- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമമമാലിനിയെ കെട്ടിപ്പിടിക്കേണ്ട രംഗങ്ങളില്‍ മന:പൂര്‍വം തെറ്റുവരുത്തും; റീടേക്കിനായി തെറ്റുവരുത്താന്‍ ലൈറ്റ് ബോയ്സിനും സ്‌പോട്ട് ബോയ്സിനും കൈക്കൂലി; ഓഫ് സ്‌ക്രീനിലെ പ്രണയം ഓണ്സ്ക്രീനിലേക്കും പടര്‍ന്ന 'ഷോലെ'യിലെ പ്രണയകാലം; 'വീരുവിന്' ധര്‍മേന്ദ്ര വാങ്ങിയ പ്രതിഫലം 1.5 ലക്ഷം; ഇതിഹാസ നടന് വിടവാങ്ങുന്നത് 'ഷോലെ'യ്ക്ക് അമ്പത് വയസ്സ് തികഞ്ഞതിന് പിന്നാലെ
ഇതിഹാസ നടന് വിടവാങ്ങുന്നത് 'ഷോലെ'യ്ക്ക് അമ്പത് വയസ്സ് തികഞ്ഞതിന് പിന്നാലെ
മുംബൈ: ഇന്ത്യന്‍ സിനിമയെ 'ഷോലെ'യ്ക്ക് മുമ്പും, ഷോലെയ്ക്ക് ശേഷവും എന്ന് അനായാസം വേര്‍തിരിക്കാം. അതുവരെയുള്ള സിനിമാ സങ്കല്‍പ്പങ്ങളെയെല്ലാം മാറ്റിമറിച്ച ചിത്രമായിരുന്നു ഷോലെ. ബോക്‌സ് ഓഫീസിന്റെ സകല അതിരുകളേയും തകര്‍ത്ത ഷോലെ തുറന്നിട്ട മാര്‍ക്കറ്റിലാണ് പിന്നീട് ബോളിവുഡ് വളര്‍ന്ന് പന്തലിച്ചത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ആദ്യത്തെ മള്‍ട്ടിസ്റ്റാര്‍ ചിത്രമെന്ന ഖ്യാതിയും ഷോലെയ്ക്ക് അവകാശപ്പെട്ടതാണ്. 1975 ഓഗസ്റ്റ് 15 ന് വെള്ളിത്തിരയിലെത്തിയ രമേഷ് സിപ്പിയുടെ ദൃശ്യവിസ്മയത്തിന് ഈ വര്‍ഷം ഓഗസ്റ്റ് 15 നാണ് അമ്പത് വയസ്സ് പൂര്‍ത്തിയായത്.
ഓണ്‍ സ്‌ക്രീനില്‍ ഷോലെ പറഞ്ഞ എപ്പിക് പോലെ തന്നെ സംഭവബഹുലമായിരുന്നു ഷോലെയുടെ മേക്കിങും. ഷോലെയുടെ പിന്നാമ്പുറകഥകളിലേക്ക് പോയാല്‍ സിനിമയെ വെല്ലുന്ന കഥകള്‍ നമ്മളെ കാത്തിരിപ്പുണ്ട്. അതില്‍ പ്രധാനം ചിത്രത്തിലെ കാസ്റ്റിങ്ങിനെക്കുറിച്ചും ചിത്രത്തിലെ താരങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചുമാണ്. സിനിമയുടെ കാസ്റ്റിങ്ങായിരുന്നു മറ്റൊരു വലിയ കടമ്പ. 'ഷോലെ' വലിയ ക്യാന്‍വാസില്‍ വലിയ ബജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ സിനിമയാണ്. അതിനാല്‍ തന്നെ തുടക്കകാലമെന്ന നിലയില്‍ അമിതാബ് ബച്ചന് തനിച്ച് ഈ പ്രാജക്ട് ഷോള്‍ഡര്‍ ചെയ്യാന്‍ കഴിയണമെന്നില്ല. അങ്ങനെയാണ് അന്നത്തെ സൂപ്പര്‍താരങ്ങളായിരുന്ന ധര്‍മ്മേന്ദ്ര- സഞ്ജീവ് കുമാര്‍ ടീമിനെ മുന്നില്‍ നിര്‍ത്തിയും ഉപനായകനായി ബച്ചനെ അവതരിപ്പിച്ചുകൊണ്ടും ഒരു മള്‍ട്ടിസ്റ്റാര്‍ സിനിമയായി 'ഷോലെ'യെ രൂപകല്‍പ്പന ചെയ്തത്.
