മംഗളൂരു: 'ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൂട്ടക്കൊല പരമ്പരയാണിത്. പൊലീസ് നടപടി എടുത്തില്ലെങ്കില്‍ ആക്ഷന്‍ കമ്മിറ്റിക്കാര്‍ നേരിട്ടിറങ്ങി മൃതദേഹങ്ങള്‍ പുറത്തെടുക്കും. ജയിലില്‍ പോകാന്‍ തയ്യാറാണ്. ജീവനക്കാരന്‍ നല്‍കിയ മൊഴി നൂറ് ശതമാനവും ശരിയാണ്'-ഇത് ധര്‍മ്മസ്ഥലയിലുള്ളവരുടെ പൊതു വികാരമാണ്. വിദ്യാര്‍ത്ഥികളടക്കം 100ലേറെ സ്ത്രീകളെ പീഡിപ്പിച്ച് കൊന്ന് കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ വിവാദം കൊഴുക്കുകായണ്. പക്ഷേ ഇപ്പോഴും പ്രതികളെ അറസ്റ്റു ചെയ്യാനോ കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാനോ പോലീസ് തയ്യാറാകുന്നില്ല. സത്യം പുറത്തു പറഞ്ഞ ആള്‍ ആരാണ് ഇതെല്ലാം ചെയ്തതെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും അറസ്റ്റുണ്ടാകുന്നില്ലെന്നത് ദുരൂഹമാണ്. വിഷയത്തില്‍ കര്‍ണ്ണാടകയിലെ വനിതാ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്.

മരിച്ചവരില്‍ മലയാളികളുമുണ്ടെന്ന സംശയവും ശക്തമാണ്. കര്‍ണാടകയിലെ ധര്‍മ്മസ്ഥലത്ത് 1998നും 2014നും ഇടയിലാണ് കൂട്ടക്കൊലകള്‍ നടന്നത്. ഇതു സംബന്ധിച്ച് ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ മൊഴിയില്‍ കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതീവ രഹസ്യമായാണ് അന്വേഷണം. ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ സൂപ്പര്‍വൈസറാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നിര്‍ദ്ദേശിച്ചത്. വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇതോടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടിയെന്നും മുന്‍ തൊഴിലാളി പറയുന്നു. ഈ മൊഴിയില്‍ യഥാര്‍ത്ഥ പ്രതിയെ കസ്റ്റഡിയില്‍ എടുക്കാം. മൊഴിയും രേഖപ്പെടുത്താം. അതിന് ശേഷം കാര്യങ്ങള്‍ ബോധ്യപ്പെട്ട് അറസ്റ്റിലേക്കും കടക്കാം. പക്ഷേ ഇതൊന്നും നടക്കാത്തത് എന്തുകൊണ്ടാണെന്ന സംശയം നാട്ടുകാര്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്.

ധര്‍മ്മസ്ഥലയിലും പ്രദേശങ്ങളിലും പീഡനത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കുഴിച്ചിട്ടത്. എന്നാല്‍ മൊഴിനല്‍കിയ ആളുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയതിന്റെ ഫോട്ടോകളും തെളിവുകളും അദ്ദേഹം പൊലീസിന് നല്‍കി. ഇയാള്‍ക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. 2014ല്‍ ജോലി ഉപേക്ഷിച്ച ഇയാള്‍ കുടുംബത്തോടൊപ്പം ധര്‍മ്മസ്ഥലയില്‍ നിന്ന് പോയിരുന്നു. പശ്ചാത്താപവും ഇരകള്‍ക്ക് നീതി ലഭിക്കണമെന്നത് ആഗ്രഹിച്ചുമാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നാണ് ഇദ്ദേഹം പൊലീസിനോട് പറഞ്ഞു. ധര്‍മ്മസ്ഥല ക്ഷേത്ര ജീവനക്കാരിയും ഇതു സംബന്ധിച്ച് മൊഴി നല്‍കി. ധര്‍മ്മസ്ഥലയിലെ പരിശോധനയില്‍ തലയോട്ടികളും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തി. ഇവ ബെല്‍ത്തങ്ങാടി കോടതിയില്‍ ഹാജരാക്കി. മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറയുന്നിടത്ത് കൂടുതല്‍ പരിശോധനകള്‍ ആരംഭിച്ചിട്ടില്ല.

