തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഷേക് ദര്‍വേശ് സാഹിബ് സമര്‍പ്പിച്ചതോടെ തുടര്‍തീരുമാനം എന്താകുമെന്ന രാഷ്ട്രീയ ആകാംക്ഷയിലാണ് കേരളം. അജിത്കുമാറിനെ ക്രമസമാധാന ചുമതയില്‍ നിന്നും മാറ്റുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാല്‍, അന്‍വറിന്റെ ആരോപണങ്ങളില്‍ മാറ്റിയെന്ന രാഷ്ട്രീയ ധ്വനി വരാതിരിക്കാന്‍ എന്തു കരുതല്‍ എടുക്കും എന്നതിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്.

ഈ സാഹചര്യത്തില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുകയാണ്. ഡി.ജി.പി ഷേക്ക് ദര്‍വേശ് സാഹിബ് മുഖ്യമന്ത്രിയെ കാണാന്‍ സമയം തേടി. പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും ക്ലിഫ് ഹൗസിലെത്തിയിട്ടുണ്ട്. എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതിനപ്പുറത്തേക്കുള്ള എന്തെങ്കിലും നടപടികള്‍ മുഖ്യമന്ത്രി കൈക്കൊള്ളുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്റെ വീഴ്ചകള്‍ നിരത്തിയ റിപ്പോര്‍ട്ടാണ് ഇന്നലെ ഡി.ജി.പി സര്‍ക്കാറിന് നല്‍കിയത്. അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടപടി ആസന്നമാണെന്ന സൂചന നല്‍കി ആദ്യപടിയെന്നോണം ഇന്നലെ ശബരിമല അവലോകന യോഗത്തില്‍ നിന്ന് എ.ഡി.ജി.പിയെ മാറ്റിനിര്‍ത്തിയിരുന്നു.

രണ്ട് പ്രമുഖ ആര്‍.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ഗുരുതര വീഴ്ചയാണെന്ന നിരീക്ഷണത്തോടെയാണ് പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ട്. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കും ഐ.പി.എസുകാര്‍ക്കുള്ള വിലക്ക് ലംഘിച്ചതായും ഔദ്യോഗിക പദവിയിലിരിക്കുന്നവര്‍ അധികാര സ്ഥാനങ്ങളില്ലാത്ത നേതാക്കളെ കാണേണ്ടതില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

പരിചയപ്പെടാനുള്ള സ്വകാര്യ സന്ദര്‍ശനമെന്ന അജിത്കുമാറിന്റെ വാദവും അദ്ദേഹം തള്ളി. ഔദ്യോഗിക പദവിയുടെ ദുരുപയോഗം സര്‍വിസ് ചട്ടലംഘനം എന്നിവ നിരത്തുന്ന റിപ്പോര്‍ട്ട് കുറ്റമറ്റതാക്കാന്‍ ശ്രമകരമായ ദൗത്യമാണ് ഡി.ജി.പിയുടെ നേതൃത്വത്തില്‍ രണ്ട് ദിവസമായി പൊലീസ് ആസ്ഥാനത്ത് നടന്നത്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കൂര്‍ നീണ്ട മാരത്തണ്‍ യോഗത്തിന്റെ തുടര്‍ച്ചയായി ശനിയാഴ്ചയും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് റിപ്പോര്‍ട്ടിന് അന്തിമരൂപമായത്.

ഔദ്യോഗിക പദവിയുടെ ദുരുപയോഗം സര്‍വിസ് ചട്ടലംഘനം എന്നിവ നിരത്തുന്ന റിപ്പോര്‍ട്ട് കുറ്റമറ്റതാക്കാന്‍ പല തരത്തിലെ നിയമോപദേശവും ഡിജിപി തേടിയിരുന്നു. അജിത്കുമാറിനെ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തിയശേഷമാണ് സമര്‍പ്പിച്ചതെന്നറിയുന്നു. ആര്‍.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അജിത്കുമാറിന് വീഴ്ചസംഭവിച്ചുവെന്നാണ് കണ്ടെത്തല്‍. എന്നാല്‍, ഏതുതരത്തിലെ അച്ചടക്കനടപടി വേണമെന്ന നിര്‍ദേശം റിപ്പോര്‍ട്ടിലില്ല. കണ്ടെത്തലുകളില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാവുന്നവിധത്തിലാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ക്രമസമാധാന ചുമതലയില്‍ നിന്നും എഡിജിപിയെ മാറ്റും. ബറ്റാലിയന്‍ എഡിജിപിയായി അജിത് കുമാര്‍ തുടരാനും സാധ്യതയുണ്ട്.

റിദാന്‍ വധം, മാമി തിരോധാന കേസുകളില്‍ എഡിജിപിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഗൂഡാലോചനാ വാദമാണ് തള്ളുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരെ മാറ്റിയതില്‍ ചട്ട ലംഘനമുണ്ടെന്നും പറയുന്നു. ഏതായാലും അന്വേഷണത്തില്‍ അജിത് കുമാര്‍ ഇടപെട്ടില്ലെന്നാണ് കണ്ടെത്തല്‍. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോര്‍ട്ടിലുളള തന്റെ കണ്ടെത്തലുകള്‍ ധരിപ്പിക്കും. അജിത് കുമാറിന്റെ ആര്‍എസ്എസ് കൂടിക്കാഴ്ചയ്ക്ക് റിപ്പോര്‍ട്ടില്‍ സ്ഥിരീകരണമുണ്ട്. സ്വകാര്യ സന്ദര്‍ശനമെന്നാണ് എഡിജിപിയുടെ മൊഴി. രാഷ്ട്രീയ ഭേദമന്യേ നേതാക്കളെ കാണാറുണ്ടെന്നും എഡിജിപി മൊഴി നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ വിശദ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നുണ്ട്.

അതേസമയം, അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപിക്കെതിരെ തെളിവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അന്‍വറിന്റെ ആരോപണങ്ങളുടെ പേരില്‍ എഡിജിപിക്കെതിരെ നടപടി വരില്ല. ഓഗസ്റ്റ് അവസാനം പത്തനംതിട്ട എസ്പിയായിരുന്ന എസ്. സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണം പി.വി.അന്‍വര്‍ പുറത്തുവിട്ടതോടെയാണ് എഡിജപി എം.ആര്‍.അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പൊതുസമൂഹത്തിലേക്ക് എത്തുന്നത്. അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച സുജിത് ദാസിനെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നതിനാല്‍ അജിത് കുമാര്‍ പൊലീസില്‍ സര്‍വശക്തനാണെന്നും ഐജി പി.വിജയനെ തകര്‍ത്തത് അജിത് കുമാറാണെന്നും സുജിത് ദാസ് പറഞ്ഞിരുന്നു. എഡിജിപിയുടെ ഭാര്യാസഹോദരന്മാര്‍ക്ക് എന്താണു ജോലിയെന്ന് അന്വേഷിക്കണമെന്നും പി.വി.അന്‍വറിനോട് സുജിത് ദാസ് പറയുകയും ചെയ്തു. ആദ്യം എഡിജിപിക്കെതിരെ തുടങ്ങിയ ആരോപണം പിന്നീട് അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ തിരിക്കുകയും ചെയ്തു.