അന്ന് ഇന്ത്യന്‍ സിനിമയില്‍ ലഭിക്കാവുന്ന ഏറ്റവും താരമൂല്യമുളള നായിക എന്ന നിലയില്‍ ഹേമ മാലിനി ചിത്രത്തില്‍ ഹീറോയിനായി. ജയഭാദുരിക്കും മികച്ച വേഷം ലഭിച്ചു. അംജത് ഖാന്‍ അന്ന് അത്ര വലിയ താരപ്രഭാവമുളള നടനായിരുന്നില്ല. ഗബ്ബര്‍സിങ്ങിന്റെ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് ഡെന്‍സോങ്‌പെ എന്ന നടനെയായിരുന്നു.എന്നാല്‍ അദ്ദേഹത്തിന് ഇത്രയധികം ദിവസങ്ങള്‍ ഒരുമിച്ച് ഡേറ്റ് തരാനില്ലെന്ന് വന്നപ്പോള്‍ തിരക്കഥാകൃത്തുക്കള്‍ തന്നെയാണ് അംജദിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഉടന്‍ തന്നെ രമേഷ് സിപ്പി അദ്ദേഹത്തെ വരുത്തി ഓഡിഷന്‍ നടത്തി നോക്കി. ഗബ്ബര്‍സിങ്ങിന്റെ വേഷത്തില്‍ ഒരുങ്ങിയിറങ്ങിയ അംജദിനെ കണ്ട് ക്രൂ ഒന്നടങ്കം കയ്യടിച്ചു. ആദ്യത്തെ സീന്‍ കഴിഞ്ഞതും ആ കയ്യടി ആവര്‍ത്തിച്ചു. അംജദ് തന്നെ ഗബ്ബര്‍സിങ് എന്ന് എല്ലാവരും അംഗീകരിച്ചു.
പടം വന്‍ ഹിറ്റായെങ്കിലും സമാനമായ വിജയം ആവര്‍ത്തിക്കാന്‍ അതിന്റെ ശില്‍പ്പികള്‍ക്ക് പോലും പിന്നീട് കഴിഞ്ഞില്ല. ഹിന്ദി സിനിമയിലെ ഒന്നാം നമ്പര്‍ താരങ്ങളായിരുന്നതിനാല്‍ തന്നെ നായകന്‍മാര്‍ക്കും 'ഷോലെ' കൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടമുണ്ടായതായി അനുഭവപ്പെട്ടില്ല.എന്നാല്‍ അമിതാഭ് ബച്ചന്റെ സ്ഥിതി അതായിരുന്നില്ല. 'ഷോലെ' എന്ന ഒറ്റ സിനിമ അദ്ദേഹത്തിന്റെ തലവിധി മാറ്റിയെഴുതി. ഹിന്ദി സിനിമ കണ്ട എക്കാലത്തെയും വലിയ താരമായി ബച്ചന്‍ മാറി.അതിന് തുടക്കം കുറിച്ചത് 'ഷോലെ' ആണെന്ന കാര്യത്തില്‍ രണ്ട് പക്ഷമില്ല. അംജദ് ഖാനും വില്ലന്‍ വേഷങ്ങളില്‍ എതിരാളികള്‍ ഇല്ലാത്ത വിധം സ്വീകാര്യതയുളള നടനായി.
ധര്‍മേന്ദ്ര-ഹേമമാലിനി പ്രണയം
മറ്റൊന്ന് ധര്‍മ്മേന്ദ്രയുടേയും ഹേമ മാലിനിയുടേയും പ്രണയം. ബോളിവുഡിലെ ജനപ്രിയ ജോഡിയായിരുന്നു ഹേമയും ധര്‍മ്മേന്ദ്രയും. ഓണ്‍ സ്‌ക്രീനിലെ ആ ജോഡി ജീവിതത്തിലും പ്രണയിച്ചു തുടങ്ങുന്ന സമയത്താണ് രമേശ് സിപ്പി ഷോലെ ഒരുക്കുന്നത്. സിനിമയ്ക്ക് കൈ കൊടുക്കാന്‍ ധര്‍മ്മേന്ദ്രയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തന്റെ പ്രിയതമയെ എപ്പോഴും അടുത്ത് കാണുകയെന്നതില്‍ പരമൊരു പ്രതിഫലവും ധര്‍മ്മേന്ദ്ര മോഹിച്ചിരുന്നില്ല.