ധര്‍മ്മസ്ഥലയിലേക്ക് പോകുന്ന മലയാളികളില്‍ കൂടുതലും കാസര്‍കോട്ടുകാരാണ്. അതിനിടെ ധര്‍മ്മസ്ഥലയില്‍ പോയി കാണാതായ മലയാളി പെണ്‍കുട്ടികളുണ്ടെന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നുണ്ട്. 1987ല്‍ കാണാതായ യുവതിയുടെ മൃതദേഹം കൈകാലുകള്‍ വെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം യുവതിയുടെ സഹോദരന്‍ വെളിപ്പെടുത്തി. ജൂലൈ 3 നാണ് പരാതിക്കാരന്‍ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലും ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷനിലും രേഖാമൂലം പരാതി നല്‍കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് ദക്ഷിണ കന്നഡ എസ് പി അരുണ്‍ കെ അറിയിച്ചിരുന്നു.

പരാതിയുമായി എത്തിയ ആള്‍ തന്റെ വ്യക്തിത്വം വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ചുവെന്നും, കോടതിയുടെ അനുമതി തേടിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും എസ് പി വ്യക്തമാക്കി. പരാതിക്കൊപ്പം കുഴിച്ചിട്ട മൃതദേഹങ്ങളുടെ ഫോട്ടോയും പോലീസിന് കൈമാറിയിട്ടുണ്ട്.

ശുചീകരണ തൊഴിലാളിയായിരുന്ന വ്യക്തിയുടെ മൊഴി ഇങ്ങനെ

സംഭവത്തില്‍ പശ്ചാത്താപം തോന്നിയതുകൊണ്ടും ഇരകള്‍ക്ക് നീതി ലഭിക്കണമെന്നതുകൊണ്ടുമാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ധര്‍മ്മസ്ഥലയിലെയും പരിസര പ്രദേശങ്ങളിലെയും ബലാത്സംഗത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കത്തിച്ച് കുഴിച്ചുമൂടിയതെന്ന് ഇയാള്‍ ദക്ഷിണ കന്നഡ പൊലീസിനോട് സമ്മതിച്ചു. താന്‍ കുഴിച്ചിട്ട മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പുറത്തെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. പതിനൊന്ന് വര്‍ഷം മുന്‍പ് കുടുംബത്തോടൊപ്പം ധര്‍മ്മസ്ഥല വിട്ടതായും ദിവസവും കൊല്ലപെടുമെന്ന ഭയം തന്നെ വേട്ടയാടിയതായും അദ്ദേഹം പറയുന്നു.

'ദലിത് കുടുംബത്തില്‍ ജനിച്ച ഞാന്‍ 1995 മുതല്‍ 2014 ഡിസംബര്‍ വരെ ധര്‍മ്മസ്ഥല ക്ഷേത്രത്തിന് കീഴില്‍ ഒരു ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നു. അതിനുമുന്‍പ് അതിന്റെ പരിസര പ്രദേശങ്ങളിലും ഈ ജോലി ചെയ്തിരുന്നു. ശുചീകരണ ജോലിയുടെ തുടക്കത്തില്‍ താന്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടു, അവ ആത്മഹത്യ ചെയ്തതോ ആകസ്മികമായി മുങ്ങിമരിച്ചതോ ആണെന്നാണ് കരുതിയത്. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളുടേതായിരുന്നു, മിക്കവയും വസ്ത്രങ്ങളില്ലാത്തവ. ചില മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമത്തിന്റെയും കഴുത്ത് ഞെരിച്ചതിന്റെയും മറ്റ് മുറിവുകളുടെയും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 1998ല്‍, എന്റെ സൂപ്പര്‍വൈസര്‍ മൃതദേഹങ്ങള്‍ രഹസ്യമായി സംസ്‌കരിക്കാന്‍ എന്നോട് നിര്‍ദ്ദേശിച്ചു. ഞാന്‍ വിസമ്മതിക്കുകയും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറയുകയും ചെയ്തപ്പോള്‍, ക്രൂരമായി ആക്രമിക്കപ്പെട്ടു,' അദ്ദേഹം പരാതിയില്‍ പറഞ്ഞു.

