- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ വിഷയങ്ങളിലും ചോദ്യബാങ്ക് നിർബന്ധമാക്കും; ചോദ്യക്കടലാസ് തയ്യാറാക്കുന്നതിൽ അധ്യാപകർക്ക് സ്പെഷ്യൽ പരിശീലനം നൽകും; ചോദ്യബാങ്ക് മുൻകൂറായി പ്രസിദ്ധീകരിക്കും; ചോദ്യക്കടലാസ് ചോർച്ച തടയാൻ അടിമുടി പൊളിച്ചെഴുത്തുമായി 'വിദ്യാഭ്യാസവകുപ്പ്'; മാർഗരേഖ ഉടൻ; സ്കൂൾ പരീക്ഷയ്ക്ക് ഇനി 'ഡിജിറ്റൽ പൂട്ടിടു'മ്പോൾ!
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യസ വകുപ്പ് വലിയ പ്രതിസന്ധിയിലാണ്. സർക്കാരിന് കൂടി ഇതൊരു ബാധ്യത ആയതോടെ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിവാദം കുറച്ചുകൂടി മുറുകുകയാണ്. അതുകൊണ്ട് വിദ്യാർത്ഥികളുടെ നല്ല ഭാവി മുന്നിൽകണ്ട് സ്കൂൾ പരീക്ഷകൾ പൊളിച്ചെഴുതാൻ പോവുകയാണ്. ചോദ്യക്കടലാസ് ചോർച്ച വ്യാപകമായതോടെയാണ് അധികൃതർ വലിയ മാറ്റം നടപ്പിലാക്കാൻ തുനിയുന്നത്.
ഇപ്പോഴിതാ സ്‌കൂൾ പരീക്ഷയ്ക്ക് ഡിജിറ്റൽ പൂട്ടിടാൻ തീരുമാനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനായി ‘ഓട്ടോമേറ്റഡ് ക്വസ്റ്റ്യൻ പേപ്പർ ജനറേറ്റിങ് സിസ്റ്റം’ എന്ന പ്രത്യേക സോഫ്റ്റ്‌വേർ തയ്യാറാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ചോദ്യക്കടലാസ് ചോർച്ച അന്വേഷിക്കുന്ന സമിതിയോട് പരീക്ഷ പരിഷ്‌കരിക്കാനുള്ള ശുപാർശനൽകാൻ ഇതിനോടകം നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനായി എസ്.സി.ഇ.ആർ.ടി.യും മാർഗരേഖ തയ്യാറാക്കും. ഇതുരണ്ടും പരിഗണിച്ച് സ്‌കൂൾ പരീക്ഷ സമഗ്രമായി പൊളിച്ചെഴുതാനാണ് വിദ്യാഭ്യാസവകുപ്പ് ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്.
യു.പി. സ്‌കൂൾതലംമുതൽ ഹയർ സെക്കൻഡറിവരെയുള്ള ക്ലാസുകളിലാണ് പരിഷ്‌കാരം നടപ്പിലാക്കാൻ പോകുന്നത്. പരീക്ഷാദിവസംമാത്രം ചോദ്യക്കടലാസ് ഡിജിറ്റലായി സ്‌കൂളുകൾക്ക് ലഭ്യമാക്കുന്ന തരത്തിലായിരിക്കും സോഫ്റ്റ്‌വേർ.
ചോദ്യക്കടലാസ് ലഭിക്കാൻ പ്രത്യേക സുരക്ഷാനമ്പർ ഉണ്ടാവും. പരീക്ഷയ്ക്ക് ഏതാനും മണിക്കൂറുകൾമുൻപുമാത്രം ലഭിക്കുന്ന ചോദ്യക്കടലാസ് സ്‌കൂൾ അധികൃതർ പ്രിന്റെടുത്ത് വിദ്യാർഥികൾക്ക് നിർബന്ധമായി നൽകുകയും വേണം.