ഷോലെയുടെ ഒപ്പം തന്നെ ധര്‍മ്മേന്ദ്രയുടേയും ഹേമയുടേയും പ്രണയവും വളര്‍ന്നു. ഒരിടയ്ക്ക് ഹേമയെ കെട്ടിപ്പിടിക്കേണ്ടി വരുന്ന രംഗങ്ങളില്‍ ധര്‍മ്മേന്ദ്ര മനപ്പൂര്‍വ്വം തന്നെ തെറ്റുകള്‍ വരുത്തുമായിരുന്നു. ഷൂട്ടില്‍ എന്തെങ്കിലും അബദ്ധം കാണിച്ച് വീണ്ടും ഹേമയെ കെട്ടിപ്പിടിക്കുവാന്‍ വേണ്ടി അദ്ദേഹം ചില ലൈറ്റ് ബോയ്‌സിനേയും സ്‌പോട്ട് ബോയ്‌സിനേയുമൊക്കെ ഒരുക്കി നിര്‍ത്തിയിരുന്നു. ഓരോ തെറ്റിനും 20 മുതല്‍ 40 രൂപ വരെ അദ്ദേഹം കൈക്കൂലി നല്‍കിയിരുന്നു. അഭിനയിക്കുന്നതിനിടെ ധര്‍മ്മേന്ദ്ര നല്‍കുന്ന സിഗ്നലുകള്‍ മനസിലാക്കി സ്‌പോട്ട്‌ബോയ്‌സ് തെറ്റു വരുത്തും.
റിഫ്‌ളക്ടര്‍ നിലത്ത് വീഴ്ത്തുക, ട്രോളി നിന്നുപോയെന്ന് നടിക്കുക, മനപ്പൂര്‍വ്വം ഷൂട്ട് വൈകിപ്പിക്കുക, തുടങ്ങിയ പല വേലത്തരങ്ങളും സ്‌പോട്ട് ബോയ്‌സിനെക്കൊണ്ട് ധര്‍മ്മേന്ദ്ര ചെയ്യിപ്പിക്കുന്നുണ്ട്. അങ്ങനെ പല സ്‌പോട്ട് ബോയ്‌സുമാരും രണ്ടായിരം രൂപയിലധികം ധര്‍മ്മേന്ദ്രയില്‍ നിന്നും കൈക്കൂലി പറ്റിയതായാണ് അനുപമ ചോപ്ര തന്റെ പുസ്തകമായ 'ഷോലെ; മേക്കിംഗ് ഓഫ് എ ക്ലാസിക്കി'ല്‍ പറയുന്നത്.
ഹേമയും ധര്‍മ്മേന്ദ്രയും മാത്രമായിരുന്നില്ല ഷോലെ സെറ്റിലെ പ്രണയ ജോഡി. അമിതാഭ് ബച്ചനും ജയയും അക്കാലത്ത് കടുത്ത പ്രണയത്തിലായിരുന്നു. ഷോലെയുടെ ചിത്രീകരണത്തിന് തൊട്ടുമുമ്പാണ് അമിതാഭ് ബച്ചനും ജയയും വിവാഹിതരാകുന്നത്. ഷോലെയുടെ ചിത്രീകരണം ആരംഭിക്കുമ്പോഴേക്കും ജയ ബച്ചന്‍ ഗര്‍ഭിണിയായിരുന്നു.ഇതുകാരണം ചിത്രത്തിലെ ജയയുടെ മിക്ക രംഗങ്ങളും ചിത്രീകരിക്കുന്നതില്‍ രമേശ് സിപ്പിയും സംഘവും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയുണ്ടായതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
അക്കാലത്തെ ബിഗ്ബജറ്റ് ചിത്രം.. ഷോലെയിലെ പ്രതിഫലങ്ങള്‍ ഇങ്ങനെ
അക്കാലത്തെ ഏറ്റവും പണംമുടക്കിയ ചിത്രവും വാരിയ ചിത്രവും ഷോലെ തന്നെയാണ്.അതിനാല്‍ തന്നെ ചിത്രത്തിലെ പ്രധാന താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സമീപകാലത്ത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.3 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍, ഹേമ മാലിനി, അമിതാഭ് ബച്ചന്‍, ജയ ബാധുരി തുടങ്ങി വന്‍ താരനിരയായിരുന്നു അണിനിരന്നത്. ചിത്രത്തില്‍ ഏറ്റവും പ്രതിഫലം വാങ്ങിയത് അമിതാഭ് ബച്ചന്‍ ആയിരുന്നില്ല.മറിച്ച് ധര്‍മേന്ദ്ര ആയിരുന്നു.
ധര്‍മ്മേന്ദ്ര
1970-കളിലെ ഒരു ജനപ്രിയ നടനായിരുന്നു ധര്‍മ്മേന്ദ്ര. ഇന്ത്യയിലെ തന്നെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായിരുന്നു ധര്‍മ്മേന്ദ്ര.റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച് ഷോലെയിലെ വീരു എന്ന കഥാപാത്രം ചെയ്യാന്‍ ധര്‍മേന്ദ്ര വാങ്ങിയ പ്രതിഫലം 1.5 ലക്ഷം രൂപയാണ്.
സഞ്ജീവ് കുമാര്‍
താക്കൂര്‍ ബല്‍ദേവ് സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജീവ് കുമാറാണ് ഉയര്‍ന്ന പ്രതിഫലം വാങ്ങിയ രണ്ടാമത്തെ താരം. 1.25 ലക്ഷം രൂപയാണ് ഷെലെയെന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്.
അമിതാഭ് ബച്ചന്‍
1975-ല്‍ ഷോലെയില്‍ അഭിനയിക്കുമ്പോള്‍ അമിതാഭ് ബച്ചന്‍ താരപദവിയിലേക്ക് ഉയര്‍ന്നുവരുന്നതേയുള്ളു. 'ആഗ്രി യംഗ് മാന്‍' എന്ന് വിളിക്കപ്പെട്ടിരുന്ന ബച്ചന്‍ ഷോലെയില്‍ നിശബ്ദനായ ജയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആ വേഷത്തിന് അദ്ദേഹത്തിന് ഒരു ലക്ഷം രൂപ പ്രതിഫലമായി ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
അംജദ് ഖാന്‍
ബോളിവുഡ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതിഭാധനനായ വില്ലന്‍ വേഷമാണ് അംജദ് ഖാന്‍ ഷോലെയില്‍ അവതരിപ്പിച്ചത്. ഗബ്ബാര്‍ എന്ന വില്ലന്‍ വേഷത്തില്‍ അംജദ് ഖാന്‍ നിറഞ്ഞാടി. അദ്ദേഹത്തിന്റെ സംഭാഷണങ്ങളും ആക്ഷന്‍ രംഗങ്ങളും സ്‌ക്രീന്‍ പ്രസന്‍സും എല്ലാം സിനിമയില്‍ ഐക്കണിക് ആയിരുന്നു. ഈ വേഷം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ തന്നെ വഴിത്തിരിവായി. 50,000 രൂപയാണ് ഷോലെയിലെ അഭിനയത്തിന് അംജദ് ഖാന്‍ പ്രതിഫലം വാങ്ങിയത്.
ഹേമ മാലിനി
ഷോലെ സിനിമയിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രം ആയിരുന്നു ബസന്തി.നര്‍മ്മവും കഴിവുംകൊണ്ട് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഹേമ മാലിനി ഷോലെയുടെ ലോകം ഭരിച്ചു.ബസന്തി എന്ന കഥാപാത്രത്തിന് ഹേമ മാലിനിക്ക് അന്ന് ലഭിച്ച പ്രതിഫലം 75,000 രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
ജയ ബച്ചന്‍
വെള്ള വസ്ത്രം ധരിച്ച നിശബ്ദയായ വിധവ രാധയെന്ന കഥാപാത്രത്തെയാണ് ജയ ഭാദുരി ഷോലെയില്‍ അവതരിപ്പിച്ചത്.ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രണയിനിയും കൂടിയാണ് ജയ ബച്ചന്റെ രാധയെന്ന കഥാപാത്രം.ഷോലെയില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങിയ പ്രധാന അഭിനേതാക്കളില്‍ ഒരാളായിരുന്ന ജയ ബച്ചനെന്ന് റിപ്പോര്‍ട്ടുണ്ട്.35,000 രൂപയാണ് ജയ ബച്ചന്‍ അന്ന് പ്രതിഫലം വാങ്ങിയത്.
