കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി വന്നു. വിഷയത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട് എന്ന് ആദ്യം വെളിപ്പെടുത്തിയത് നടി മഞ്ജുവാര്യരായിരുന്നു. ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വെളിപ്പെടുത്തല്‍. ഇതോടെയാണ് അന്വേഷണത്തിന്റെ ഗതി മാറുന്നത്. ഡ്രൈവറും സഹായിയും ഉള്‍പ്പെട്ട കേസിലേക്ക് വമ്പന്‍മാര്‍ പ്രതിപ്പട്ടികയിലെത്തിയ കാഴ്ചയാണ് പിന്നെ കേരളം കണ്ടത്. ദിലീപ് ജയിലിലുമായി. ഈ സംഭവത്തെയാണ് തനിക്കെതിരായ ഗൂഡാലോചനയായി ദിലീപ് ഇപ്പോള്‍ പറയുന്നത്.

2017 ഫെബ്രുവരി 17നാണ് മലയാളത്തിന്റെ മുന്‍നിര നായികമാരില്‍ ഒരാളായ ഒരു യുവനടി കാറിനുള്ളില്‍ ആക്രമിക്കപ്പെടുന്നത്. 17ന് രാത്രി തന്നെ നടി പൊലീസില്‍ പരാതിപ്പെട്ടു. 18ന് നടിയുടെ വാ?ഹനമോടിച്ചിരുന്ന ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി പൊലീസ് കസ്റ്റഡിയിലായി. പിന്നാലെ സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ പെരുമ്പാവൂര്‍ കോടനാട് സ്വദേശി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയാണ് മുഖ്യപ്രതിയെന്ന് വ്യക്തമാകുന്നു. ഫെബ്രുവരി 19,20,21 തിയതികളില്‍ ഓരോ ആളുകളായി അറസ്റ്റിലായി. ഫെബ്രിവരി 20നായിരുന്നു നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ കൊച്ചിയില്‍ പ്രതിഷേധയോഗം നടന്നത്. ഇതിന് ശേഷം ദിലീപ് മുഖ്യമന്ത്രിക്ക് ഒരു മെസേജ് അയക്കുകയും ചെയ്തു. 2017 ഫെബ്രുവരി 22ന് രാവിലെയാണ് ദിലീപ് പിണറായി വിജയന് ഫോണില്‍ നിന്ന് സന്ദേശം അയച്ചത് എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ''സര്‍, ദിലീപ് ഹിയര്‍, വല്ലാത്തൊരു മാനസിക അവസ്ഥയിലാണ് ഞാന്‍. ഒരു തെറ്റും ചെയ്യാതെ കഴിഞ്ഞ മൂന്നുനാലു ദിവസമായി അനുഭവിക്കുകയാ... സാറിന്റെ ഒറ്റയാളുടെ ധൈര്യത്തില്‍ മാത്രമാണ് ഞാന്‍ അന്ന് ഫിലിം അസോസിയേഷന്‍ കാര്യത്തില്‍ ഇറങ്ങിയത്. എനിക്കിപ്പോഴും സാറിലേ വിശ്വാസമുള്ളൂ''- ഇതായിരുന്നു സന്ദേശം. ഈ സന്ദേശം അയക്കുന്ന വേളയില്‍ ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിന്റെ പ്രതികളുടെ ചിത്രത്തിലുണ്ടായിരുന്നില്ല. ചില സന്ദേശം ഉന്നത പോലീസ് ഓഫീസര്‍മാര്‍ക്കും ദിലീപ് അയച്ചിരുന്നു. ഏപ്രില്‍ മാസത്തിലാണ് ദിലീപിന്റെ പേരും കേസില്‍ ഉയര്‍ന്നു കേട്ടത്. ജൂലൈയിലാണ് ദിലീപിനെ പോലീസ് ചോദ്യം ചെയ്തത്. പിന്നീട് അറസ്റ്റും നടന്നു.