തന്നെയും എന്റെ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. 'മൃതദേഹങ്ങളില്‍ പലതും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെതായിരുന്നു. അതില്‍ ഒരു സംഭവം എന്നെ വല്ലാതെ വേട്ടയാടി. 2010-ല്‍ കല്ലേരിയിലെ ഒരു പെട്രോള്‍പമ്പിന് 500 മീറ്റര്‍ അകലെ 12 നും 15 നും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. അവള്‍ സ്‌കൂള്‍ യൂണിഫോം ധരിച്ചിരുന്നു, അവളുടെ പാവാടയും അടിവസ്ത്രവും കാണാനില്ല, ലൈംഗികാതിക്രമത്തിന്റെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെയും പാടുകള്‍ ഉണ്ടായിരുന്നു. ഒരു കുഴി കുഴിച്ച് സ്‌കൂള്‍ ബാഗിനൊപ്പം കുഴിച്ചിടാന്‍ എന്നോട് ആവശ്യപ്പെട്ടു. മറ്റൊരു കേസില്‍, 20 വയസ്സുള്ള ഒരു സ്ത്രീയുടെ മുഖം ആസിഡ് ഒഴിച്ച് കത്തിച്ച നിലയിലായിരുന്നു. ആ മൃതദേഹം കുഴിച്ചുമൂടാന്‍ എന്നോട് ആവശ്യപ്പെട്ടു. ധര്‍മ്മസ്ഥല പ്രദേശത്ത് വീടില്ലാത്തവരെയും യാചകരെയും കൊലപ്പെടുത്തിയതിന് ഞാന്‍ സാക്ഷിയായിരുന്നു. നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ എന്നെ നിര്‍ബന്ധിച്ചു, അവയില്‍ ചിലത് കത്തിച്ചു'- അദ്ദേഹം പറഞ്ഞു.

'2014-ല്‍, എന്റെ കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ ഒരാളെ എന്റെ സൂപ്പര്‍വൈസറിന് അറിയാവുന്ന ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചു. ഇതിന് പിന്നാലെ ഞങ്ങള്‍ ധര്‍മസ്ഥലയില്‍ നിന്നും രക്ഷപ്പെട്ടു. അയല്‍ സംസ്ഥാനത്ത് താമസിക്കുന്ന ഞങ്ങള്‍ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെയും ഇടയ്ക്കിടെ വീട് മാറിയുമാണ് താമസിക്കുന്നത്. മരിച്ചവരെയും കൊലപാതകികളെ കണ്ടെത്തുകയുമാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ എന്നെ പ്രേരിപ്പിച്ചത്. അടുത്തിടെ ഞാന്‍ ധര്‍മസ്ഥലയില്‍ പോയി ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഫോട്ടോ സഹിതം പൊലീസ് നല്‍കിയിട്ടുണ്ട്. പൊലീസുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

'പ്രതികള്‍ ധര്‍മ്മസ്ഥല ക്ഷേത്ര ഭരണസമിതിയുമായും മറ്റ് ജീവനക്കാരുമായും ബന്ധപ്പെട്ടവരാണ്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു. പ്രതികള്‍ വളരെ സ്വാധീനമുള്ളവരാണ്, അവരെ എതിര്‍ക്കുന്നവരെ അവര്‍ കൊലപ്പെടുത്തും. എനിക്കും എന്റെ കുടുംബത്തിനും സംരക്ഷണം ലഭിച്ചുകഴിഞ്ഞാല്‍ അവരുടെ പേരുകളും അവരുടെ പങ്കും വെളിപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്, നുണപരിശോധനയ്ക്ക് വിധേയനാകാനും ഞാന്‍ തയ്യാറാണ്'- അദ്ദേഹം പറഞ്ഞു.