ര്‍മസ്ഥല മഞ്ജുനാഥക്ഷേത്രത്തിന്റെ പരിസരത്തായി ബലാല്‍സംഗം ചെയ്യപ്പെട്ട നിലയിലും കൈകാല്‍ വെട്ടിയ നിലയിലും, കണ്ടെത്തിയ നൂറോളം മൃതദേഹങ്ങള്‍ മറവുചെയ്തുവെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ ഭാഗമായി ഉണ്ടായ അന്വേഷണത്തിലെ രണ്ടാം ദിന കുഴിച്ചിലിലും മൃതദേഹ അവിഷ്ടങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളിയുടെ സാനിധ്യത്തിലാണ് കുഴിക്കല്‍ നടക്കുന്നത്. സൈറ്റ് നമ്പര്‍ 1, 2,3 എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പരിശോധന നടത്തിയത്. ഇനി 13 ഇടങ്ങളില്‍ കൂടി പരിശോധന നടക്കാനുണ്ട്.

അതേസമയം, 2003-ല്‍ ധര്‍മ്മസ്ഥലയില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അനന്യ ഭട്ടിന്റെ അമ്മ സുജാത ഭട്ടിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ എന്‍ മഞ്ജുനാഥ്, പുറത്തിറക്കിയ ഒരു വാര്‍ത്തകുറിപ്പ് എറെ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചു. നേത്രാവതി തീരത്തെ ഖനന സ്ഥലങ്ങളിലൊന്നില്‍ നിന്ന് കീറിയ ചുവന്ന ബ്ലൗസ്, പാന്‍ കാര്‍ഡ്, രണ്ട് എടിഎം കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വസ്തുക്കള്‍ കണ്ടെടുത്തതായാണ് മഞ്ജുനാഥ് പത്രക്കുറിപ്പ് ഇറക്കിയത്. രണ്ട് എടിഎം കാര്‍ഡുകളില്‍ ഒന്നില്‍ പുരുഷ നാമവും മറ്റൊന്ന് ലക്ഷ്മി എന്ന സ്ത്രീ നാമവുമാണെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ ഇതുവരെ അത്തരം വീണ്ടെടുക്കലുകളൊന്നും നടന്നിട്ടില്ല എന്ന് പറഞ്ഞ് എസ്‌ഐടി വൃത്തങ്ങള്‍ ഇത് നിഷേധിച്ചു. സൈറ്റ് നമ്പര്‍ 1 ല്‍ ഏകദേശം 2.5 അടി താഴ്ചയില്‍ നിന്ന് കീറിയ ചുവന്ന ബ്ലൗസ്, ഒരു പാന്‍ കാര്‍ഡ്, ഒരു എടിഎം കാര്‍ഡ് എന്നിവ കണ്ടെടുത്തതായി സ്ഥിരീകരിച്ചുവെന്നായിരുന്നു മഞ്ജുനാഥിന്റെ പ്രസ്താവന. ഇപ്പോള്‍ കൂടുതല്‍ ആഴത്തില്‍ പത്തടി താഴ്ചയിലേക്കാണ് കുഴിക്കുന്നത്. ഇത് എസ്.ഐ.ടിയുടെ 'പ്രൊഫഷണല്‍ പ്രതിബദ്ധതയുടെ' അടയാളമാണെന്നും മഞ്ജുനാഥ് പ്രശംസിക്കുന്നുണ്ട്. എസ്ഐടിയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറയുന്നു.