പ്രതിഷേധ യോഗത്തിലെ മഞ്ജു വാര്യരുടെ വാക്കുകള്‍

'ഒരുപാട് സങ്കടത്തോടെയും അതിലേറെ രോഷത്തോടെയുമാണ് നമ്മള്‍ എല്ലാവരും ഇന്ന് ഇവിടെ വന്ന് ചേര്‍ന്നിരിക്കുന്നത്. വാക്കുകളില്‍ കൂടി പറയാന്‍ കഴിയുന്ന വികാരമാണ് ഇതെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തിനാണ് ഇങ്ങനെ ഒരു അനുഭവം വന്നിരിക്കുന്നത്. ഇന്നലെ അവളെ പോയി കണ്ടു. ഇത്തരമൊരു സാഹചര്യത്തെ അവള്‍ നേരിട്ട സമചിത്തതയെയും മനോധൈര്യത്തെയും കണ്ട് അത്ഭുതപ്പെട്ടു. അവളെക്കുറിച്ച് ഓര്‍ത്ത് അഭിമാനം. ഇനി ഒരു സ്ത്രീയ്ക്ക് പോലും ഇങ്ങനെ ഒരു അനുഭവം ഉണ്ടാവരുത് എന്നാണ് പ്രാര്‍ഥന. ഇവിടെയുള്ള ഞാനടക്കമുള്ള പലരെയും അര്‍ദ്ധരാത്രിയില്‍ സുരക്ഷിതമായി വീടുകളില്‍ കൊണ്ടുചെന്നുവിട്ടുള്ള ഡ്രൈവര്‍മാരുണ്ട്.

അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ?ഗൂഢാലോചനയാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കാനാണ് ഇവിടെ സാധിക്കുക. ഒരു സ്ത്രീ വീടിന് അകത്തും പുറത്തും പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹത ഒരു സ്ത്രീയ്ക്ക് ഉണ്ട്. ആ സന്ദേശം നല്‍കാനാണ് ഞാന്‍ ആ?ഗ്രഹിക്കുന്നത്'.

കോടതി തള്ളിയത് മഞ്ജുവിന്റെ ആരോപണം

നടിയെ ആക്രമിച്ച കേസില്‍ ഒന്നുമുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് വിധി പ്രസ്താവിച്ചത്. എട്ടാം പ്രതി നടന്‍ ദിലീപിനെ വെറുതെ വിട്ടു. ഇതോടെ പൊളിയുന്നത് മഞ്ജു പറഞ്ഞ ഗൂഡാലോചനാ വാദമാണ്. മുഖ്യമന്ത്രിക്ക് ദിലീപ് അയച്ച മെസേജും ഇതിനൊപ്പം ചര്‍ച്ചയാകുന്നു. പ്രതികളായ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലപ്രയോഗം, അന്യായ തടങ്കല്‍, തെളിവുനശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇതില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച ബലാത്സംഗക്കുറ്റം തെളിഞ്ഞു. എന്നാല്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി പറഞ്ഞു.

കേസില്‍ 261 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ 833 രേഖകള്‍ ഹാജരാക്കി. 68 രേഖകള്‍ ഫയലില്‍ സ്വീകരിച്ചു. 142 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി. സാക്ഷിവിസ്താരത്തിന് 438 ദിവസവും മറ്റു നടപടിക്രമങ്ങള്‍ക്കായി 294 ദിവസവുമെടുത്തു. ചലച്ചിത്രതാരങ്ങളെയടക്കം വിസ്തരിച്ചു. 28 പേര്‍ കൂറുമാറി. തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ, ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടത്. അക്രമികള്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി. പൊലീസിന്റെ അതിവേഗ അന്വേഷണത്തില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെ ഉടന്‍ പിടികൂടി. തുടര്‍ന്ന് ദിലീപിനെ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് എട്ടിനാണ് വിചാരണനടപടികള്‍ ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചു. ഡിവൈഎസ്പി ബൈജു പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.

ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 7,8,9,10 പ്രതികളെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് കോടതി ആദ്യഘട്ടത്തില്‍ വിധിപ്രസ്താവം നടത്തിയത്. അതിന് ശേഷമാണ് ഏഴുമുതലുള്ള പ്രതികളിലേക്ക് വന്നത്. ഏഴാം പ്രതിയായ ചാര്‍ലിയെ ആദ്യം വെറുതെവിട്ടു. പിന്നീട് ദിലീപിനെതിരേ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. വിധി പ്രസ്താവം കേട്ടയുടനെ തൊഴുതുനില്‍ക്കുന്ന ദിലീപിനെയാണ് കോടതിക്കുള്ളില്‍ കാണാനായത്. വലിയ ആശ്വാസത്തോടുകൂടിയാണ് ദിലീപ് പിന്നീടുള്ള വിധിപ്രസ്താവം കേട്ടത്. ദിലീപിന്റെ സഹോദരന്‍ അനൂപ് സമീപത്തു തന്നെയുണ്ടായിരുന്നു. ഈ കേസില്‍ യഥാര്‍ഥത്തില്‍ മൂന്നു കുറ്റപത്രങ്ങളാണുണ്ടായിരുന്നത്. ആദ്യത്തെ കുറ്റപത്രത്തിലാണ് ഏഴുപ്രതികള്‍ വന്നത്. പിന്നീടുള്ള രണ്ട് കുറ്റപത്രങ്ങളും കോടതി പൂര്‍ണമായും തള്ളി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

പിന്നാലെ ദിലീപ് കോടതിയില്‍ നിന്ന് പുറത്തേക്കിറങ്ങി. ''സര്‍വ്വശക്തനായ ദൈവത്തിന് നന്ദി, കോടിക്കണക്കിന് ജനങ്ങള്‍ക്ക് നന്ദി, ഒന്‍പത് കൊല്ലം പിന്തുണച്ച എല്ലാവര്‍ക്കും നന്ദി''- അഭിഭാഷകര്‍ക്കും ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പതിനൊന്നരയോടെ ദിലീപ് കോടതിയില്‍ നിന്ന് മടങ്ങി. ഈ പ്രതികരണത്തില്‍ മഞ്ജു വാര്യര്‍ക്കുള്ള മറുപടിയും ഉണ്ടായിരുന്നു.

വിധിക്ക് ശേഷം ദിലീപ് പറഞ്ഞത്

നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ നടി മഞ്ജു വാര്യര്‍ക്കും പോലീസിനുമെതിരേ ഗുരുതര ആരോപണവുമായി നടന്‍ ദിലീപ്. കേസില്‍ യഥാര്‍ഥ ഗൂഢാലോചന നടന്നത് തനിക്കെതിരേയാണെന്ന് ദിലീപ് കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മഞ്ജുവിന്റെ പ്രതികരണത്തിന് പിന്നാലെയാണ് തനിക്കെതിരേ ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥയും 'ക്രിമിനല്‍' പോലീസ് സംഘവും ചേര്‍ന്ന് കേസില്‍ തന്നെ പെടുത്തുകയായിരുന്നുവെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.

'കേസിലെ ക്രിമിനല്‍ ഗൂഢാലോചന ഉണ്ട്, ആ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഉയര്‍ന്ന ഒരു മേലുദ്യോഗസ്ഥയും അവര്‍ തിരഞ്ഞെടുത്ത ഒരു സംഘം ക്രിമിനല്‍ പോലീസുകാരും ചേര്‍ന്നാണ് ഇങ്ങനെ ഒരു നടപടി ഉണ്ടാക്കിയത്. അതിനായി കേസിലെ മുഖ്യപ്രതിയെ കൂട്ടുപിടിച്ച് ജയിലില്‍ ഉണ്ടായിരുന്ന കൂട്ടുപ്രതികളെയും കൂട്ടുപിടിച്ചിട്ട് പോലീസ് സംഘം ഒരു കള്ളക്കഥ മെനഞ്ഞെടുക്കുകയാണ് ചെയ്തത്. എന്നിട്ട് പോലീസ് സംഘം അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് കള്ളക്കഥ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു', എന്നായിരുന്നു ദിലീപിന്റെ വാക്കുകള്‍. 'ഇന്ന് കോടതിയില്‍ പോലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ തകരുകയാണ് ചെയ്തത്. കേസില്‍ യഥാര്‍ഥ ഗൂഢാലോചനയെന്ന് പറയുന്നത് എന്നെ പ്രതിയാക്കാനാണ്. എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്', ദിലീപ് കൂട്ടിച്ചേര്‍ത്തു.