കൊല്ലം: അഞ്ചു പേരെ പുതു ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റി കോളേജ് വിദ്യാര്‍ഥി ധീരജ് ആര്‍.നായര്‍ (19) യാത്രയായി. മസ്തിഷ്‌ക മരണം സംഭവിച്ച ചടയമംഗലം അക്കോണം ജ്യോതിസ്സില്‍ ധീരജിന്റെ അവയവങ്ങളാണ് കുടുംബം ദാനം ചെയ്തത്. കാളേജില്‍ പോയി മടങ്ങും വഴി സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നു ചികിത്സയിലിരിക്കെയാണ് ധീരജിന്റെ മരണം.

ഇക്കഴിഞ്ഞ 14നു വൈകിട്ട് 3.30 ന് എംസി റോഡില്‍ ആയൂര്‍ ഇളവക്കോട് ജംക്ഷനിലായിരുന്നു ധീരജിന്റെ ജീവനെടുത്ത അപകടം. ആയൂര്‍ മാര്‍ത്തോമ്മാ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്നു ധീരജ്. ക്ലാസ് കഴിഞ്ഞു സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം. മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്നാണ് മകന്റെ അവയവങ്ങള്‍ ദാനം നല്‍കാന്‍ കുടുംബം സന്നദ്ധ അറിയിച്ചത്.

സാരമായി പരുക്കേറ്റ ധീരജിനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരിച്ചു. ധീരജിന്റെ ആറ് അവയവങ്ങള്‍ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 5 പേര്‍ക്കു നല്‍കും. 2 വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. ഇന്നു ഉച്ചയ്ക്കു 1.30 ന് മൃതദേഹം ആയൂര്‍ മാര്‍ത്തോമ്മാ കോളജില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം 3 ന് വീട്ടുവളപ്പില്‍. പിതാവ് രാജേഷ് കെ.ബാബു വെഞ്ഞാറംമൂട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറാണ്. മാതാവ്: ദീപ, സഹോദരി: സഞ്ജന.