13 ഇടങ്ങളില്‍ പരിശോധന

മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറയുന്ന നേത്രാവതി നദിക്കര 13 ഭാഗങ്ങളാക്കി തിരിച്ചാണ് പരിശോധന നടത്തുന്നത്. ശുചീകരണ തൊഴിലാളിയുടെ മൊഴി അനുസരിച്ച്, സൈറ്റ് നമ്പര്‍ 1ലും, 2ലും, 3ലും രണ്ടുവീതം മൃതദേഹങ്ങളുണ്ട്. സൈറ്റ് നമ്പര്‍ 4 ഉം 5 ഉം സൈറ്റുകളില്‍ ഒരുമിച്ച് 6 മൃതദേഹങ്ങളുണ്ട്, 6, 7, 8 സൈറ്റുകളില്‍ ആകെ 8 മൃതദേഹങ്ങളുണ്ട്, സൈറ്റ് നമ്പര്‍ 9 ല്‍ 6 മുതല്‍ 7 വരെ മൃതദേഹങ്ങളുണ്ട്, സൈറ്റ് നമ്പര്‍ 10 ല്‍ 3 മൃതദേഹങ്ങളുണ്ട്, സൈറ്റ് നമ്പര്‍ 11 ല്‍ 9 മൃതദേഹങ്ങളുണ്ട്. സൈറ്റ് നമ്പര്‍ 12ല്‍ നാലോ അഞ്ചോ വരെ മൃതദേഹങ്ങളുണ്ട്. സൈറ്റ് നമ്പര്‍ 13ല്‍ ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ ആദ്യമൂന്ന് സൈറ്റില്‍ കുഴിച്ചിട്ടും ഒന്നും കിട്ടിയില്ല.

ഹിന്ദുമത ആചാരപ്രകാരം കര്‍മ്മം ചെയ്യാന്‍ തന്റെ മകളുടെ അസ്ഥിയെങ്കിലും തിരിച്ചുതരണം എന്ന ആവശ്യവുമായാണ്, സുജാത ഭട്ട് ധര്‍മ്മസ്ഥലയില്‍ എത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ പത്മനാഭനഗര്‍ നിവാസിയും, സിബിഐ യില്‍ നിന്ന് വിരമിച്ച സ്റ്റെനോഗ്രാഫറുമാണ് സുജാത ഭട്ട്. 2003-ല്‍, മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ മകള്‍ അനന്യ, സുഹൃത്തുക്കള്‍ക്കൊപ്പമാണ് ധര്‍മ്മസ്ഥല ക്ഷേത്രത്തിലേക്ക് യാത്ര പോയത്. പിന്നെ കുട്ടിയുടെ വിവരമൊന്നുമില്ല. സഹപാഠിയായ രശ്മിയില്‍ നിന്ന് സുജാതയ്ക്ക് ഫോള്‍കോള്‍ വരുമ്പോഴാണ് അനന്യയെ കാണാനില്ലെന്ന വിവരം അമ്മ സുജാത അറിയുന്നത്. കോളേജ് ഹോസ്റ്റലുമായി ബന്ധപ്പെട്ടപ്പോള്‍, രണ്ടോ മൂന്നോ ദിവസമായി അനന്യയെ കാണാനില്ലെന്ന് അവരും പറഞ്ഞു.

കൊല്‍ക്കത്തയില്‍ നിന്ന് ധര്‍മ്മസ്ഥലയിലേക്ക് ഓടിയെത്തിയ സുജാത, മകളുടെ ഫോട്ടോ നാട്ടുകാര്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും കാണിച്ചുകൊടുത്ത് അന്വേഷണം ആരംഭിച്ചു. അനന്യയുടെ വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു യുവതിയെ ക്ഷേത്ര ജീവനക്കാര്‍ അകമ്പടി സേവിക്കുന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടതായി നിരവധി നാട്ടുകാര്‍ അവരോട് പറഞ്ഞു. പക്ഷേ, ബെല്‍ത്തങ്ങാടി പോലീസ് അതൊന്നും അംഗീകരിച്ചില്ല. 'എന്റെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയും മകള്‍ ഒളിച്ചോടിയതായി ആരോപിക്കുകയും ചെയ്തു. എന്നെ അധിക്ഷേപിച്ചാണ് അവര്‍ സ്റ്റേഷനില്‍ നിന്ന് പുറത്താക്കിയത്''- സുജാത് ഭട്ട് മാധ്യമങ്ങളോട് പറയുന്നു. തുടര്‍ന്ന് സുജാത ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഗഡെയെ സമീപിച്ചു. പക്ഷേ ഫലമുണ്ടായില്ല. പക്ഷേ തുടര്‍ന്ന് അതിഭീകരമായ അനുഭവമാണ് ആ അമ്മക്ക് ഉണ്ടായത്. ആ രാത്രിയില്‍, നിരാശയോടെ ക്ഷേത്രത്തിന് പുറത്ത് ഇരിക്കുമ്പോള്‍, വെള്ള വസ്ത്രം ധരിച്ച ചില പുരുഷന്മാര്‍ തങ്ങള്‍ക്ക് ചില വിവരം ഉണ്ടെന്ന് അവകാശപ്പെട്ട് അവരെ കൂട്ടിക്കൊണ്ടുപോയി.

