കൊല്ലം: കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ അരങ്ങേറിയ അലുവ അതുല്‍ വധക്കേസിലെ പ്രതികള്‍ മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞത് പ്രമുഖ സിനിമാ നിര്‍മ്മാതാവിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലെന്ന് റിപ്പോര്‍ട്ട്. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, വിവാദ സ്വാമി സുനില്‍ സ്വാമി എന്നിവരുടെ ഉടമസ്ഥതയിലുള്ള വാളകത്തെ 'ശിവശ ഗ്രാനൈറ്റ്സ്' എന്ന ക്വാറിയിലാണ് കൊടുംക്രിമിനലുകള്‍ തമ്പടിച്ചിരുന്നത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ബ്ലാക്ക് വിഷ്ണു, എ. അനീര്‍, എസ്. ഹുസൈന്‍, ഷിനു പീറ്റര്‍ എന്നിവര്‍ മൂന്ന് മാസത്തിലേറെയായി ഈ ക്വാറിയില്‍ കഴിഞ്ഞിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും വിവരം പുറത്തുവിട്ടിരുന്നില്ല. കൊലയ്ക്ക് ഉപയോഗിച്ച വാഹനങ്ങള്‍ ദിവസങ്ങളോളം ഈ ക്വാറിയില്‍ പാര്‍ക്ക് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി പത്തിന് മുപ്പതോളം വരുന്ന ഗുണ്ടാസംഘം നാട്ടുകാരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതികളുടെ ക്വാറി ബന്ധം പരസ്യമായത്. ഈ ദൃശ്യങ്ങളില്‍ അതുല്‍ വധക്കേസിലെ പ്രതികളെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്.

നിഷേധിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍

അതേസമയം, തനിക്ക് ക്വാറിയില്‍ ഉടമസ്ഥാവകാശം ഉണ്ടെന്നത് സത്യമാണെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ പങ്കില്ലെന്നുമാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ വിശദീകരണം. ക്വാറിയിലെ ഗുണ്ടകളെക്കുറിച്ചോ കൊലപാതകത്തെക്കുറിച്ചോ തനിക്ക് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൃത്യമായ ആസൂത്രണം

ശനിയാഴ്ച രാവിലെ കരുനാഗപ്പള്ളി സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങിയ അതുലിനെ 17 മിനിറ്റിനുള്ളിലാണ് പ്രതികള്‍ വെട്ടിക്കൊന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം അതുല്‍ സ്റ്റേഷനില്‍ എത്തുന്ന വിവരം മുന്‍കൂട്ടി അറിഞ്ഞ പ്രതികള്‍, സ്റ്റേഷന് പുറത്ത് വിവിധയിടങ്ങളിലായി നിലയുറപ്പിച്ചാണ് കൃത്യം നടത്തിയത്.

കേസില്‍ ഇതുവരെ എട്ട് പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളില്‍ തന്നെ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. ക്വാറി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയെക്കുറിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്.

കേസില്‍ മുഴുവന്‍ പ്രതികളും രണ്ടുദിവസം മുമ്പ് പിടിയിലായിരുന്നു. നാലുപേരെ മുണ്ടക്കയത്ത് നിന്നുമാണ് പിടികൂടിയത്. നാലുപ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

നാലുപേരാണ് നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തതെങ്കിലും കാറില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നതായി സൂചന ലഭിച്ചിരുന്നു. മാത്രമല്ല സഹായം ചെയ്തവരും ഒട്ടേറെ ഉണ്ടെന്നും ഇവരെയൊക്കെ പല വിധത്തില്‍ അലുവ അതുല്‍ ഉപദ്രവിച്ചവര്‍ ആണെന്നുമാണ് നിഗമനം. കാപ്പ കേസുകളില്‍ ഉള്‍പ്പടെ പ്രതിയാണ് മരിച്ച അതുല്‍.

കരുനാഗപ്പള്ളി പുതിയകാവില്‍ വച്ചായിരുന്നു കൊലപാതകം. ജാമ്യത്തിലിറങ്ങിയ അതുല്‍ സ്റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങുമ്പോളാണ് വാഹനം ഇടിപ്പിച്ചിട്ട ശേഷം പ്രതികള്‍ അതുലിനെ കാറില്‍ നിന്ന് വലിച്ച് പുറത്തേക്കിട്ട് വെട്ടിക്കൊന്നത്. ഇടുപ്പിനും കാലുകള്‍ക്കും തലയ്ക്കും മാരകമായി വെട്ടേറ്റിരുന്നു