അതുപോലെ തന്നെ എല്ലാ വിഷയങ്ങളിലും ചോദ്യബാങ്ക് നിർബന്ധമാക്കുമെന്നും അധികൃതർ അറിയിച്ചു. ചോദ്യക്കടലാസ് തയ്യാറാക്കുന്നതിൽ അധ്യാപകർക്ക് പരിശീലനം നൽകും. ഓരോ വിഷയത്തിലും ഒട്ടേറെ സെറ്റ് ചോദ്യങ്ങൾ തയ്യാറാക്കി ചോദ്യബാങ്കിലിടും. ഇതിൽ ഏതെങ്കിലുമൊന്നായിരിക്കും പരീക്ഷയ്ക്കുള്ള ചോദ്യാവലി. പല സെറ്റ് ചോദ്യക്കടലാസ് ഉള്ളതിനാൽ എല്ലാ സ്‌കൂളിലും ഒരേ വിഷയത്തിൽ ഒരേ ചോദ്യക്കടലാസ് ആയിരിക്കില്ല ലഭിക്കുക. ചോർച്ച തടയാൻ ഇത് വളരെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പരീക്ഷയെക്കുറിച്ച് ധാരണയുമുണ്ടാവാൻ ചോദ്യബാങ്ക് മുൻകൂറായി വിദ്യാർഥികൾക്ക് പ്രസിദ്ധീകരിക്കും. ചോദ്യക്കടലാസ് നിർമാണം, അച്ചടി, വിതരണം തുടങ്ങിയവയ്ക്കുള്ള സാമ്പത്തികഭാരം ഒഴിവാക്കാനും ഡിജിറ്റൽ പരീക്ഷാരീതി വളരെയധികം സഹായകരമാവും.
*ഇപ്പോഴത്തെ പരീക്ഷ രീതി എന്തെന്ന് പരിശോധിക്കാം..
ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ എസ്.എസ്.കെ. ശില്പശാല നടത്തി രണ്ടുസെറ്റ് ചോദ്യക്കടലാസ് തയ്യാറാക്കും. അതിലൊരെണ്ണം അച്ചടിച്ച് ബി.ആർ.സി.കളിലെത്തിക്കും. അവിടെനിന്നും സ്‌കൂളിലെത്തും. ഹൈസ്‌കൂളുകളിൽ ഡയറ്റുകൾ രണ്ടുസെറ്റ് ചോദ്യക്കടലാസ് തയ്യാറാക്കും. അതിലൊരെണ്ണം എസ്.എസ്.കെ. അച്ചടിച്ച് ബി.ആർ.സി. വഴി സ്‌കൂളിലെത്തിക്കും.
ഹയർ സെക്കൻഡറി മോഡൽ പരീക്ഷകളുടെ ചോദ്യക്കടലാസ് എസ്.സി.ഇ.ആർ.ടി. ശില്പശാല നടത്തി രണ്ടുസെറ്റ് തയ്യാറാക്കും. ഒരെണ്ണം രഹസ്യ പ്രസ്സിൽ അച്ചടിച്ച് ജില്ലാകേന്ദ്രങ്ങളിലെത്തിക്കും. അവിടെയെത്തി പ്രിൻസിപ്പൽമാർ ഏറ്റുവാങ്ങും.
പൊതുപരീക്ഷ: എസ്.സി.ഇ.ആർ.ടി.യുടെ മേൽനോട്ടത്തിൽ പ്ലസ്ടുവിന് അഞ്ചുസെറ്റും എസ്.എസ്.എൽ.സി.ക്ക് നാലുസെറ്റും ചോദ്യക്കടലാസ് തയ്യാറാക്കും. രഹസ്യമായി അച്ചടിച്ച് എസ്.എസ്.എൽ.സി.യുടേത് ഡി.ഇ.ഒ. ഓഫീസിലും പ്ലസ്ടുവിന്റേത് പരീക്ഷാകേന്ദ്രങ്ങളിലും എത്തിക്കും.
ഇതോടെ ചോദ്യപേപ്പർ ചോർച്ചയ്ക് ഒരു ഫുൾസ്റ്റോപ് ഇടാൻ സാധിക്കുമെന്നും പ്രതീക്ഷയുണ്ട്. വിദ്യാഭ്യസ വകുപ്പിന്റെ ഈ വലിയ പ്രതിസന്ധിയിൽ പെട്ടെന്ന് തന്നെ കരകയറുമെന്നും അധികൃതർ പറയുന്നു.