അരൂർ: ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ധൻബാദ് എക്സ്പ്രസ് തീവണ്ടിയുടെ പിന്നിലെ ബോഗിക്ക് സമീപത്തുനിന്ന് പുക ഉയർന്നതിനെ തുടർന്ന് എഴുപുന്ന ശ്രീനാരായണപുരം ഭാഗത്ത് മുക്കാൽ മണിക്കൂറോളം പിടിച്ചിട്ടു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ശ്രീനാരായണപുരം റെയിൽവേ ഗേറ്റ് കടന്നുപോകുമ്പോൾ ഗേറ്റ്മാനാണ് തീവണ്ടിയുടെ പിന്നിൽനിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻതന്നെ തീവണ്ടി നിർത്തിയിടുകയായിരുന്നു.

പ്രാഥമിക പരിശോധനയിൽ തീവണ്ടിയുടെ ആക്സിലിന് അമിതമായി ചൂടായതാണ് പുക ഉയരുന്നതിന് കാരണമെന്ന് വ്യക്തമായി. തുടർന്ന് ഗാർഡ് എത്തി പരിശോധന നടത്തുകയും ചൂടായ ആക്സിൽ റിലീസ് ചെയ്യുകയും ചെയ്തതിന് ശേഷം തീവണ്ടി യാത്ര പുനരാരംഭിച്ചു.

തീവണ്ടി നിർത്തിയിട്ടതിനെ തുടർന്ന് എഴുപുന്ന ഉൾപ്പെടെയുള്ള ലെവൽ ക്രോസുകൾ തുറക്കാൻ വൈകിയത് വാഹനയാത്രക്കാർക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കി. യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കി, വേഗത്തിൽ തകരാർ പരിഹരിച്ച് യാത്ര പുനരാരംഭിക്കാൻ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചു.