- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിരിച്ചുവിട്ട പോലീസുകാരുടെ കണക്ക്: മാതൃഭൂമി വാര്‍ത്ത തള്ളി ഡിജിപി; 144 പേരെ പുറത്താക്കിയത് രേഖാമൂലം; കണക്കുകള്‍ നിരത്തി പോലീസ് ആസ്ഥാനം; പത്രവാര്‍ത്ത അടിസ്ഥാനരഹിതമെന്ന് വിശദീകരണം
മാതൃഭൂമി വാര്‍ത്ത തള്ളി ഡിജിപി
തിരുവനന്തപുരം: കേരള പോലീസിലെ ക്രിമിനലുകളെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് പ്രമുഖ ദിനപത്രമായ മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്താ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍. '144 പോലീസുകാരെ പിരിച്ചുവിട്ടെന്ന വാദത്തിന് കണക്കില്ല; ഈ സര്‍ക്കാരിന്റെ കാലത്ത് 47 മാത്രം' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും പിരിച്ചുവിട്ടവരുടെ കൃത്യമായ കണക്കുകള്‍ പോലീസ് ആസ്ഥാനത്ത് ലഭ്യമാണെന്നും ഡിജിപി അറിയിച്ചു.
കണക്കുകള്‍ ഇങ്ങനെ
പോലീസ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2016 മേയ് മുതല്‍ 2025 സെപ്റ്റംബര്‍ വരെ ആകെ 144 പോലീസുദ്യോഗസ്ഥരെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുന്നത്. ഇതില്‍ 82 പേര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരും 62 പേര്‍ ഗുരുതരമായ പെരുമാറ്റദൂഷ്യം കാണിച്ചവരുമാണ്.
ഇതുകൂടാതെ, അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനിന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വകുപ്പുതല നടപടിയുടെ ഭാഗമായി 241 പേരെ കൂടി സര്‍വീസില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ കണക്ക്
നിലവിലെ സര്‍ക്കാരിന്റെ കാലയളവില്‍ മാത്രം (2021 മേയ് മുതല്‍ 2025 സെപ്റ്റംബര്‍ വരെ) ക്രമസമാധാന പാലനത്തിന് കളങ്കമുണ്ടാക്കിയ 84 പോലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇതില്‍ 46 പേര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരും 38 പേര്‍ സ്വഭാവദൂഷ്യം കാണിച്ചവരുമാണ്. കൂടാതെ, ഡ്യൂട്ടിക്ക് വരാതെ മുങ്ങിയ 169 പേരെയും ഇക്കാലയളവില്‍ പുറത്താക്കി.
പോലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ എന്ന നിലയിലായിരുന്നു മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍, പോലീസ് പുറത്തുവിടുന്ന ഔദ്യോഗിക വിവരങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ് ഡിജിപി വ്യക്തമാക്കുന്നത്.
ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും അഴിമതിക്കാര്‍ക്കും പോലീസ് സേനയില്‍ ഇടമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി ഡയറക്ടര്‍ പ്രവീണ്‍ എസ്. ആര്‍ ആണ് വാര്‍ത്താക്കുറിപ്പിലൂടെ പോലീസ് മേധാവിയുടെ വിശദീകരണം പുറത്തുവിട്ടത്.