ഷോലെയിലെ കൗതുകങ്ങളും കാലത്തെ അതിജീവിച്ച ഗാനങ്ങളും
ഇന്ത്യന്‍ ജനതയുടെ സിനിമക്കാഴ്ചകളെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു ചിത്രവുമുണ്ടാകില്ല. റിലീസിന് അമ്പത് വര്‍ഷം ഇപ്പുറവും ഷോലെയെക്കുറിച്ച് സംസാരിക്കാന്‍ ആരാധകര്‍ക്ക് നൂറു നാവാണ്.ഇന്ത്യന്‍ സിനിമയുടെ സകലനടപ്പുരീതികളേയും പൊളിച്ച ഷോലെയുടെ സ്വാധീനം ഇന്നിറങ്ങുന്ന സിനിമകളില്‍ പോലും ഒളിഞ്ഞും തെളിഞ്ഞും കാണാം.ആക്ഷന്‍ ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുമ്പോഴും ഹൃദ്യമായ പ്രണയവും സിനിമ പറഞ്ഞു പോകുന്നുണ്ട്. ഈ പ്രണയം സിനിമയുമായി ബന്ധപ്പെട്ട ചിലരുടെ ജീവിതത്തിലേക്കും സംക്രമിച്ചു എന്നത് ഏറെ കൗതുക പ്രദമാണ്.
ചിത്രത്തിലെ നായകനായ ധര്‍മ്മേന്ദ്ര നായികയായ ഹേമമാലിനിലെ സിനിമ റിലീസ് ചെയ്ത് 5 വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതസഖിയാക്കി. എന്നാല്‍ ഇവര്‍ തമ്മിലുളള പ്രണയം അതിന്റെ തീവ്രതയിലെത്തിയത് 'ഷോലെ'യുടെ നിര്‍മ്മാണഘട്ടത്തിലാണ്. 'ഷോലെ'യില്‍ ഉപനായകനായിരുന്ന അമിതാഭ് ബച്ചനും നടി ജയഭാദുരിയും തമ്മിലുളള വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു സിനിമയുടെ ചിത്രീകരണം. ഇവരുടെ മധുവിധു ദിനങ്ങള്‍ കൂടിയായിരുന്നു 'ഷോലെ'യുടെ ഷൂട്ടിങ് കാലം. രണ്ടു വര്‍ഷത്തിലധികം നീണ്ട ചിത്രീകരണത്തിനിടെ ഗര്‍ഭിണിയായ ജയ, ശ്വേത എന്ന പെണ്‍കുട്ടിക്ക് ജന്മം നല്‍കി.
ഷൂട്ടിങ് അവസാനിച്ചപ്പോഴേക്കും അഭിഷേക് ബച്ചന്‍ ജയയുടെ ഉദരത്തിലുമായി.'ഷോലെ' അനുബന്ധ പ്രണയങ്ങള്‍ അവിടം കൊണ്ടും അവസാനിക്കുന്നില്ല. കര്‍ണ്ണാടകയിലെ രാമനഗരയിലെ രാമദേവരബെട്ടയിലാണ് സിനിമയുടെ സിംഹഭാഗവും ചിത്രീകരിച്ചത്. ഏറെക്കാലം നീണ്ട ചിത്രീകരണത്തിനിടില്‍ സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരില്‍ ചിലര്‍ ഗ്രാമത്തിലെ പെണ്‍കുട്ടികളുമായി പ്രണയത്തിലായി. സെറ്റില്‍ കാര്‍ ഓടിക്കാനെത്തിയ ശങ്കര്‍ ഗ്രാമീണയായ ശാന്തമ്മയെ പ്രണയിച്ച് വിവാഹം കഴിച്ചത് സിനിമയ്ക്കായി സെറ്റിട്ടിരുന്ന ക്ഷേത്രത്തില്‍ വച്ച്. അവര്‍ ഇപ്പോഴും മുംബൈയില്‍ സന്തുഷ്ട ദാമ്പത്യം നയിക്കുകയാണ്.
