ആലപ്പുഴ: വഴിപാടിനെത്തിയ ഭക്തനോട് പരസ്യമായി കൈക്കൂലി ചോദിച്ചു വാങ്ങിയ കേസില്‍ വിജിലന്‍സ് കേസില്‍ പിടിയിലായ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ക്ക് സര്‍ക്കാരിന്റെ സംരക്ഷണം. മാന്നാര്‍ കുട്ടംപേരൂര്‍ കുന്നത്തൂര്‍ ശ്രീദുര്‍ഗാ ദേവി ക്ഷേത്രത്തിലെ റിസീവറും തൃക്കുരട്ടി മഹാദേവ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസറും ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശിയുമായ ശ്രീനിവാസനെയാണ് വിജിലന്‍സ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പൊക്കിയെങ്കിലും ഇയാളെ കുടുക്കിയതാണെന്ന് പ്രചരിപ്പിച്ചാണ് തുടര്‍ നടപടി ഒഴിവാക്കിയത്. ശബരിമല സ്വര്‍ണക്കൊള്ള പോലെ തന്നെയുള്ള കൊളളക്കാരനാണ് ശ്രീനിവാസന്‍ എന്ന് തെളിയിക്കുന്ന ശബ്ദരേഖയും പുറത്തു വന്നു. വഴിപാടുകാരനോട് കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖയാണ് ഇത്. വലിയ പരിപാടിയല്ലേ, തന്ത്രിയൊക്കെ വന്നതായതു കൊണ്ട് 5000 തന്നെ വേണമെന്ന് റിസീവര്‍ ആവശ്യപ്പെടുന്നതാണ് ശബ്ദരേഖയിലുളളത്.

ഇയാളുടെ ബാങ്ക് രേഖകളിലും അനധികൃത സമ്പാദ്യം സംബന്ധിച്ച് സൂചനകളുണ്ട്. അതേസമയം, ഇയാളെ സംരക്ഷിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വഴിവിട്ട നീക്കം നടക്കുകയാണ്. ശ്രീനിവാസന്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും തൃക്കുരട്ടി ദേവസ്വത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ബലിയാടാണ് ശ്രീനിവാസനെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഈ ആരോപണങ്ങള്‍ വിജിലന്‍സ് നിഷേധിക്കുകയാണ്. ശ്രീനിവാസന്റെ വീട്ടില്‍ നടത്തിയ റെയ്്ഡില്‍ ക്ഷേത്രത്തില്‍ വഴിപാടിന് ഉപയോഗിക്കുന്ന 30 താലി വിജിലന്‍സ് കണ്ടെടുത്തു. ഇത് 3.8 ഗ്രാം വരും. ക്ഷേത്രത്തില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതു കൊണ്ട് റിസീവര്‍ എന്ന നിലയില്‍ വീട്ടില്‍ കൊണ്ടു വച്ചതാണെന്നാണ് ശ്രീനിവാസന്റെ മൊഴി. എന്നാല്‍, അങ്ങനെ കൊണ്ടു വയ്ക്കാന്‍ നിയമം അനുവദിക്കുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കഥ വിജിലന്‍സ് ഡിവൈ.എസ്.പി നിഷേധിച്ചു. തുടര്‍ പരിശോധനയില്‍ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തന്നെ വഴി വിട്ട ഇടപാടിന്റെ സൂചനളും കിട്ടിയിട്ടുണ്ട്. നാലു ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ശ്രീനിവാസന് ജാമ്യം ലഭിച്ചു.

