്ടുന്നു. ഇതിലൂടെ സര്‍ക്കാര്‍ പണിയെടുത്തു നാടുകടത്തിയവരുടെ എണ്ണം തീര്‍ത്തും ചെറുതാണ് എന്ന വിവരവും കൂടി ലോകം അറിയുകയാണ്. അതേസമയം ഒരാളെങ്കിലും മടങ്ങിയാല്‍ അത് ഹോം ഓഫീസിന്റെ കൂട്ടായ ശ്രമത്തിന്റെ വിജയം എന്നാണ് അവര്‍ ബിബിസി വാര്‍ത്തയോട് നടത്തിയ പ്രതികരണം.
കണക്കുകളില്‍ വന്‍ വ്യത്യാസം വന്നത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ഉടന്‍ പുറത്തുവരുമെന്നും ബിബിസി വ്യക്തമാക്കിയിട്ടുണ്ട്. വിസാ കാലാവധി കഴിഞ്ഞ ശേഷവും ബ്രിട്ടീഷ് ഉപേക്ഷിക്കാതെ യുകെയില്‍ തുടരുന്നവരെ കണ്ടെത്തി പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തശേഷമാണ് നാടുകടത്തുന്നത്. ഇത്തരക്കാരുടെ പാസ്‌പോര്‍ട്ടില്‍ സാധാരണ ഗതിയില്‍ പത്തു വര്‍ഷത്തെ യാത്ര നിരോധനവും ഏര്‍പ്പെടുത്തും.
പ്രൊഫഷണല്‍ രംഗത്തുള്ളവരാണ് ഇത്തരം നിരോധനവും മറ്റും നേരിടുന്നതെങ്കില്‍ മറ്റൊരു വിദേശ രാജ്യത്തേക്ക് പോകാനാകാതെ ദുര്‍ഘട പ്രതിസന്ധിയിലാകുകയും ചെയ്യും. അതിനിടെ സര്‍ക്കാര്‍ അറിയാതെ സ്വമേധയാ മടങ്ങിയവരുടെ കണക്കുകള്‍ സാവധാനമേ പുറത്തു വരൂ എന്നതിനാല്‍ ഇപ്പോള്‍ 24000 പേരെ നാട് കടത്തി എന്ന വാര്‍ത്തയില്‍ കണക്കുകളുടെ നിജസ്ഥിതി പുറത്തുവരണം എന്നാണ് ബിബിസി ആഗ്രഹിക്കുന്നത്.
ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള സമയങ്ങളില്‍ 17,300 പേര് മടങ്ങി എന്ന വമ്പന്‍ സംഖ്യയാണ് പുറത്തു വന്നത്. ഈ കണക്കിലും ഇപ്പോള്‍ അവിശ്വസനീയത ഉയരുകയാണ്. രാജ്യം വിടുന്നവരില്‍ മൂന്നില്‍ ഒന്നുപേരും പലപ്പോഴും സര്‍ക്കാരിനെ അറിയിക്കുക പോലും ചെയ്യാറില്ല എന്നാണ് ബിബിസി പറയുന്നത്. അതിനിടെ ആളുകള്‍ മടങ്ങുന്നത് സര്‍ക്കാര്‍ നിയന്ത്രണം മൂലമോ, അതോ സ്വന്തം ഇഷ്ടപ്രകാരമോ അതിലും വലുതായി ബ്രിട്ടന്‍ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്താനോ എന്നാണ് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നത് എന്ന് മൈഗ്രേഷന്‍ ഒബ്സെര്‍വട്ടറിയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും പറയുന്നു. കഴിഞ്ഞ ദിവസവും ബോര്‍ഡര്‍ സെക്യൂരിറ്റി മിനിസ്റ്റര്‍ ഡെയെം ആഞ്ചേല ഈഗിള്‍ പറഞ്ഞത് ബ്രിട്ടന്‍ 19,000 കുടിയേറ്റക്കാരെ നാടുകടത്തി എന്നാണ്.നാടുകടത്തല്‍, യുകെ, നിയമലംഘകര്‍, ബിബിസി, കീര്‍ സ്റ്റാര്‍മാര്‍