തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തിന് കാരണം ഹരികുമാറിന് സഹോദരിയോടുള്ള കടുത്ത വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുഞ്ഞിന് ശ്രദ്ധ കൊടുത്തപ്പോള്‍ തന്നോടുള്ള ശ്രദ്ധ കുറഞ്ഞെന്ന് തോന്നി. കുഞ്ഞിന്റെ കരച്ചില്‍ ഹരികുമാറിന് അരോചകമായി തോന്നി. പരസ്ത്രീ ബന്ധം വിലക്കിയത് സഹോദരി ശ്രീതുവിനോട് വിരോധമായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് ഉള്‍വിളി തോന്നിയത് കൊണ്ടെന്ന് ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കി. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ വിശദീകരണം. എന്നാല്‍ പ്രതി അടിക്കടി മൊഴി മാറ്റുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. ഹരികുമാര്‍ വിദ്യാഭ്യാസം നേടിയിട്ടില്ല. മൂന്ന് വര്‍ഷം ആലപ്പുഴ ദേവീക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്നുവെന്നാണ് കണ്ടെത്തല്‍. ഹരികുമാറിനെ കൊലപാതകം നടന്ന വീട്ടിലേക്ക് കൊണ്ടുപോയി തെളിവെടുത്തു. കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാറിന് മാനസികസ്വാസ്ഥ്യമുണ്ടെന്നും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

കുഞ്ഞിന്റെ അമ്മ ശ്രീതുവും ഭര്‍ത്താവ് ശ്രീജിത്തും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഹരികുമാറും സഹോദരി ശ്രീതുവും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് പൊലീസ് വിലയിരുത്തല്‍. അടുത്തടുത്ത മുറികളില്‍ നിന്നും ഇരുവരും നിരന്തരം വാട്‌സ് ആപ്പ് ചാറ്റും വീഡിയോ കോളും ചെയ്യാറുണ്ടായിരുന്നു. ശ്രീതുവിനോട് ഹരികുമാര്‍ വഴിവിട്ട് പെരുമാറാന്‍ ശ്രമിച്ചിരുന്നു. അടുപ്പത്തിന് കുഞ്ഞ് തടസ്സമാകുമെന്നതിനാല്‍ കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ പൊലീസിന് ലഭിച്ച വിവരം. പക്ഷെ ഇനിയും പല സംശയങ്ങള്‍ ബാക്കിയാണ്. നഷ്ടപ്പെട്ട കൂടുതല്‍ വാട്‌സപ് ചാറ്റുകള്‍ വീണ്ടെടുക്കും.


ജ്യോത്സ്യന് പങ്കില്ലെന്ന് പൊലീസ്

രണ്ടുവയസുകാരിയുടെ കൊലപാതകത്തിന് പിന്നില്‍ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കി. 36 ലക്ഷം തട്ടിയെടുത്തുവെന്ന കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ പരാതിയിലാണ് അന്വേഷണം. പണം വാങ്ങിയ കാര്യം ജ്യോത്സ്യന്‍ ദേവീ ദാസന്‍ നിഷേധിച്ചു. ജ്യോത്സ്യന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജ്യോത്സ്യനെ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടയച്ചു. ചോദ്യം ചെയ്യലിന് എത്തിയത് സ്വഭാവിക നടപടിയുടെ ഭാഗമെന്ന് സ്റ്റേഷനില്‍ നിന്നിറങ്ങിയ ശേഷം ദേവീദാസന്‍ പ്രതികരിച്ചു. 'നൂറു ശതമാനം കള്ള പരാതിയാണ് എനിക്ക് എതിരെ ഉന്നയിച്ചത്. കൊവിഡിന് മുന്‍പാണ് ഹരികുമാര്‍ തന്റെ അടുക്കല്‍ ജോലി ചെയ്തിരുന്നതെന്നും അതിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവും ഇല്ലെന്നും' ദേവീ ദാസന്‍ വിശദീകരിച്ചു.

ഹരികുമാര്‍ ഒന്നര വര്‍ഷത്തോളം ഇയാളുടെ മഠത്തില്‍ ജോലി ചെയ്തിരുന്നു. പ്രദീപന്‍ എന്ന പേരില്‍ മുമ്പ് പ്രദേശത്ത് മുട്ട കച്ചവടം നടത്തിയ ആള്‍ പിന്നീട് ദേവീദാസന്‍ എന്ന പേരില്‍ മന്ത്രവാദത്തിലേക്കും പൂജയിലേക്കും മാറുകയായിരുന്നു. വീടുവാങ്ങാനെന്ന പേരില്‍ 36 ലക്ഷം രൂപ പല ഘട്ടങ്ങളിലായ് ദേവീദാസന്‍ തട്ടിയെടുത്തെന്നാണ് ശ്രീതുവിന്റെ മൊഴി.