സുജാതയെ കെട്ടിയിട്ട് വായ മൂടിക്കെട്ടി, ക്ഷേത്രത്തിനടുത്തുള്ള ഒരു ഇരുണ്ട മുറിയില്‍ രാത്രി മുഴുവന്‍ തടങ്കലില്‍ വച്ചു. 'മിണ്ടാതിരിക്കാന്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തി, ആക്രമിച്ചു, ഒടുവില്‍ എന്റെ തലയില്‍ അടിച്ചു''- സുജാത പറഞ്ഞു. അതോടെ അവരുടെ ബോധം പോയി. മൂന്ന് മാസത്തോളം സുജാത കോമയില്‍ തുടര്‍ന്നു. ഓര്‍മ്മവരുമ്പോള്‍ ബംഗളൂരുവിലെ ഒരു ആശുപത്രിയിലാണ്. എങ്ങനെ അവിടെ എത്തിയെന്ന് ഓര്‍മ്മയില്ലായിരുന്നു. ഐഡി, ബാങ്ക് രേഖകള്‍, സ്വകാര്യ വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു. ആ ആക്രമണത്തില്‍ അവളുടെ തലയില്‍ എട്ട് തുന്നലുകള്‍ വേണ്ടിവന്നു. സുജാതയെന്ന ഒറ്റയാളിന്റെ മൊഴിയില്‍ നിന്നുതന്നെ ക്ഷേത്ര ജീവനക്കാര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന് വ്യക്തമാണ്. ഇപ്പോള്‍, പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തന്റെ മകളുടെ ഒരു അസ്ഥിയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ആ അമ്മ ധര്‍മ്മസ്ഥലയില്‍ എത്തിയത്.

കാണാതായവര്‍ എവിടെ?

ഇതുവരെ മൃതദേഹ അവശിഷ്ടങ്ങള്‍ ഒന്നും കിട്ടാഞ്ഞതിനാല്‍, പരാതിക്കാരന്റെ മനോവിഭ്രാന്തിയാണ് ഇതെന്നും ഒരു വിഭാഗം ആരോപിക്കുന്നു. അപ്പോള്‍ കാണാതായവര്‍ എവിടെ എന്ന ചോദ്യമാണ് ബാക്കി.ബെല്‍ത്തങ്ങാടി ജില്ലയില്‍ മാത്രം നൂറോളം സ്ത്രീകളെ കാണാതായിട്ടുണ്ട്.

1980കള്‍ മുതല്‍ക്കു തന്നെ ധര്‍മ്മസ്ഥലയില്‍ ഇത്തരം കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കൊലപാതകങ്ങള്‍ക്കെതിരെ സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ നാല് പതിറ്റാണ്ടിലധികമായി നടന്നു വരുന്നുണ്ട്. 1987ല്‍ പത്മലത എന്ന 17കാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവവുമായി ബന്ധപ്പെട്ട് വലിയൊരു പ്രതിഷേധ പ്രകടനം നടന്നു. 2012ല്‍ സൗജന്യ എന്ന പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം കര്‍ണാടകത്തിലാകമാനം പ്രതിഷേധങ്ങളുയര്‍ത്തി. 2003ല്‍ അനന്യ ഭട്ട് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കാണാതായപ്പോഴും സമരങ്ങളും നിവേദനങ്ങളുമെല്ലാം ഉണ്ടായി.

ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റി അംഗം ജയന്ത് ടി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ അദ്ദേഹം വിവരിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. ശ്രീ ധര്‍മ്മസ്ഥല മഞ്ജുനാഥേശ്വര കോളേജിലെ വേദവല്ലി എന്ന ടീച്ചറെ തീ കൊളുത്തി കൊന്ന സംഭവവും അത് കണ്ട അവരുടെ കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവവുമെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു. യമുന, പത്മലത തുടങ്ങിയ നിരവധി പേരുകള്‍ക്കൊപ്പം പേരറിയാത്ത നൂറുകണക്കിനാളുകളുടെ ശവപ്പറമ്പാണ് ധര്‍മ്മസ്ഥല എന്നാണ് ജയന്ത് ടി പറയുന്നത്. എത്രപേര്‍ കൊല്ലപ്പെട്ടിരിക്കും എന്ന ചോദ്യത്തിന് ആയിരമോ രണ്ടായിരമോ ഉണ്ടായിരിക്കും എന്നാണ് ജയന്തിന്റെ മറുപടി. പേടി കാരണം പല പൊലീസ് ഉദ്യോഗസ്ഥരും ധര്‍മ്മസ്ഥല കേസ് അന്വേഷിക്കുന്ന സംഘത്തില്‍നിന്നും മാറിക്കഴിഞ്ഞു. ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ വന്നിട്ടും നടപടിയെടുക്കാതെ പൊലീസ് കാലതാമസം വരുത്തി. ഇപ്പോള്‍ മൃതദേഹങ്ങള്‍ മാറ്റിയിരിക്കുമോ എന്നുവരെ സംശയമുണ്ട്.

പഴി കേരളാ മാധ്യമങ്ങള്‍ക്ക്

അതിനിടെ കേസില്‍ ആരോപിതനായ വീരേന്ദ്ര ഹെഗ്ഡെയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തുണ്ട്. ധര്‍മസ്ഥലയില്‍ കൊലപാതക പരമ്പര ആരോപണങ്ങളുടെ പിന്നില്‍ കേരള സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് കര്‍ണാടക പ്രതിപക്ഷ നേതാവ് ആര്‍ അശോക രംഗത്ത് വന്നത്. ക്ഷേത്രത്തെയും ധര്‍മ്മാധികാരിയെയും പരസ്യമായി പിന്തുണയ്ക്കുന്ന ഈ നിലപാട് കേസിനെ സ്വാധീനിക്കുമോയെന്ന ആശങ്കകളുയരുന്നുണ്ട്. ചില അദൃശ്യകൈകള്‍ പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് കൊണ്ടുവരാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അശോക ആരോപിച്ചു. പരാതിയുമായി രംഗത്ത് വന്നയാള്‍ മുസ്ലിം ആണെന്നും ഇതിന് പിന്നില്‍ കേരള സര്‍ക്കാരാണെന്നും ബിജെപി നേതാവായ അശോക ആരോപിച്ചു.

ആര്‍ അശോകയുടെ ഈ വാദത്തിന് പിന്നിലെ ഉദ്ദേശം ഈ കേസ് പിന്തുടരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നുണ്ട്. ധര്‍മ്മസ്ഥല വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മംഗളൂരുവില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇത് പൊതുവേ ആശങ്കയുണ്ടാക്കിട്ടുണ്ട്. അതിനെ തുടര്‍ന്നാണ് ആര്‍ അശോക ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത്. കര്‍ണാടകയിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാരും പ്രതിപക്ഷമായ ബിജെപിയും ധര്‍മ്മസ്ഥലയുടെ അധികാരികളെയാണ് പിന്തുണയ്ക്കുത്

ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്.

1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നല്‍കിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.