തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ പ്രമുഖ താരങ്ങളുടെ മൊഴികള്‍ പുറത്ത്. കോടതിയില്‍ മൊഴി മാറ്റിയത് നടന്‍ സിദ്ദിഖ് ഉള്‍പ്പടെ 21 സാക്ഷികളാണ്. ഭാമ, നാദിര്‍ഷ, ഇടവേള ബാബു എന്നിവരും കൂറുമാറിയെന്നാണ് റിപ്പോര്‍ട്ട്. പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ മാറ്റി പറയുകയായിരുന്നു. കേസില്‍ നിര്‍ണായകമാകേണ്ടിയിരുന്ന മൊഴികളാണ് സംഘം മാറ്റിപ്പറഞ്ഞത്. സിദ്ദിഖ് ഉള്‍പ്പെടെ മൊഴിമാറ്റിയത് എട്ടാം പ്രതി ദിലീപിന് അനുകൂലമായാണെന്നും റിപ്പോര്‍ട്ടുണ്ട്.

ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂര്‍വ്വ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് അമ്മ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ സിദ്ദിഖ് പൊലീസിന് മൊഴി നല്‍കിയിരുന്നു. കൊച്ചിയിലെ എഎംഎംഎ റിഹേഴ്സില്‍ ക്യാമ്പില്‍ ദിലീപ് ഈ കാര്യം തന്നോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ നേരില്‍ കണ്ടാല്‍ തല്ലുമെന്നും ദിലീപ് പറഞ്ഞു. പ്രശ്ന പരിഹാരത്തിന് താന്‍ ശ്രമിച്ചു. ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചിരുന്നുവെന്നും സിദ്ദിഖ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സിദ്ദിഖ് കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

നടി ബിന്ദു പണിക്കരും പൊലീസില്‍ പറഞ്ഞ മൊഴി മാറ്റി പറഞ്ഞിരുന്നു. കാവ്യമാധവന്‍ കരഞ്ഞു എന്നതുള്‍പ്പെടെ ബിന്ദു പണിക്കര്‍ പറയുന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂര്‍വ്വ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പറഞ്ഞ ബിന്ദു പണിക്കര്‍ കൊച്ചിയിലെ അമ്മ റിഹേഴ്സില്‍ ക്യാമ്പിലെ സംഭവങ്ങള്‍ വിശദീകരിച്ചിരുന്നു. പിന്നീട് ബിന്ദു പണിക്കര്‍ കോടതിയില്‍ സാക്ഷിമൊഴി മാറ്റി പറഞ്ഞു. ബിന്ദു പണിക്കര്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതെല്ലാം റിപ്പോര്‍ട്ടര്‍ ടിവിയുടെ വെളിപ്പെടുത്തല്‍.

തന്റെ റോളുകള്‍ ഒഴിവാക്കുന്നതായി ആക്രമിക്കപ്പെട്ട നടി പരാതി പറഞ്ഞിരുന്നുവെന്നും. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നു എന്നുമാണ് ഇടവേള ബാബു പൊലീസില്‍ നല്‍കിയ മൊഴി. പ്രധാന പ്രതികളായ പള്‍സര്‍ സുനി, വിഷ്ണു എന്നിവര്‍ വിളിച്ചിരുന്നുവെന്നാണ് നാദിര്‍ഷ നല്‍കിയ മൊഴി. ജയിലിനകത്ത് നിന്നാണ് പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ചത്. എന്നാല്‍ ഇദ്ദേഹവും കോടതിയിലെത്തിയപ്പോള്‍ മൊഴി മാറ്റി. പരസ്യമായി നാദിര്‍ഷാ മുമ്പ് പറഞ്ഞതാണ് ഇതെല്ലാം.

നടിയെ ആക്രമിച്ച സംഭവത്തില്‍ നിര്‍ണ്ണായക നിലപാട് എടുത്ത നടി ഹേമാ കമ്മറ്റിക്ക് മുമ്പില്‍ സിനിമയുടെ പീഡനങ്ങളെ കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്. ഈ നടിയും നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയാണ്. ഈ നടി വിചാരണ കോടതിയില്‍ മൊഴി മാറ്റിയോ എന്നത് വ്യക്തമല്ല. അതിനിടെ മൊഴി മാറ്റത്തില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി രംഗത്ത് എത്തി. താരങ്ങള്‍ മൊഴിമാറ്റിയത് ദിലീപിന്റെ സ്വാധീനത്തിലാണ്. അതിജീവിതക്കൊപ്പം നില്‍ക്കാതിരുന്ന സ്ത്രീകളെല്ലാം ഇന്ന് പുറത്തേക്ക് വരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

'നടിയെ പരിഹസിക്കാനാണ് അവര്‍ ശ്രമിച്ചത്. സത്യമുണ്ടെന്ന് മനസിലാക്കാന്‍ അവര്‍ വൈകിപ്പോയി. അതിജീവിതക്കൊപ്പം നില്‍ക്കാമെന്ന് ഒരു നടിയും പറഞ്ഞില്ല. മൊഴി മാറ്റിയെന്ന് മാത്രമല്ല നട്ടാല്‍ കുരുക്കാത്ത നുണയും പറഞ്ഞു. കൂടെ നിന്നിട്ട് കാര്യമില്ലെന്ന് മനസിലായപ്പോള്‍ പുറത്തേക്ക് വരുന്നു. കാലം അവരെ കൊണ്ട് മറുപടി പറയിപ്പിക്കും. എല്ലാവര്‍ക്കുമെതിരെയുള്ള സത്യങ്ങളും പുറത്തുവരും', ഭാഗ്യലക്ഷ്മി പറഞ്ഞു.