സിനിമയുടെ തിരിച്ചുവരവ് തന്നെയാണ് കൗതുങ്ങളിലെ ഏറ്റവും വലിയ കാഴ്്ച.ആദ്യത്തെ ദിനങ്ങളില്‍ തിയേറ്ററില്‍ ഒരു ചലനവും സൃഷ്ടിക്കാതിരുന്ന സിനിമ മൗത്ത്പബ്ലിസിറ്റിയിലൂടെ ഇന്ത്യന്‍ ബോക്സോഫീസും പിന്നാലെ സോവിയറ്റ് യൂണിയനില്‍ പോലും വിജയക്കൊടി പാറിച്ചു.ഇന്ത്യയില്‍ ട്രാഫിക്ക് ബ്ലോക്കുകള്‍ സൃഷ്ടിച്ചുകൊണ്ട് തിയറ്ററുകള്‍ക്ക് മുന്നില്‍ ആളുകള്‍ കാത്തു നിന്നു.പലരും അനവധി തവണ ആവര്‍ത്തിച്ചു കണ്ടു. രത്തന്‍ സിങ് എന്ന പഞ്ചാബി യുവാവ് 101 തവണ സിനിമ കണ്ടതായി അവകാശപ്പെട്ടത് വാര്‍ത്തയായിരുന്നു. 20 രൂപ വിലയുളള ടിക്കറ്റുകള്‍ പിന്നീട് കരിഞ്ചന്തയില്‍ 100 രൂപയ്ക്കും 200 രൂപയ്ക്കും വില്‍ക്കാന്‍ തുടങ്ങി. ടിക്കറ്റ് മറിച്ചു വിറ്റ സാധാരണക്കാരില്‍ ചിലര്‍ പിന്നീട് സമ്പന്നരായി.
ചിലര്‍ ടാക്‌സിക്കാര്‍ ഉടമകളായി.'ഷോലെ'യിലെ മികച്ച പ്രകടനത്തിന് ആര്‍ക്ക് ബഹുമതി കൊടുക്കണം എന്നതിനെ ചൊല്ലി ഫിലിം ഫെയര്‍ അവാര്‍ഡ് ജൂറി ദീര്‍ഘസമയം തര്‍ക്കിക്കുകയുണ്ടായതും മറ്റൊരു സംഭവമാണ്.ധര്‍മ്മേന്ദ്രക്കൊപ്പം സഞ്ജീവ്കുമാറും അമിതാഭ് ബച്ചനും പരിഗണിക്കപ്പെട്ടപ്പോള്‍ ചരിത്രത്തിലാദ്യമായി നെഗറ്റിവ് വേഷം ചെയ്ത അംജദ് ഖാന്റെ പേരും ചര്‍ച്ചയ്ക്ക് വന്നു.ആര്‍.ഡി.ബര്‍മ്മന്റെ മ്യൂസിക് സിനിമയുടെ ബില്‍ഡപ്പില്‍ വലിയ സംഭാവനകള്‍ നല്‍കി.7 ഗാനങ്ങള്‍ ഉണ്ടായിരുന്നു ഷോലെയില്‍. അതില്‍ ആര്‍.ഡി. ബര്‍മ്മന്‍ തന്നെ ആലപിച്ച 'മെഹബൂബ...മെഹബൂബ' എന്ന ഗാനം തകര്‍പ്പന്‍ ഹിറ്റായി. 'യെഹ് ദോസ്തി' അടക്കം എല്ലാ പാട്ടുകളും ആസ്വാദക മനസ്സ് നിറച്ചു.
1973 ല്‍ ചിത്രീകരണം ആരംഭിച്ച 'ഷോലെ' രണ്ട് വര്‍ഷക്കാലത്തെ ചിത്രീകരണത്തിനൊടുവില്‍ 1975 ലാണ് തിയറ്ററുകളില്‍ എത്തുന്നത്. ധര്‍മേന്ദ്ര വിടവാങ്ങുമ്പോള്‍ മറക്കാനാവാത്ത ഒന്ന് ഷോലെയുടെ പിന്നാമ്പുറ കഥകള്‍ തന്നെ.