കുന്നത്തൂര്‍ ശ്രീദുര്‍ഗാദേവി ക്ഷേത്രത്തില്‍ പരാതിക്കാരന്‍ നടത്തിയ പൂജകള്‍ക്ക് കൈക്കൂലിയായിട്ടണ് പണം ചോദിച്ചത്. ശ്രീനിവാസന്‍ റിസീവര്‍ ചുമതല വഹിക്കുന്ന കുട്ടംപേരൂര്‍ കുന്നത്തൂര്‍ ശ്രീദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ മാന്നാര്‍ സ്വദേശിയായ പരാതിക്കാരന്‍ വിവിധ പൂജകള്‍ക്ക് ബുക്ക് ചെയ്യുന്നതിനായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പൂജക്കായി ചെലവാകുന്ന തുകയും ദക്ഷിണയും വഹിക്കണമെന്ന് ശ്രീനിവാസന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടു. പൂജകള്‍ നടത്തുന്നതിനുള്ള അനുമതി നല്‍കുകയും ചെയ്തു. പൂജകള്‍ക്കായി ക്ഷേത്രത്തില്‍ ഫീസിനത്തില്‍ 480 രൂപ അടച്ചു. കഴിഞ്ഞ 15 ന് പൂജകള്‍ നടത്തി. പൂജകള്‍ക്കായി പരാതിക്കാരന്‍ 30,000 രൂപ ക്ഷേത്രത്തില്‍ ചെലവാക്കി. പിന്നാലെ 17 ന് ശ്രീനിവാസന്‍ പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ട് പൂജകള്‍ നടത്തിയതിനുള്ള സൗകര്യം ചെയ്തുകൊടുത്തിന് പ്രതിഫലമായി 5,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇതില്‍ പ്രതികരിക്കാതിരുന്ന പരാതിക്കാരനെ ശ്രീനിവാസന്‍ 22 ന് വീണ്ടും ഫോണില്‍ ബന്ധപ്പെട്ട് പണം നല്‍കിയേ മതിയാവൂ എന്ന് അറിയിച്ചു.

തുക അയച്ചു കൊടുക്കാന്‍ തന്റെ ഗൂഗിള്‍ പേ നമ്പരും കൊടുത്തു. കൈക്കൂലി നല്‍കാന്‍ താത്പര്യമില്ലാത്ത പരാതിക്കാരന്‍ വിവരം ആലപ്പുഴ

വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം നവംബര്‍ 26 ന് ഉച്ചയ്ക്ക് ഉച്ചക്ക് 12.40 ന് മാന്നാര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന്റെ സമീപം കെണിയൊരുക്കി. ഇവിടെ വച്ച് പരാതിക്കാരനില്‍ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ ശ്രീനിവാസനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടി.

സാധാരണ വിജിലന്‍സ് കേസില്‍ പ്രതിയാകുന്ന ഉദ്യോഗസ്ഥരെ ഉടന്‍ തന്നെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതാണ് പതിവ്. എന്നാല്‍, ഇയാളെ മന്ത്രി സജി ചെറിയാന്‍ സംരക്ഷിക്കുന്നുവെന്നാണ് ആക്ഷേപം. തിരുവല്ല ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കീഴിലാണ് മാന്നാര്‍ സബ്ഗ്രൂപ്പ് വരുന്നത്. ഉദ്യോഗസ്ഥനെതിരേ എന്തു നടപടി സ്വീകരിച്ചുവെന്ന ചോദ്യത്തിന് തിരുവല്ല അസി. കമ്മിഷണര്‍ക്ക് മറുപടിയില്ല. അയാള്‍ക്ക് ജാമ്യം കിട്ടിയിട്ടുണ്ട്. വിഷയം ദേവസ്വം കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവിടെ നിന്നാണ് നടപടി എടുക്കേണ്ടതെന്നാണ് തിരുവല്ല അസി. കമ്മിഷണര്‍ പറയുന്നത്.

ശബരിമലയില്‍ സ്വര്‍ണകൊളളയില്‍ മുഖം നഷ്ടമായിരിക്കുന്ന സര്‍ക്കാര്‍ ഇവിടെയും കുറ്റക്കാരനെ സംരക്ഷിക്കുന്ന നിലപാട് ആണ് സ്വീകരിക്കുന്നതെന്ന് വിശ്വാസികള്‍ പറയുന്നു. വഴിപാടിനെത്തിയ ഭക്തനില്‍ നിന്ന് പണം പിടിച്ചു പറിക്കാനുള്ള നീക്കമാണ് ഉണ്ടായത്. എന്നിട്ടും നടപടി എടുക്കാതെ സര്‍ക്കാരും മന്ത്രിയും ചേര്‍ന്ന് സംരക്ഷിക്കുന്നതില്‍ ഭക്തര്‍ രോഷത്തിലാണ്.